ബെംഗളൂരു: ലോക്ഡൗൺ കാലത്ത് സ്വന്തം നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ച് വന്നുതുടങ്ങി. ഇവർക്ക് താത്‌കാലിക താമസ സൗകര്യമൊരുക്കാൻ ട്രാൻസിറ്റ് ഹോം പദ്ധതിയുമായി സർക്കാർ.
കെട്ടിടനിർമാണമേഖലയിലും മറ്റുമായി ജോലിചെയ്യുന്ന ലക്ഷക്കണക്കിന് അതിഥിതൊഴിലാളികളാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെ ഇവരിൽ പലരും തിരിച്ചെത്തി.
ജൂൺ അവസാനംവരെ കർണാടകത്തിൽനിന്ന് നാലുലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് മടങ്ങിയത്. ഇതിൽ 40 ശതമാനംപേരും തിരിച്ചെത്തിയതായാണ് തൊഴിൽവകുപ്പിന്റെ കണക്ക്.
എന്നാൽ കോവിഡ് ഭീതിയുള്ളതിനാൽ പലർക്കും താമസസൗകര്യം ലഭിക്കാൻ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ട്രാൻസിറ്റ് ഹോം പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ പാർപ്പിടസൗകര്യമൊരുക്കും.
കുറഞ്ഞത് 3000 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും. ഭക്ഷണം പാകംചെയ്യാനുള്ള സൗകര്യമുണ്ടാകും.
തൊഴിലാളികളിൽനിന്ന് ചെറിയ തുക വാടകയായി ഈടാക്കും.
കേരളത്തിൽ നടപ്പാക്കിയ പദ്ധതിയുടെ മാതൃകയിലായിക്കും ഇത്. 50 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പാർപ്പിടസൗകര്യമൊരുക്കുന്നതിന് യെലഹങ്കയിൽ 20 ഏക്കർ സ്ഥലം കണ്ടെത്തിയതായി തൊഴിൽമന്ത്രി ശിവറാം ഹെബ്ബാർ പറഞ്ഞു.
നഗരത്തിൽ മൂന്നിടങ്ങളിലായി പദ്ധതി നടപ്പാക്കുമെന്നും ഇതിലൂടെ 15,000 അന്യസംസ്ഥാന തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ താമസസൗകര്യമൊരുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.