ബെംഗളൂരു: മക്കൾ രാഷ്ട്രീയത്തിലും കുടുംബവാഴ്ചയിലും സംസ്ഥാനം എല്ലായ്‌പോഴും ഏറെ മുന്നിലാണ്. തിരഞ്ഞെടുപ്പ് കാലം ആകുമ്പോഴേക്കും വർഷങ്ങളായി പാർട്ടിക്കുവേണ്ടി വെള്ളംകോരുകയും വിറകുകീറുകയും ചെയ്തവരെ തട്ടിമാറ്റി നേതാക്കളുടെ മക്കളും ബന്ധുക്കളും സീറ്റ് ഉറപ്പിക്കുന്നു. ഇക്കാര്യത്തിൽ ആരും ഒട്ടും പിന്നിലല്ലാത്തതിനാൽ പ്രമുഖ പാർട്ടികളൊന്നും എതിരേ പ്രതികരിക്കാറില്ല എന്നതാണ് സത്യം.
കുടുംബവാഴ്ചയുടെ കാര്യത്തിൽ ജെ.ഡി.എസ്സാണ് മുന്നിലെന്ന് പറയാം. പാർട്ടി നേതാവ് എച്ച്.ഡി. ദേവഗൗഡയുടെ രണ്ട് കൊച്ചുമക്കളും ലോക്‌സഭാതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായതോടെ കുടുംബത്തിലെ മൂന്നാം തലമുറയും രാഷ്ട്രീയത്തിലെത്തി. കൊച്ചുമക്കളെ സ്ഥാനാർഥികളാക്കിയതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞെങ്കിലും നിലപാടിൽ മാറ്റമുണ്ടായില്ല.
ദേവഗൗഡയുടെ മകൻ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാണ്. ഭാര്യ അനിതകുമാരസ്വാമി എം.എൽ.എ.യും. ദേവഗൗഡയുടെ മൂത്തമകൻ എച്ച്.ഡി. രേവണ്ണ പൊതുമാരാമത്ത് മന്ത്രിയാണ്. ഭാര്യ ഭവാനി രേവണ്ണ ജില്ലാപഞ്ചായത്ത് അംഗം. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് മാണ്ഡ്യയിലെ സ്ഥാനാർഥി. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണ ഹാസനിലും മത്സരിക്കും. കൊച്ചുമകനുവേണ്ടി ഹാസൻ മാറിക്കൊടുത്ത ദേവഗൗഡ ബെംഗളൂരു നോർത്തിലോ തുമകൂരുവിലോ മത്സരിക്കും. എല്ലാവരും വിജയിച്ചാൽ മൂന്ന് എം.പി.മാരും മുഖ്യമന്ത്രിയും മന്ത്രിയും എം.എൽ.എ.യുമുള്ള സന്തുഷ്ടകുടുംബമാകും ദേവഗൗഡയുടേത്.
കാര്യങ്ങൾ ഇവിടംവരെയൊക്കെ എത്തിയെങ്കിലും ബി.ജെ.പി.യും കോൺഗ്രസും കുടുംബവാഴ്ചയ്ക്കെതിരേ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ബി.ജെ.പി. നേതാവ് ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര ശിവമോഗയിൽ സ്ഥാനാർഥിയാണ്. രണ്ടാമത്തെ മകൻ ബി.വൈ. വിജയേന്ദ്രയും പാർട്ടി ഭാരവാഹി. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റും ഉറപ്പിച്ചിട്ടുണ്ട്.
കോൺഗ്രസിൽ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര എം.എൽ.എ.യാണ്. സ്വന്തം സീറ്റ് നൽകിയാണ് മകനെ വിജയിപ്പിച്ചത്. മുതിർന്ന നേതാക്കളായ രാമലിംഗറെഡ്ഡി, കെ.എച്ച്. മുനിയപ്പ, മല്ലികാർജുന ഖാർഗെ എന്നിവരുടെ മക്കളും ജനപ്രതിനിധികളാണ്. പ്രിയങ്ക ഖാർഗെ മന്ത്രിയാണ്. ബെലഗാവിയിലെ കോൺഗ്രസ് നേതാക്കളായ സതീഷ് ജാർക്കിഹോളിയും രമേശ് ജാർക്കിഹോളിയും സഹോദരങ്ങളാണ്. സതീഷ് ജാർക്കിഹോളി മന്ത്രിയും.
അങ്ങിനെ കുടുംബവാഴ്ചയുടെയും മക്കൾ രാഷ്ട്രീയത്തിന്റെയും കാര്യത്തിൽ സംസ്ഥാനത്തെ എല്ലാ പ്രമുഖ പാർട്ടികളും മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി മുന്നോട്ട് തന്നെ പോയ്കൊണ്ടിരിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.