ബെംഗളൂരു: റായ്ചൂരു, കൊപ്പാൾ തുടങ്ങിയ ജില്ലകളിലാണ് ബുധനാഴ്ച മുതൽ കനത്തമഴ പെയ്യുന്നത്. പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റായ്ചൂരു താലൂക്കിലെ മസ്‌കി ടൗൺ, സോമനാഥ് നഗർ, ഗാന്ധി നഗർ, വാത്മീകി നഗർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി വെള്ളക്കെട്ടുണ്ടായതോടെ കുടിവെള്ള, വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
ഓവുചാലുകളിൽനിന്ന് വ്യാപകമായി അഴുക്കുവെള്ളം വീടുകളിലും സ്ഥാപനങ്ങളിലും ഇരച്ചുകയറി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഹഗേരി നദിയിൽനിന്ന് വെള്ളം കയറിയതോടെ റായ്ചൂരു ജാലഹള്ളി 33 കെ.വി. സബ്സ്റ്റേഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.
വ്യാഴാഴ്ച രാവിലെ മുതൽ സമീപപ്രദേശങ്ങളിൽ വൈദ്യുതിയില്ല. ഹട്ടി ഖനന മേഖലയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ജനജീവിതം താറുമാറായി. പ്രദേശവാസികൾ ബന്ധുവീടുകളിലേക്ക് താമസം മാറി. ലിംഗസൂർ ടൗണിൽ കനത്തകാറ്റിൽ മരക്കൊമ്പുകൾ പൊട്ടിവീണ് ഒട്ടേറെ വാഹനങ്ങൾക്ക് കേടുപറ്റി.
ഇടറോഡുകളിലൂടെയുള്ള ഗതാഗതം മണിക്കൂറുകൾക്കുശേഷമാണ് പുനഃസ്ഥാപിച്ചത്. നഗരത്തിൽനിന്ന് പലയിടങ്ങളിലേക്കുമുള്ള കർണാടക ആർ.ടി.സി.യുടെ ബസ്സുകൾ പൂർണമായും നിർത്തിവെച്ചു. ടെലിഫോൺ, വൈദ്യുതി ബന്ധം താറുമാറായി. കുടക്, ശിവമോഗ, ഉഡുപ്പി തുടങ്ങിയ ജില്ലകളിലും വെള്ളിയാഴ്ച ശക്തമായ മഴ പെയ്തു.
കഴിഞ്ഞമാസമുണ്ടായ കനത്തമഴയിൽ വടക്കൻ കർണാടകയിൽ വൻ നാശനഷ്ടമാണുണ്ടായത്. തകർന്ന പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിനിടെ വീണ്ടും മഴ പെയ്തത് നിർമാണ പ്രവർത്തനങ്ങളെയും ബാധിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.