ബെംഗളൂരു: ദക്ഷിണ കന്നഡ കോളേജ് വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടറാണ് ഡിസംബർ 19ന് സർക്കുലർ പുറത്തിറക്കിയത്. മംഗളൂരുവിൽ പൗരത്വഭേദഗതിയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിനു തൊട്ടുമുമ്പായാണ് കർണാടക സർക്കാർ ദക്ഷിണ കന്നഡയിലെ കോളേജുകൾക്ക് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിർദേശം നൽകിയത്.
പൗരത്വഭേദഗതിയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ജനക്കൂട്ടം അക്രമാസക്തരാകുകയും പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പോലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർക്ക് സർക്കുലർ തയ്യാറാക്കിയപ്പോൾ തെറ്റ് സംഭവിച്ചതാണെന്നും സർക്കുലറിന്റെ ഉദ്ദേശം കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സുരക്ഷയായിരുന്നെന്നും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. സർക്കുലർ പുറപ്പെടുവിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തിലാണ് ഉണ്ടായത്.
അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണമാണ് സർക്കുലർ ഇറക്കിയതെന്നും ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ വ്യക്തമാക്കി. സർക്കുലറിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷത്തിന്റെയും വിദ്യാർഥികളുടെയും ഭാഗത്തുനിന്ന് ഉയരുന്നത്.
സർക്കുലർ വിവേചനപരമാണെന്നും ഇത് കർണാടകയെക്കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി കമ്മീഷണറും ഉപമുഖ്യമന്ത്രിയും വിശദീകരണവുമായി രംഗത്തെത്തിയത്. മംഗളൂരു നഗരത്തിലെ ഒരു ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളിൽ 15-20 ശതമാനം കേരളത്തിൽ നിന്നുള്ളവരാണ്. പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ളവയുടെ പഠനത്തിനായി കേരളത്തിൽ നിന്ന് നിരവധി വിദ്യാർത്ഥികളാണ് മംഗളൂരുവിൽ ഉള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.