ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെപ്പില്‍ ഇതുവരെ 40 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കൂടാതെ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതില്‍ 20 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്ക്കിലും ലിന്‍വുഡ് ഇസ്ലാമിക് സെന്‍ററിലുമാണ് വെടിവെപ്പുണ്ടായത്. 10 പേര്‍ ലിന്‍വുഡ് ഇസ്ലാമിക് സെന്‍ററില്‍ കൊല്ലപ്പെട്ടു. അതേസമയം, 30 പേരാണ് അല്‍ നൂര്‍ മോസ്ക്കില്‍ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്ക്കെത്തിയവര്‍ക്കു നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. സൈനിക വേഷത്തിലാണ് ആയുധധാരി എത്തിയതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പൊലീസ് കസ്റ്റഡിയിലുള്ളവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. പ്രശ്നം ഗൗരവകരമാണെന്ന് പ്രതികരിച്ച ക്രൈസ്റ്റ് ചര്‍ച്ച പൊലീസ് പള്ളി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് പോകരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെടിവെപ്പിന് പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടിയിട്ടുണ്ട്.
“ഇരുണ്ട ദിവസം” എന്നാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ സംഭവത്തെ വിശേഷിപ്പിച്ചത്. അതേസമയം, ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസിലന്‍ഡിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവെപ്പ് നടന്ന സമയത്ത് പള്ളിക്കു സമീപം ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു.
വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും തമീം ട്വിറ്ററില്‍ കുറിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.