ബെംഗളൂരു: ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവെച്ചു.
ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു. അല്ലാത്തപക്ഷം മദ്ധ്യവേനൽ അവധി കഴിഞ്ഞ് കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ബിനീഷ് കോടിയേരി ആറു മാസമായി ജയിലിലാണെന്ന് അഭിഭാഷകൻ കോടതിയെ ഓർമ്മിപ്പിച്ചുവെങ്കിലും കേസ് പരിഗണിക്കാതെ കോടതി പിരിയുകയായിരുന്നു.
ഇക്കാര്യം കോടതിയെ അഭിഭാഷകൻ അറിയിച്ചപ്പോൾ മയക്കുമരുന്ന് കേസിൽ ഇതിലും കൂടുതൽ കാലമായി ജയിലിൽ കിടക്കുന്നവർ ഉണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി.
മയക്കുമരുന്ന് കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ 29 നാണ് ബിനീഷ് അറസ്റ്റിലായത്. അന്ന് മുതൽ ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ബിനീഷ് കോടിയേരി. ഇതിനിടെ രണ്ട് തവണ ജാമ്യത്തിനായി ബിനീഷ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.
പിതാവ് കോടിയേരി ബാലകൃഷ്ണന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യം ആവശ്യപ്പെട്ടത്.