ബെംഗളൂരു: വേദപുസ്തകത്തിലെ ദൈവം മനുഷ്യന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നവനാണെന്നു ഐപിസി ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രസ്താവിച്ചു. ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ഫെബ്രുവരി 16 മുതൽ നടന്നു വന്ന
ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐ പി സി ) കർണാടക സ്റ്റേറ്റ് 36-ാമത് വാർഷിക കൺവൻഷൻ്റെ സമാപന ദിന സംയുക്ത ആരാധനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയനിയമ ഭക്തന്മാരായ ശദ്രക്, മേശെക്, അബേദ്നെഗോ എന്നിവർ വിശ്വാസത്തിന്റെ പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോൾ അവിടുന്ന് അവരെ വിടുവിക്കാൻ തീച്ചൂളയിൽ ഇറങ്ങിവന്നതു ചരിത്രത്തിൽ ഇടപെടുന്ന ദൈവത്തെ വെളിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ ഡോ. വർഗീസ് ഫിലിപ്പ്, കിങ്സ് ലി ചെല്ലൻ എന്നിവരും പ്രസംഗിച്ചു. പാസ്റ്റർ കെ.എസ്.ജോസഫ് തിരുവത്താഴ ശുശ്രൂഷയ്ക്കു നേതൃത്വം വഹിച്ചു സമാപനം സന്ദേശം നൽകി. കെന്റക്കി യിലേതുപോലുള്ള ഉണർവ് ഭാരതത്തിൽ ഉണ്ടാകണമെന്നും അതിനായി ദൈവസഭ ആത്മാർഥമായി പ്രാർഥിക്കണമെന്നും സന്ദേശത്തിൽ പാസ്റ്റർ കെ. എസ്. ജോസഫ് പറഞ്ഞു.
നാലു ദിവസമായ് നടന്ന കൺവൻഷനിൽ ഐപിസി ദേശീയ പ്രസിഡൻ്റ് വൽസൻ ഏബ്രഹാം, വൈസ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൻ ജോസഫ്, ജോസ് മാത്യു, റ്റി.ഡി.തോമസ്, ഷിബു തോമസ് (ഒക്കലഹോമ), ഡോ. അലക്സ് ജോൺ, അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.
ഇവാ. റിനു തങ്കച്ചൻ്റെ നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിച്ചു. ശുശ്രൂഷക സമ്മേളനം, ഉപവാസ പ്രാർഥന, സോദരി സമാജം സമ്മേളനം, സെമിനാർ, പിവൈപിഎ- സൺഡേസ്ക്കൂൾ വാർഷിക സമ്മേളനം എന്നിവ നടത്തി.
അഞ്ച് പതിറ്റാണ്ടോളം സുവിശേഷ പ്രവർത്തനം നടത്തിയ മുതിർന്ന ശുശ്രൂഷകരായ പാസ്റ്റർ പോൾ വർക്കി, കെ. എസ്. ജോസഫ്, റ്റി. ഡി. തോമസ്, റ്റി.സിതോമസ് എന്നിവരെ ആദരിച്ചു. സമാപന ദിന സംയുക്ത ആരാധനയിൽ മൂവായിരത്തോളം വിശ്വാസികൾ പങ്കെടുത്തു.
ജനറൽ കൺവീനർ പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് , ജോയിൻ്റ് കൺവീനർമാരായ പാസ്റ്റർ സി. പി. സാം, ബ്രദർ സി. റ്റി. ജോസഫ്, എന്നിവർ നേതൃത്വം നൽകി.