ബെംഗളൂരു: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടുന്നതായി റിപ്പോർട്ട്.
ഇന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കര്‍ണാടക നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതല്‍ തലപ്പാടിയില്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും വാഹനങ്ങള്‍ പരിശോധിക്കാതെയാണ് കടത്തിവിട്ടത്.
കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ദിവസേന വരാറുണ്ട്. അതിര്‍ത്തിയിലെ കര്‍ശനമായ പരിശോധന ആളുകളെ പ്രതിസന്ധിയിലാക്കുന്നതിനാൽ കേരളത്തില്‍ തെരഞ്ഞെടുപ്പടുക്കുന്ന വേളയില്‍ ബി.ജെ.പി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി കര്‍ശന പരിശോധനയില്‍ ഇളവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ കോടതിയില്‍ തിരിച്ചടി നേരിടുമെന്ന ആശങ്കയിലാണ് പരിശോധന ഒഴിവാക്കിയത് എന്നാണ് ലഭിക്കുന്ന മറ്റൊരു വിവരം. അതേസമയം, ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് സ്വദേശി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പുതുക്കി.
കേസ് ഇനി വെള്ളിയാഴ്ച്ച പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോഴെല്ലാം സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് കുഴപ്പമില്ല, റോഡ് മാര്‍ഗം പോകുന്ന സാധാരണക്കാരെ തടഞ്ഞുനിര്‍ത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്ന നടപടി യുക്തിക്ക് നിരക്കുന്നതല്ല എന്നാണ് കര്‍ണാടക ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചത്.
ഇതിനിടെ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയ വിഷയത്തില്‍ ഇടപെടുമെന്ന് ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍ പറഞ്ഞു.
അതിര്‍ത്തിയിലെ ജനങ്ങളെ നിബന്ധന ബാധിക്കരുത്. പരിശോധന രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമായി ചുരുക്കണമെന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ഇന്നു തന്നെ സംസാരിക്കുമെന്നും അശ്വത്ഥ് നാരായണ്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.