ബെംഗളൂരു: കോവിഡ് -19 ന്റെ പുതിയ കേസുകൾ കുതിച്ചുയരുന്നത് തടയാനുള്ള കർശന നടപടികളെക്കുറിച്ച് തീരുമാനിക്കാൻ ചൊവ്വാഴ്ച വൈകുന്നേരം ചേരുന്ന നിർണായക യോഗത്തിന് മുന്നോടിയായി, സ്‌കൂളുകൾ അടച്ചുപൂട്ടുന്നതും വരാനിരിക്കുന്ന പരിപാടികൾ നടത്തുന്നതും ഉൾപ്പെടെ വിവിധ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി വിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ ചൊവ്വാഴ്ച വെളിപ്പെടുത്തി.
ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ നടത്തുന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് ബെംഗളൂരുവിൽ മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് ഡോ സുധാകർ പറഞ്ഞു. കർണാടക കോൺഗ്രസ് നടത്തുന്ന പദയാത്ര സർക്കാർ നിരോധിക്കുമോയെന്ന ചോദ്യത്തിന്, ഇത്തരം പരിപാടികളുടെ ഗുണദോഷങ്ങൾ ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ എന്ത് തീരുമാനമെടുത്താലും എല്ലാവരും അത് പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയൽ സംസ്ഥാനമായ തെലങ്കാന ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ ഇതിനകം സ്കൂളുകൾ അടച്ചുപൂട്ടിയിട്ടുണ്ടെന്നും ഡോ. സുധാകർ വെളിപ്പെടുത്തി, “സ്കൂളുകൾ അടച്ചുപൂട്ടുന്ന വിഷയവും ഞങ്ങളുടെ ചർച്ചയ്ക്കുള്ള അജണ്ടയുടെ പട്ടികയിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു . ചില കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ഇതിനകം ചർച്ച ചെയ്തിട്ടുണ്ടെന്നും, ഒടുവിൽ ആ കാര്യങ്ങൾ മറ്റുള്ളവരുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം യോഗത്തിൽ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ദിവസങ്ങൾക്ക് മുമ്പ് 0.04 ശതമാനമായിരുന്ന സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് തിങ്കളാഴ്ച 1.6 ശതമാനത്തിൽ എത്തിയതായി മന്ത്രി വെളിപ്പെടുത്തി.
തിങ്കളാഴ്‌ച മാത്രം 1,290 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്, അതിൽ 90 ശതമാനം കേസുകളും ബെംഗളൂരുവിൽ നിന്നാണ്. ഈ കുതിച്ചുചാട്ടത്തെ മൂന്നാമത്തെ തരംഗമായി കണക്കാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനി ബെംഗളൂരുവിൽ സമ്പൂർണ ലോക്ക്ഡൗൺ ആക്കുമോ എന്ന ചോദ്യത്തിന് ലോക്ക്ഡൗൺ എന്ന പദം ഉപയോഗിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നാണു മന്ത്രി മറുപടി പറഞ്ഞത്. വളരെ പ്രയാസപ്പെട്ടാണ് സാധാരണ നിലയിലേക്ക് മടങ്ങുന്നത് എന്നും ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കിയാൽ പലരുടെയും ഉപജീവനമാർഗത്തെ ബാധിക്കുമെന്നും, എന്നിരുന്നാലും ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ടുതന്നെ ഒന്നും രണ്ടും തരംഗത്തെ കൈകാര്യം ചെയ്തതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ചില നിർണായക തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.