നഗരത്തിലെ ആയുർവേദ ഡോക്ടർ കോവിഡിനെതിരെ അവതരിപ്പിച്ച മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാൻ നീക്കം

ബെംഗളൂരു: നഗരത്തിലെ ആയുർവേദ ഡോക്ടർ ഗിരിധർ കാജെ കോവിഡിനെതിരെ അവതരിപ്പിച്ച മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാൻ നീക്കം. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(ബിഎംസിആർഐ) എത്തിക്സ് കമ്മിറ്റിയാണ് പരീക്ഷണം നിർത്തിവെയ്ക്കാനൊരുങ്ങുന്നത്.

ഡോക്ടർ ഗിരിധർ കാജെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ കാര്യങ്ങൾ അവതരിപ്പിക്കാതെ മരുന്ന് വിജയകരമാണെന്ന് അവകാശപ്പെട്ടത് ചൂണ്ടിക്കാട്ടി എത്തിക്സ് കമ്മിറ്റി ഡോക്ടർക്ക് കത്തയച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭൗമ്യ, സാത്മ്യ എന്നീ പേരുകളിൽ ഇറക്കിയ ആയുർവേദ ഗുളികകളുടെ ക്ലിനിക്കൽ പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നും തങ്ങൾക്ക് മുമ്പാകെ പരീക്ഷണത്തിന്റെ യാതൊരു ഫലങ്ങളും സമർപ്പിച്ചിട്ടില്ലെന്നുമാണ് എത്തിക്സ് കമ്മിറ്റിയുടെ കത്തിൽ പറയുന്നത്. പരീക്ഷണത്തിന്റെ നിലവിലെ സ്ഥിതി ഡോക്ടർ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കണമെന്നും എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

അതല്ലെങ്കിൽ ക്ലിനിക്കൽ പരീക്ഷണം നിർത്തിവെയ്ക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും കത്തിൽ പറയുന്നു. ക്ലിനിക്കൽ പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നിരിക്കെ ഡോക്ടർ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ പരീക്ഷണം വിജയകരമാണെന്ന് അവകാശപ്പെട്ടത്  അതിരുകടന്ന നടപടിയാണെന്നും അംഗീകരിക്കാനാകില്ലെന്നും കത്തിൽ പറയുന്നു.

എന്നാൽ ഈ ആരോപണങ്ങളൊക്കെ ഡോക്ടർ കാജെ നിഷേധിച്ചെന്നാണ് റിപ്പോർട്ട്. ജൂൺ ഏഴ് മുതൽ 25 വരെ വിക്ടോറിയ ആശുപത്രിയിലാണ് ആയുർവേദ മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നത്. നിലവിലെ ചികിത്സയ്ക്കൊപ്പം ഈ ആയുർവേദ മരുന്നുകൾ കൂടി രോഗികൾക്ക് നൽകുന്നതിലെ സുരക്ഷയും കാര്യക്ഷമതയുമാണ് പരീക്ഷണത്തിൽ പ്രധാനമായും വിലയിരുത്തിയത് എന്ന് ഡോക്ടർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us