രാഗിണിയുടെയും സഞ്ജനയുടെയും ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: ലഹരിമരുന്നുകേസിൽ കന്നഡനടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുടെ ജാമ്യാപേക്ഷ ബെംഗളൂരു പ്രത്യേക കോടതി തള്ളി. ഇവർ പരപ്പന അഗ്രഹാര ജയിലിൽ തുടരും. ലഹരിമാഫിയകളുമായി രാഗിണിക്കും സഞ്ജനയ്ക്കും നേരിട്ട് ബന്ധമുണ്ടെന്നും ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

ലഹരിപ്പാർട്ടികളുടെ മറവിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും ഇതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുകയാണെന്നും കോടതിയെ ബോധിപ്പിച്ചു. ഇത് കണക്കിലെടുത്താണ് ജാമ്യം തള്ളിയത്.

ലഹരിമരുന്നുകേസിൽ അറസ്റ്റിലായ നടിമാരുൾപ്പെടെയുള്ള 13 പേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒന്നാംപ്രതി ശിവപ്രകാശ്, വിനയ് കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും തള്ളി.

വിദേശത്തുനിന്ന്‌ ലഹരിമരുന്നെത്തിച്ചതിന് അറസ്റ്റിലായ മൂന്ന് ആഫ്രിക്കൻ സ്വദേശികളിൽനിന്ന്‌ നടിമാർ ലഹരിമരുന്ന് വാങ്ങിയതിന്റെ തെളിവും ലഭിച്ചിരുന്നു. രാഗിണി സെപ്റ്റംബർ മൂന്നിനും സഞ്ജന എട്ടിനുമാണ് അറസ്റ്റിലാകുന്നത്.

രാഗിണിക്കും സഞ്ജനയ്ക്കും ലഹരി മാഫിയകളുമായി നേരിട്ട് ബന്ധമുണ്ടെന്നും ലഹരിമരുന്നുവിതരണത്തിലൂടെ ഇവർ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നുമാണ് സെൻട്രൽ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.

രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, സുഹൃത്തുക്കളായ രവിശങ്കർ, രാഹുൽ ഷെട്ടി, ലഹരിപ്പാർട്ടികൾ നടത്തിയ നിർമാതാവ് വിരൺ ഖന്ന, ബിസിനസുകാരായ വൈഭവ് ജെയിൻ, ആദിത്യ അഗർവാൾ എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

ഇവരിൽനിന്ന്‌ ഹവാല ഇടപാട് സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കേസിലെ പ്രധാന പ്രതിയും മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനും ബിസിനസുകാരനുമായ ആദിത്യ ആൽവയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ്.

അതിനിടെ, സിനിമാമേഖലയിലെ ഒരു ഫാഷൻ ഡിസൈനറെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യംചെയ്യുമെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് അറിയിച്ചു. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ സിനിമ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുണ്ടെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us