ബെംഗളൂരു: ഭാര്യയില്‍ നിന്നുള്ള നിരന്തര ഗാര്‍ഹിക പീഡനത്തില്‍ സംരക്ഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഭര്‍ത്താവിന്‍റെ പരാതി. കര്‍ണാടക സ്വദേശിയായ യദുനന്ദന്‍ ആചാര്യയാണ് നിരന്തരമായി താന്‍ ഭാര്യയില്‍ നിന്ന് നേരിടുന്ന ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സഹായവും സംരക്ഷണവും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി നൽകിയത്. അതേസമയം അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നിയമപ്രകാരം പരാതിപ്പെടാനായിരുന്നു ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡിയുടെ പ്രതികരണം.
ആരെങ്കിലും എന്നെ സഹായിക്കാമോ എന്ന് ആവശ്യപ്പെട്ടുള്ള പരാതി യദുനന്ദന്‍ ആചാര്യ തന്‍റെ ട്വിറ്റര്‍ മുഖേനയാണ് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. “ഇത് സംഭവിച്ചപ്പോള്‍ ആരെങ്കിലും എന്നെ സഹായിക്കാനുണ്ടായിരുന്നോ? ഇല്ല, കാരണം ഞാന്‍ ഒരു പുരുഷനാണ്! എന്‍റെ ഭാര്യ എന്നെ കത്തി കൊണ്ട് ആക്രമിച്ചു. ഇതാണോ താങ്കള്‍ വാചാലമാകാറുള്ള നാരി ശക്തി? ഇതില്‍ എനിക്ക് അവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കാനാകുമോ?ഇല്ലല്ലേ!” യദുനന്ദന്‍ തന്‍റെ പരാതിയില്‍ കുറിച്ചു. മാത്രമല്ല, ഭാര്യ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് തന്‍റെ കൈയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുകയാണെന്നും അദ്ദേഹം പരാതിയില്‍ പറയുന്നുണ്ട്.
ട്വീറ്റിലൂടെയുള്ള ഈ പരാതിയില്‍ പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിനെയും ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡിയെയും യദുനന്ദന്‍ ടാഗ് ചെയ്‌തിട്ടുണ്ട്. എന്നാല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നിയമനടപടി സ്വീകരിക്കാനും പരാതി പരിഹരിക്കാനും പോലീസ് കമ്മിഷണര്‍ ട്വീറ്റിന് മറുപടി നല്‍കി. അതേസമയം പീഡനം നേരിടുന്ന ഭര്‍ത്താക്കന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് കാണിച്ച് വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ #metoo ടാഗുമായും രംഗത്തെത്തിയിട്ടുണ്ട്. ഇവയ്‌ക്ക് പുറമെ ലിംഗ പക്ഷപാതപരമായ നിയമങ്ങള്‍ക്കെതിരെ ന്യായ് പ്രയാസ് ഫൗണ്ടേഷനെയും പരാതിക്കാരന്‍ ടാഗ് ചെയ്‌തിട്ടുണ്ട്.
പോസ്റ്റ് വൈറൽ ആയതിനു പിന്നാലെ നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.