ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ജാമിഅ മസ്ജിദിന് പുറത്ത് ഹനുമാന് ചാലിസ ചൊല്ലുമെന്ന ഹിന്ദുത്വ സംഘടനകളുടെ വെല്ലുവിളിയെത്തുടര്‍ന്ന് പള്ളിയും പരിസരവും പോലിസ് നിരീക്ഷണത്തിൽ.
പള്ളിയുടെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ പ്രവർത്തകർ എന്നിവരാണ് ഭീഷണി മുഴക്കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കാന്‍ പള്ളിക്ക് സമീപം വന്‍ പോലിസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. ജാമിഅ മസ്ജിദിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു. പള്ളിക്ക് ചുറ്റും 400 പോലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
പള്ളിക്ക് പുറത്ത് പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ക്രമസമാധാന പാലനം ഉറപ്പുവരുത്താന്‍ സുരക്ഷാസേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നഗരത്തില്‍ ജില്ലാ ഭരണകൂടം കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ഇന്ന് രാവിലെ വരെയാണ് നഗരത്തില്‍ ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എന്‍ യതീഷ് അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീരംഗപട്ടണത്തില്‍ പോലീസ് മാര്‍ച്ച് നടത്തി. നഗരത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഫ്ളാഗ് മാര്‍ച്ച് നയിച്ച എസ്പി യതീഷ് പറഞ്ഞു.
ക്രമസമാധാന നില നിലനിര്‍ത്താന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പോലീസിന് നിര്‍ദേശം നല്കി. ജാമിഅ പള്ളിയുമായി ബന്ധപ്പെട്ടുള്ള സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ ഗ്യാന്‍വാപി പള്ളിയുടെ മാതൃകയില്‍ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയും ബജ്റംഗ്ദളും മെയ് 20ന് മാണ്ഡ്യ ജില്ലാ കമ്മീഷണറെ സമീപിച്ചിരുന്നു. പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് മുമ്പ് ഹനുമാന് ക്ഷേത്രമുണ്ടായിരുന്നെന്നും ഇത് പൊളിച്ചാണ് പള്ളി പണിതതെന്ന സ്ഥിരം അവകാശവാദങ്ങളുമായാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.
അതേസമയം, നഗരപരിധിക്കുള്ളില്‍ ഇത്തരം ഒത്തുചേരലുകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും എന്നാല്‍ നഗരപരിധിയ്ക്ക് പുറത്താണ് ഇവര്‍ അനുമതി ചോദിക്കുന്നതെന്നും മാണ്ഡ്യ ഡെപ്യൂട്ടി കലക്ടര്‍ എസ് അശ്വതി പറഞ്ഞു. ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് അവരുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കുന്നതിന് ജനാധിപത്യ രീതിയില്‍ ശബ്ദമുയര്‍ത്തുമെന്ന് ബജ്റംഗ്ദള്‍ നേതാവ് കല്ലഹള്ളി ബാലു പറഞ്ഞു. പോലീസ് ബലം പ്രയോഗിക്കുകയോ ലാത്തി ചാര്‍ജ് ചെയ്യുകയോ ചെയ്താല്‍ പിന്മാറില്ലെന്നും ബാലു പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.