ന്യൂഡല്‍ഹി: വാതുവയ്പ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിംകോടതി റദ്ദാക്കി. കൂടാതെ, ശിക്ഷാ കാലാവധി പുനഃപരിശോധിക്കാന്‍ സുപ്രിംകോടതി ബിസിസിഐയോട് നിര്‍ദേശിച്ചു. മറ്റു ശിക്ഷകള്‍ ബിസിസിഐയ്ക്ക് തീരുമാനിക്കാം. മൂന്നു മാസത്തിനുള്ളില്‍ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ബിസിസിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വീണ്ടും കളിക്കളത്തിലെയ്ക്കെന്ന് ശ്രീശാന്ത്… സുപ്രീംകോടതി വിധി നല്‍കിയ ആശ്വാസത്തില്‍ അതീവ സന്തോഷവാനായി കേരളത്തിന്‍റെ പ്രിയ ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ 6 മാസമായി താന്‍ പരിശീലനത്തിലാണെന്നും രഞ്ജി ടീമില്‍ ഇടം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ, ബിസിസിഐയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായപ്പെട്ട അദ്ദേഹം ശിക്ഷാ കാലാവധി പിന്നിട്ടു കഴിഞ്ഞതായും പറഞ്ഞു. സ്കോട്ടിഷ് ലീഗില്‍ ഇടം നേടാനാവുമെന്നും ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ 2 വര്‍ഷം കൂടി കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
വാതുവയ്പ്പ് കേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സുപ്രീംകോടതി നടപടിയിലൂടെ വലിയ ആശ്വാസമാണ് ശ്രീശാന്തിന് ലഭിച്ചിരിക്കുന്നത്. കൂടാതെ, ശിക്ഷാ കാലാവധി പുനഃപരിശോധിക്കാനും മൂന്നു മാസത്തിനകം നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍, ശ്രീശാന്ത് കുറ്റക്കാരനെന്നു കണ്ടെത്തിയ ബിസിസിഐയുടെ നടപടി കോടതി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ശ്രീശാന്തിന്‍റെ കാര്യത്തില്‍ ബിസിസിഐയുടെ നിലപാട് അയഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ആരോപണങ്ങളുടെ പാപക്കറ മാറിയിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകൾ പൂർണമായും നീക്കാൻ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബിസിസിസിഐ ഇപ്പോഴും പറയുന്നത്. പത്തുലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തിൽ ശ്രീശാന്തിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും ബിസിസിഐ പറഞ്ഞിരുന്നു. അതിനാല്‍ ശ്രീശാന്തിന്‍റെ കാര്യത്തില്‍ ബിസിസിഐയുടെ തീരുമാനമാണ് ഇനി നിര്‍ണ്ണായകം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.