ഒഴിഞ്ഞു പോയവരുടെ തിരിച്ചു വരവും കാത്ത് പി.ജി. ഉടമകൾ

ബെംഗളൂരു: കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ താമസക്കാർ വാടകവീടുകളും പി.ജി.കളും ഒഴിവാക്കി സ്വദേശത്തേക്ക് മടങ്ങിയതിനെത്തുടർന്ന് കനത്ത നഷ്ടമാണ് ഉടമകൾ നേരിടുന്നത്. വീട്ടുടമകളും പേയിങ് ഗസ്റ്റ് സ്ഥാപനമുടമകളും നഗരത്തിൽ ലോക്ഡൗൺ ഇളവു ലഭിച്ചതോടെ പുതിയ താമസക്കാരെ കണ്ടെത്താനുള്ള പ്രയത്നത്തിലാണ്.

വീടുകൾക്കുമുന്നിൽ ബോർഡുകൾ എഴുതിത്തൂക്കിയും സാമൂഹിക മാധ്യമങ്ങളിൽ പരസ്യംചെയ്തുമാണ് ഉടമകൾ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. 10 ശതമാനംവരെ വാടകയിൽ കിഴിവ് ലഭിക്കുമെന്ന് കാട്ടിയാണ് ഉടമകൾ പരസ്യങ്ങളിടുന്നത്.

പോഷകസമ്പുഷ്ടമായ ഭക്ഷണവും വാഗ്ദാനംചെയ്യുന്നുണ്ട്. നഗരത്തിൽ വീടുകൾക്കും പി.ജി.കൾക്കും വാടകയും കുത്തനെ കുറഞ്ഞു. നേരത്തെയുണ്ടായിരുന്നതിന്റെ 10 മുതൽ 15 ശതമാനംവരെയാണ് കുറവുണ്ടായത്. സെക്യൂരിറ്റിതുകയിലും വലിയ കുറുവുണ്ടായിട്ടുണ്ട്.

മറ്റു പ്രദേശങ്ങളിൽനിന്ന് താമസക്കാരെത്തുന്നതോടെ കോവിഡ് വ്യാപനം വീണ്ടും വർധിക്കുമെന്ന ആശങ്കയും ഉടമകൾക്കുണ്ട്. അതിനാൽ നിശ്ചിത ദിവസങ്ങളിൽ അണുനശീകരണം നടത്താനുള്ള സൗകര്യങ്ങളും പി.ജി. ഉടമകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഒന്നിച്ചിരുന്ന് ഭക്ഷണംകഴിക്കുന്ന സംവിധാനമുണ്ടായിരുന്ന പല പി.ജി.കളും ഇപ്പോൾ താമസക്കാരുടെ മുറികളിലേക്ക് വെവ്വേറെ ഭക്ഷണമെത്തിക്കുന്നതാണ് പതിവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us