അവിനാശി ബസ്സപകടത്തിൻ്റെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയുടെ സഹായം തേടാൻ കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: തമിഴ്നാട്ടിലെ അവിനാശിയിലുണ്ടായ ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ, ദീർഘദൂര ബസുകളിൽ കൂടുതൽ സുരക്ഷാസംവിധാനമൊരുക്കാൻ കർണാടക ആർ.ടി.സി.

ദീർഘദൂര പ്രീമിയം ബസുകളിൽ നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ.) ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന പ്രത്യേക ഉപകരണം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ബസിന്റെ 50 മീറ്റർ ദൂരത്തിൽ മറ്റു വാഹനങ്ങളുണ്ടെങ്കിൽ വേഗം സ്വമേധയാ കുറയുന്ന സംവിധാനമാണിത്. 400 പ്രീമിയം ബസുകളിലാണ് സംവിധാനം നടപ്പാക്കുക.

യാത്രയ്ക്കിടെ ഡ്രൈവർമാർ ഉറങ്ങിപ്പോകാതിരിക്കാനുള്ള നിർദേശങ്ങൾ കർശനമായി നടപ്പാക്കും. ഇതിനായി നിരീക്ഷണസംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.

രാത്രി ഒരുമണിമുതൽ പുലർച്ചെ അഞ്ചുവരെ ബസ്സോടിക്കുന്ന ഡ്രൈവർമാർ നിശ്ചിതസ്ഥലങ്ങളിൽ നിർത്തി ഇടവേളയെടുക്കണമെന്ന നിർദേശം നടപ്പാക്കും. ഇത് പരിശോധിക്കാൻ ജീവനക്കാരെ നിയോഗിക്കും.

ഇടവേളയെടുക്കുന്ന സ്ഥലങ്ങളിൽ ബസുകൾക്ക് പ്രാഥമികപരിശോധന നടത്താനുള്ള സൗകര്യമുണ്ടാകും. 400 കിലോമീറ്ററിൽ കൂടുതൽ സർവീസ് നടത്തുന്ന വാഹനങ്ങളിൽ ഡ്രൈവർ കം കണ്ടക്ടർമാരെ നിർബന്ധമാക്കും.

ദീർഘദൂര ബസുകളിലെ ഡ്രൈവർമാർക്ക് പരിശീലനം നൽകാനുള്ള സംവിധാനം കർണാടക ആർ.ടി.സി.ക്കുണ്ട്.

ഇതു പൂർത്തിയാക്കിയവരെയാണ് ദീർഘദൂര സർവീസുകളിൽ നിയമിക്കുക. ആഴ്ചതോറും ദീർഘദൂര സർവീസുകളിലെ ജീവനക്കാരുടെ യോഗം ചേർന്ന് നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.

മുതിർന്ന ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക. വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് യോഗത്തിൽ ഡ്രൈവർമാർക്ക് നിർദേശം നൽകും.

4.5 മുതൽ 4.7 കിലോമീറ്റർവരെ മൈലേജ് ബസുകൾക്ക് ലഭിച്ചിരിക്കണമെന്നാണ് കർണാടക ആർ.ടി.സി.യുടെ മാനദണ്ഡം. അതിവേഗത്തിൽ പോകുകയോ ഇടയ്ക്കിടെ ബ്രേക്കിടുകയോ ചെയ്താൽ മൈലേജിൽ കുറവുവരും.

ഓരോ സർവീസ് പൂർത്തിയാകുമ്പോഴും ബസിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തകത്തിൽ മൈലേജ് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ചട്ടം.

തുടർച്ചയായി മൈലേജ് കുറഞ്ഞാൽ ജീവനക്കാരെ ദീർഘദൂരസർവീസിൽനിന്ന് ഒഴിവാക്കുകയാണ് പതിവ്. ദീർഘദൂര ബസുകളുടെ പരമാവധിവേഗം 80 കിലോമീറ്ററാണ്.

കർണാടക ആർ.ടി.സി. ബസുകൾക്ക് വേഗം കുറവാണെന്ന പരാതിയുടെ പ്രധാനകാരണമിതാണെന്ന് കർണാടക ആർ.ടി.സി. ലെയ്സൺ ഓഫീസർ ജി. പ്രശാന്ത് പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകളുള്ള സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലൊന്നായിട്ടും കർണാടക ആർ.ടി.സി. ബസുകൾ അപകടത്തിൽപ്പെടുന്നത് താരതമ്യേന കുറവാണ്.

കൃത്യമായി സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ബെംഗളൂരുവിൽനിന്ന് തെക്കൻ കേരളത്തിലേക്കുള്ള ബസുകളിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത് ഹൊസൂരിനും അവിനാശിക്കും ഇടയിലാണ്. വീതിയേറിയ റോഡുകളും വേഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനമില്ലാത്തതുമാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. കർണാടക ആർ.ടി.സി.ക്ക് 24,138 ബസുകളാണുള്ളത്. ഇതിൽ വലിയൊരു ശതമാനവും ദീർഘദൂര സർവീസുകൾ നടത്തുന്നവയാണ്.

ഒരുദിവസം ശരാശരി 74.57 ലക്ഷം പേരാണ് കർണാടക ആർ.ടി.സി.യിൽ യാത്രചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us