ബെംഗളൂരു : സംസ്ഥാനത്ത് കനത്തമഴയില്‍ ഒമ്പത് പേര്‍ മരിച്ചു. വടക്കൻ കർണാടകത്തിൽ അരലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
മണ്ണിടിഞ്ഞും വെളളം കയറിയും ഗതാഗതം തടസ്സപ്പെട്ടതോടെ കുടക് മേഖല ഒറ്റപ്പെട്ടു. മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറൻ ജില്ലകളിലും വെളളപ്പൊക്കം തുടരുകയാണ്.
വടക്കൻ കർണാടകത്തിലെ ബെലഗാവി, വിജയപുര ജില്ലകളിലും മലയോര മേഖലകളായ കുടക് ,ചിക്മഗളൂരു ജില്ലകളിലുമാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്.
കൃഷ്ണ നദിയുടെ വൃഷ്ടിപ്രദേശത്തെ ഡാമുകളെല്ലാം തുറന്നതോടെ ഗ്രാമങ്ങളിൽ വെളളംകയറി. ബെലഗാവി നഗരം ഇപ്പോഴും വെളളത്തിനടിയിലാണ്. ഇരുനൂറോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വെളളം കയറിയ ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളുടെ പലായനം തുടരുകയാണ്. ദുരന്തനിവാരണസേനക്കൊപ്പം സൈന്യവും ഇവിടെ രക്ഷാപ്രവർത്തനത്തിനുണ്ട്. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കുമിടയിൽ ബസ് സർവീസുകളടക്കം തടസ്സപ്പെട്ട സ്ഥിതിയാണ്.
മണ്ണിടിഞ്ഞ് ചുരങ്ങളെല്ലാം അടഞ്ഞതോടെ കുടക് ഒറ്റപ്പെട്ടു.മൂന്ന് പേരാണ് ജില്ലയിൽ മരിച്ചത്.
വിരാജ്പേട്ട പട്ടണത്തിൽ വെളളം കയറി കേരളത്തിലേക്കുളള പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുടക് വഴിയുളള യാത്ര ഒഴിവാക്കാൻ നിർദേശമുണ്ട്.
മംഗളൂരുവിൽ നിന്ന് ഇതുവഴി ബെംഗളൂരുവിലേക്കുളള ട്രെയിനുകൾ ഇന്നും റദ്ദാക്കി.
കബനി,ഹാരംഗി അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെളളം തുറന്നുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് കുടകിൽ പ്രളയക്കെടുതി രൂക്ഷമാക്കാനാണ് സാധ്യത. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ബെലഗാവിയിലെ വെളളപ്പൊക്ക മേഖലകൾ സന്ദർശിച്ചു.
മന്ത്രിസഭ പോലുമില്ലാത്ത സംസ്ഥാനത്ത് ദുരിതാശ്വാസപ്രവർത്തനം കാര്യക്ഷമമല്ലെന്ന കുറ്റപ്പെടുത്തലുമായി കോൺഗ്രസ് രംഗത്തെത്തി.
മഹാരാഷ്ട്രയിലെ കോലാപ്പൂർ ,സാംഗ്ലി ജില്ലകളിലും വെളളപ്പൊക്കം തുടരുകയാണ്.
രണ്ട് ലക്ഷത്തോളം ആളുകളെ ഇവിടെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.