ബെംഗളൂരു: മാണ്ഡ്യയിൽ മകനെ പരാജയപ്പെടുത്തി തന്നെ രാഷ്ട്രീയത്തിൽ ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും, ഇതിനായി ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥി സുമലതയ്ക്ക് കോൺഗ്രസ് പ്രാദേശിക നേതൃത്വം പിന്തുണ നൽകുന്നതാണ് കുമാരസ്വാമിയെ പ്രകോപിച്ചത്.
ചില കോൺഗ്രസുകാർ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. മറ്റു ചിലർ എതിരായി പ്രവർത്തിക്കുന്നു. എന്നാൽ ഇതിലൊന്നും ആശങ്കയില്ല. മാണ്ഡ്യയിലെ ദൾ എം.എൽ.എമാരെയും എം.എൽ.സിമാരെയും സിറ്റിങ് എം.പി. ശിവരാമഗൗഡയേയുമാണ് ഞാൻ വിശ്വസിക്കുന്നത്. മകൻ നിഖിൽ കുമാരസ്വാമിയുടെ വിജയത്തിന് സഖ്യകക്ഷിയായ കോൺഗ്രസിനെ ആശ്രയിക്കുന്നില്ല-കുമാരസ്വാമി പറഞ്ഞു.
നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി എന്നെ ഇല്ലാതാക്കാനാണ് നീക്കം. എന്നാൽ, ഇവർക്ക് ജനങ്ങളുടെ പിന്തുണയില്ല. നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്താൻ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. കോൺഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്റെ നിര്യാണത്തിനുശേഷം ഇതിനുള്ള നീക്കം നടക്കുന്നുണ്ടായിരുന്നു. മാണ്ഡ്യയിൽ ജനതാദൾ-എസിനെ ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം.
മാണ്ഡ്യയിൽ എട്ട് എം.എൽ.എ.മാരും മൂന്ന് എം.എൽ.സി.മാരും ഒരു എം.പിയുമുണ്ട്. ഇവർ പ്രവർത്തിച്ചാൽ പാർട്ടിക്ക് വിജയിക്കാൻ കഴിയും. ഇതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല-അദ്ദേഹം പറഞ്ഞു. നിഖിൽ കുമാരസ്വാമിക്കെതിരേ മാണ്ഡ്യയിൽ കോൺഗ്രസും ബി.ജെ.പി.യും ചേർന്ന് ചക്രവ്യൂഹം തീർത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കോൺഗ്രസിനെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
മാണ്ഡ്യയിലും മൈസൂരുവിലും സഖ്യത്തിൽ അമർഷം ശക്തമാണ്. മൈസൂരുവിൽ കോൺഗ്രസ് സ്ഥാനാർഥി വിജയശങ്കറെ പിന്തുണയ്ക്കുന്നതിനായി ദൾനേതാവും മന്ത്രിയുമായ ജി.ടി. ദേവഗൗഡ വിളിച്ച യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂല മുദ്രാവാക്യം വിളിച്ചാണ് ദൾപ്രവർത്തകർ പ്രതിഷേധിച്ചത്. മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥി സുമലതയ്ക്കാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെയും ബി.ജെ.പിയുടെയും പിന്തുണ.
ഹാസനിൽ കോൺഗ്രസ് വിട്ട എ. മഞ്ജുവാണ് ബി.ജെ.പി. സ്ഥാനാർഥി. ദൾനേതാവ് എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമക്കളായ നിഖിൽ കുമാരസ്വാമിയും പ്രജ്വൽ രേവണ്ണയും മത്സരിക്കുന്ന മാണ്ഡ്യയിലും ഹാസനിലും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ എതിർപ്പ് രൂക്ഷമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.