ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളിലും കരിനിഴൽ വീഴ്ത്തി കോവിഡ്

ബെംഗളൂരു: മൈസൂരു ദസറയുടെ ചരിത്രത്തിലെ അപൂർവതയായി ഇത്തവണ ആൾക്കൂട്ടമില്ലാത്ത ആഘോഷത്തിന് നഗരം സാക്ഷിയാകും. കോവിഡ് മഹാമാരി ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളിലും കരിനിഴൽ വീഴ്ത്തുകയാണ്.

മുക്കിലും മൂലയിലും മിന്നിത്തെളിയുന്ന ദീപങ്ങള്‍, നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന മൈസൂർ കൊട്ടാരം. ഒരിക്കലെങ്കിലും മൈസൂർ ദസറ കണ്ടവർക്ക് പിന്നെ അടങ്ങിയിരിക്കുവാനാവില്ല. അത്രയധികം കൊതിപ്പിക്കുന്ന കാഴ്ചകളാണ് ദസറക്കാലത്ത് മൈസൂർ ഒരുക്കാറുള്ളത്.

നാടും നഗരവും ദസറ ഉത്സവത്തിൽ അലിയമ്പോൾ അത് കാണാനും പകർത്തുവാനുമായി ലോകം തന്നെ ഇവിടെ എത്തും. ഈ പറയുന്നതിൽ അതിശയോക്തി ഒട്ടും കലർന്നിട്ടില്ല എന്ന് ഇവിടെ ദസറയിൽ ഒരുദിവസമെങ്കിലും പങ്കെടുത്തിട്ടുള്ളവർക്ക് അറിയാം.

ഇത്തവണ ഒരുദസറക്കാലംകൂടി ഈ ചരിത്രനഗരത്തിലേക്കെത്തുമ്പോൾ പക്ഷേ, ആഘോഷാരവങ്ങൾ ഓർമകളിലേക്കൊതുങ്ങും. പരമ്പരാഗതമായ ആചാരങ്ങൾക്ക് ഭംഗം വരാതെ ലളിതമായി ആഘോഷം നടത്താനാണ് തീരുമാനം.

ഗ്രാമീണ ദസറ, യുവദസറ, കുട്ടികളുടെ ദസറ, കർഷകരുടെ ദസറ, വനിതകളുടെ ദസറ, യോഗ ദസറ, നാടൻ കലാപ്രദർശനങ്ങൾ, കായികമേള, നാടക-സിനിമാ പ്രദർശനങ്ങൾ തുടങ്ങി പത്തുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളൊന്നും ഇക്കുറിയുണ്ടാകില്ല. കൊട്ടാരത്തിനകത്ത് നടക്കേണ്ട പൂജകളും മറ്റുചടങ്ങുകളും മാത്രമായി ദസറ ചുരുങ്ങും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കഥകൾ

നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. ‘ദശരാത്രി’കളിൽ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കഥകളാണ് വിജയദശമിയുമായി ബന്ധപ്പെട്ടുളളത്.

വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്. ദുർഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us