ബെംഗളൂരു: എത്രതവണ പിഴയിട്ടാലും നഗരത്തിന്റെ ചില ഭാഗങ്ങളിൽ മാലിന്യം വീണ്ടും കുന്നുകൂടുകയാണ്. സഹികെട്ടപ്പോൾ, മാലിന്യം വലിച്ചെറിയുന്നത് തടയാൻ പുതുവഴി തേടിയിരിക്കുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി.).
സ്ഥിരമായി മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിൽ രംഗോലി വരച്ച് ആൾക്കാരെ ഇവിടെനിന്ന് പിന്തിരിപ്പിക്കുകയാണ് കോർപ്പറേഷൻ ജീവനക്കാർ. വിശ്വാസപ്രകാരം രംഗോലിയിൽ ചവിട്ടുന്നതും നശിപ്പിക്കുന്നതും തെറ്റാണ്. ഈ വിശ്വാസം കൂട്ടുപിടിച്ച് ആൾക്കാരെ മാലിന്യം വലിച്ചെറിയുന്നതിൽനിന്നു പിന്തിരിപ്പിക്കാനാണ് ശ്രമം.
സ്ഥിരമായി മാലിന്യം കുന്നുകൂടുന്ന സ്ഥലങ്ങളിലാണ് രംഗോലി വരയ്ക്കുന്നത്. എല്ലാ വാർഡിലും കുറഞ്ഞത് അഞ്ചു സ്ഥലങ്ങളെങ്കിലും കണ്ടെത്തി വരയ്ക്കാനാണ് നീക്കം. മാലിന്യം നീക്കംചെയ്തശേഷമാണ് ഇവിടെ വരയ്ക്കുന്നത്. കോർപ്പറേഷൻ ജീവനക്കാർതന്നെയാണ് വരയ്ക്കുന്നത്.
നഗരത്തിൽ ദീർഘകാലമായി നിലനിൽക്കുന്നതാണ് മാലിന്യപ്രശ്‌നം. മാലിന്യം തള്ളുന്നവരിൽനിന്നു പിഴയീടാക്കുമെന്ന് കോർപ്പറേഷൻ പലതവണ മുന്നറിയിപ്പുനൽകിയിട്ടും രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത് പതിവാണ്.
മാലിന്യം കുന്നുകൂടുന്നതിൽ ഹൈക്കോടതി ഉൾപ്പെടെ ഇടപെട്ടിട്ടും വലിയ മാറ്റമൊന്നും വന്നിരുന്നില്ല. ഇതേത്തുടർന്നാണ് രംഗോലി വരച്ച് മാലിന്യം തള്ളുന്നത് തടയാൻ ശ്രമം തുടങ്ങിയത്. ഇത്തരം ശ്രമങ്ങൾ ഫലംചെയ്യുന്നതായാണ് കോർപ്പറേഷന്റെ വിലയിരുത്തൽ.
അതുപോലെത്തന്നെ പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കരുത് എന്ന അറിയിപ്പിനുപകരം ഇത്തരം സ്ഥലങ്ങളിൽ ദൈവങ്ങളുടെ ചിത്രംവെക്കുന്നതും പതിവുകാഴ്ചയാണ്. മതിലുകളിൽ മതചിഹ്നങ്ങൾ വരയ്ക്കുന്നതും പതിവാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.