ബെംഗളൂരു: തലയറുത്തുമാറ്റിയ നിലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന പ്രതികാര കഥയാണ്.
തന്നെ ലൈംഗിക തൊഴിലിലേക്ക് തള്ളിവിട്ടവരെ യുവതിയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു. രാമനഗരയിലെ കുഡുര്‍ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ ഏഴിനാണ് മാണ്ഡ്യയിലെ അരകെരെ, കെ. ബെട്ടനഹള്ളി എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലൈംഗികത്തൊഴിലാളികളായ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരാണ് കൊല്ലപ്പെട്ടത്. ചന്ദ്രകലയുമായി അടുപ്പമുള്ളവരായിരുന്നു ഇരുവരും.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ; ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ലൈംഗികത്തൊഴിലാളിയായി പ്രവര്‍ത്തിക്കുകയായിരുന്നു ചന്ദ്രകല. ലൈംഗികവൃത്തിയിലേക്ക് ചന്ദ്രകലയെ തള്ളിവിട്ട സ്ത്രീകളെയെല്ലാം കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. ജൂണ്‍ അഞ്ചിന് സിദ്ധമ്മയെയും പാര്‍വതിയെയും ചന്ദ്രകല മൈസൂരുവിലെ മേട്ടഗള്ളിയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. പിറ്റേദിവസം രാത്രി ചന്ദ്രകലയും സിദ്ധലിംഗപ്പയും ചേര്‍ന്ന് ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയറത്തു.
പിന്നീട് തലയില്ലാത്ത മൃതദേഹങ്ങള്‍ ബൈക്കില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ബെംഗളൂരുവിലെ അഡുഗോഡിയിലെത്തി വാടക വീടെടുത്ത് സമാനരീതിയില്‍ അടുത്ത സ്ത്രീയെയും കൊലപ്പെടുത്തി. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് തുമകുരുവിലെത്തി വീട് വാടകയ്‌ക്കെടുത്ത് കഴിയുകയായിരുന്നു.
ബെംഗളൂരുവിലെ പീനിയയിലെ നിര്‍മാണക്കമ്പനിയിൽ തൊഴിലാളിയാണ് സിദ്ധലിംഗപ്പ. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തുമകുരുവിലെ ദാബാസ്‌പേട്ടില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. സമാനരീതിയില്‍ കൊലപ്പെടുത്താനുള്ള മറ്റ് അഞ്ചുസ്ത്രീകളുടെ പട്ടികകൂടി പ്രതികള്‍ തയ്യാറാക്കിയിരുന്നുവെന്ന് ദക്ഷിണമേഖലാ ഐ.ജി. പ്രവീണ്‍ മധുകര്‍ പവാര്‍ പറഞ്ഞു. ശ്രീരംഗപട്ടണ പോലീസ് സബ്-ഡിവിഷനു കീഴിലെ ഒമ്പത് പ്രത്യേക സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.