പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കണ്ടെയ്ന്‍മെന്റ് സോണിന് വെളിയിലുളള പരീക്ഷാ കേന്ദ്രങ്ങള്‍ മാത്രമേ അനുവദിക്കുകയുളളൂവെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളില്‍ വരാന്‍ പാടില്ല.

അത്തരം സാഹചര്യം കൊണ്ട് പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ സര്‍വകലാശാലകള്‍ അടക്കമുളള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തയ്യാറാവണമെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഇത് ഞായറാഴ്ച നടക്കുന്ന ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

– പരീക്ഷാ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ വിവിധ സമയങ്ങളിലായി പരീക്ഷ നടത്തുന്ന കാര്യം സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആലോചിക്കണം.

– സാമൂഹിക അകലം പാലിക്കുന്നതിന് പരീക്ഷാ ഹാളില്‍ ആവശ്യത്തിന് സ്ഥലം വേണം. ഇതനുസരിച്ച് യോജിച്ച രീതിയിലുളള ഇരിപ്പിട ക്രമീകരണം നടത്താന്‍ തയ്യാറാവണം.

– മുഖാവരണം, ഹാന്‍ഡ് സാനിറ്റൈസര്‍, സോപ്പ്, തുടങ്ങിയവ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉറപ്പുവരുത്തണം.

– പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണം. ഇത് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ബാധകമാണ്.

– അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുന്ന സമയത്ത് സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുളള അപേക്ഷകളും ലഭ്യമാക്കണം.

– പരീക്ഷാ കേന്ദ്രത്തില്‍ വരുന്നതിന് മുന്‍പ് എന്തെല്ലാം കൊണ്ടുവരാം എന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈമാറണം.

– സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ ജീവനക്കാരെ നിയോഗിക്കണം.

– പരീക്ഷ എഴുതുന്നതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാറ്റി ഇരുത്താന്‍ പ്രത്യേക മുറികള്‍ സജ്ജമാക്കണം.

– പരീക്ഷാ കേന്ദ്രത്തിന്റെ കവാടത്തില്‍ തെര്‍മല്‍ സ്‌കാനിങ്, കൈ വൃത്തിയാക്കുന്നതിനുളള സംവിധാനം എന്നിവ ഒരുക്കണം.

– പരസ്പരം ആറടി അകലം പാലിക്കണം. രോഗലക്ഷണം ഇല്ലാത്ത വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും മാത്രമേ പരീക്ഷാ ഹാളില്‍ പ്രവേശിക്കാന്‍ പാടുളളൂ.

വിദ്യാര്‍ഥി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ പിന്നീട് പരീക്ഷ എഴുതുന്നത് സംബന്ധിച്ച് പരീക്ഷാ നടത്തിപ്പുകാര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us