ലോകത്തിലെ ഏറ്റവും ഉയരമുള്ള യേശുവിന്റെ പ്രതിമ ഇനി ബെംഗളൂരുവിൽ;സോണിയാ ഗാന്ധിയെ പ്രീതിപ്പെടുത്താൻ സ്ഥലം വാങ്ങി നൽകിയതെന്ന് ശിവകുമാറിനെതിരെ ആരോപണം.

ബെംഗളൂരു:സ്വന്തം മണ്ഡലമായ കനകപുരയിൽ യേശു ക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡി.കെ. ശിവകുമാർ. കനകപുര ഹരൊബെലെയിലെ കപലിബെട്ടയിലാണ് പ്രതിമ സ്ഥാപിക്കുന്നത്.

ഇതിനുള്ള പത്തേക്കർ സ്ഥലം പ്രതിമ നിർമിക്കുന്ന ട്രസ്റ്റിന് ശിവകുമാർ വാങ്ങിക്കൊടുത്തു.

അതേ സമയം ഇത് സർക്കാർ സ്ഥലമാണെന്നും കമ്യൂണിറ്റി ആവശ്യത്തിന് നൽകിയതാണെന്നും , ശിവകുമാറിന് സ്വന്തമാക്കാൻ കഴിയില്ല എന്നും റവന്യുമന്ത്രി ആർ.അശോക അറിയിച്ചു.

പാർട്ടി ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താനാണ് ശിവകുമാർ പ്രതിമ സ്ഥാപിക്കുന്നതെന്ന ആരോപണവുമായി ബി.ജെ.പി.യും രംഗത്തെത്തി. ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള മേഖലയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. സംസ്ഥാനസർക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കർ സ്ഥലംവാങ്ങി ശിവകുമാർ ട്രസ്റ്റിന് കൈമാറുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിസ്തുപ്രതിമയാണെന്നാണ് അവകാശവാദം. കഴിഞ്ഞദിവസം നടന്ന ശിലാസ്ഥാപനച്ചടങ്ങിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശരേഖ ശിവകുമാർ കൈമാറി.

ഇന്ത്യയിൽ ജനിച്ച ശ്രീരാമന് ക്ഷേത്രം നിർമിക്കുന്നതിനെ എതിർക്കുന്ന കോൺഗ്രസ് യേശു ക്രിസ്തുവിന്റെ പ്രതിമനിർമാണത്തിന് ഫണ്ട് നൽകുകയാണെന്ന് ബി.ജെ.പി. നേതാവും മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ ആരോപിച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകുന്നതിൽനിന്നു ശിവകുമാറിനെ തടയാൻ ഇനി സിദ്ധരാമയ്യയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തിഹാർ ജയിലിൽനിന്നു വന്ന നേതാവ് ഇറ്റാലിയൻ നേതാവിനെ പ്രീതിപ്പെടുത്താൻ യേശു ക്രിസ്തുവിന്റെ പ്രതിമ നിർമിക്കുകയാണെന്ന് ബി.ജെ.പി. എം.പി.യും മുൻ കേന്ദ്രമന്ത്രിയുമായ അനന്തകുമാർ ഹെഗ്ഡെ ആരോപിച്ചു.

കനകപുരയിലെ വൊക്കലിഗ സമുദായക്കാരെ മതപരിവർത്തനം നടത്തുന്നതിനുവേണ്ടിയാണോ പ്രതിമനിർമാണമെന്ന് അറിയേണ്ടതുണ്ടെന്ന് പ്രതാപ് സിംഹ എം.പി. പറഞ്ഞു.
സ്വന്തം മണ്ഡലത്തിൽ നൂറുകണക്കിന് ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികൾ പരസ്യത്തിനുവേണ്ടിയല്ലെന്നും ശിവകുമാർ പറഞ്ഞു.

തന്റെ മതേതര കാഴ്ചപ്പാടിനോടുള്ള അസഹിഷ്ണുതയാണ് ബി.ജെ.പി. നേതാക്കളുടെ പ്രതിഷേധത്തിന് കാരണം. രണ്ടുവർഷംമുമ്പ് നൽകിയ വാഗ്ദാനമാണ് നിറവേറ്റിയത്. ഇതിന്റെഭാഗമായാണ് സ്ഥലം വാങ്ങി ആധാരം പ്രതിമനിർമാണത്തിന് കൈമാറിയത് -ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us