ബെംഗളൂരു : മൈസൂരു ജില്ലയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ പുള്ളിപ്പുലിയെയും കടുവയെയും പിടികൂടാൻ തിരച്ചിൽ ആരംഭിച്ച് വനംവകുപ്പ്. മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര നരഭോജികളായ പുലിയെയും കടുവയെയും വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിർദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങൾ രൂപവത്കരിച്ചാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്.
2022 ഒക്ടോബർ 30 മുതൽ 2023 ജനുവരി 22 വരെയുള്ള മൂന്നുമാസത്തിനുള്ളിൽ മൈസൂരുവിലെ ടി. നർസിപുർ, എച്ച്.ഡി. കോട്ട താലൂക്കുകളിലായി കോളേജ് വിദ്യാർഥികളായ മഞ്ജുനാഥ് (20), മേഘ്‌ന (22), സ്കൂൾവിദ്യാർഥി ജയന്ത് (11), സിദ്ധമ്മ (60), ആദിവാസി യുവാവ് മഞ്ജു (18) എന്നിങ്ങനെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.
ഇവരിൽ മഞ്ജുനാഥിനെയും മേഘ്‌നയെയും കൊന്ന പുലിയെ ഒരുമാസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടി ബെംഗളൂരുവിലെ ബന്നാർഘട്ട മൃഗശാലയിലേക്ക് മാറ്റിയിരുന്നു. മറ്റുള്ളവരെ കൊന്ന പുലിക്കും കടുവയ്ക്കുമായാണ് ഇപ്പോൾ തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. മൂന്നുദിവസത്തിനിടെ മൂന്നുപേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംസ്ഥാന സർക്കാർ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. മൈസൂരുവിലെത്തിയ മുഖ്യമന്ത്രി ബൊമ്മെ വനംവകുപ്പ് ഉന്നതോദ്യോഗസ്ഥരിൽനിന്ന് റിപ്പോർട്ട് തേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.