ബെംഗളൂരു :ശീർഷകം വായിച്ചിട്ട് ആരാണീ ധർമബുധി എന്ന് ചിന്തിക്കുന്നുണ്ടാവും പോകപ്പോകെ പറയാം ?എന്തിനായിരിക്കും ധർമബുധി കരയുന്നത് ? അതും മജെസ്റ്റിക്കും തമ്മിലെന്താണ് ബന്ധം ? എന്താണീ മജസ്റ്റിക് ?
സംശയങ്ങൾക്കെല്ലാം ഉത്തരം ഇവിടെയുണ്ട്, ബെംഗളൂരു വരുന്നവർക്ക് എല്ലാവർക്കും അറിയുന്ന പേരാണ് മജസ്റ്റിക്. ബെംഗളൂരുവിലെ ,അല്ലെങ്കിൽ കർണാടകയിലെ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള തിരക്കുള്ള ബസ്റ്റാന്റും റയിൽവേ സ്റ്റേഷനും ഉള്ള സ്ഥലത്തെയാണ് നമ്മൾ മജസ്റ്റിക് എന്ന് വിളിക്കുന്നത്. അല്ലെങ്കിൽ റയിൽവേയും സിറ്റി ബസും അന്തർ സംസ്ഥാന ബസും രണ്ട് മെട്രോ ലൈനുകളും കൂടിച്ചേരുന്ന ഇവിധത്തിലുള്ള ഗതാഗത സംവിധാനവും സമ്മേളിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ സ്ഥലം അതാണ് മജെസ്റ്റിക്.
നമ്മൾ മജെസ്റ്റിക് എന്ന് വിളിക്കുമ്പോഴും ഓരോ ഗതാഗത സ്ഥാപനങ്ങളുടെയും പേര് വേറെ വേറെയാണ്, റയിൽവേ സ്റേഷന്റെ പേര് ക്രാന്തി വീര സംഗൊള്ളി രായണ്ണ റയിൽവേ സ്റ്റേഷൻ, ആരാണ് സംഗൊള്ളി രായണ്ണ എന്നറിയണമെങ്കിൽ ഇവിടെ ക്ലിക് ചെയ്തോളു.. രണ്ട് ബസ്റ്റാൻറുകളുണ്ട് ഒന്ന് കെ എസ് ആർ ടി സി മറ്റൊന്ന് സിറ്റി ബസ് സർവീസ് ആയ ബിഎംടിസി ഈ ബസ് സ്റ്റാന്റുകളുടെ പേര് കെമ്പെ ഗൗഡ ബസ്റ്റാന്റ് എന്നാണ്, ആരാണ് കെമ്പെ ഗൗഡ എന്നറിയില്ലെങ്കിൽ ഇവിടെ അമർത്തിക്കോളൂ. മെട്രോ സ്റ്റേഷനും കെമ്പെഗൗഡയുടെ പേരാണ് നൽകിയിട്ടുള്ളത്.
നഗര ശിൽപിയായ കെമ്പെ ഗൗഡ ജനങ്ങൾക്ക് ജല ദൗർബല്യം മൂലമുണ്ടാകാവുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി പലയിടങ്ങളിൽ ജലസംഭരണികൾ രൂപപ്പെടുത്തിയിരുന്നു അതിലൊന്നാണ് ശാങ്കി ടാങ്ക് ,മറ്റൊന്നാണ് ധർമബുധി ടാങ്ക്, (ധർമ്മം -ദാനം, അംബുദി – ജലം, അങ്ങനെ ധർമ്മാ+അബുദി)
1537 ൽ ആണ് കെമ്പെഗൗഡ ഈ ജലസംഭരണി പണികഴിപ്പിച്ചത്, നഗരത്തിലെ ജനങ്ങളുടെ പ്രധാന ജല ശ്രോതസ്സായിരുന്നു ധർമ്മബുധി ടാങ്ക്, കനാലുകൾ വഴി നഗരത്തിന്റെ മറ്റു ഭാഗങ്ങളെ ഈ ജലസംഭരണിയായി ബന്ധിപ്പിച്ചു കൊണ്ട് എല്ലാവർക്കും കുടിനീർ എത്തിക്കാൻ കെമ്പെഗൗഡ ശ്രദ്ധിച്ചു.
മെല്ലെ മെല്ലെ നഗരവാസികൾ ധർമബുദ്ധിയെ ശ്രദ്ധിക്കാതായി ,നഗരമാലിന്യങ്ങൾ തള്ളാനുള്ള ഒരിടമായി ധർമബുധി മാറി. വലിയ നാറ്റവും തുടങ്ങി തടാകം തൂർന്നും തുടങ്ങി.. 1892 – 93 കാലത്തെ വരൾച്ച ഭരണാധിപന്മാരെ ഇരുത്തി ചിന്തിച്ചു, ധർമബുധിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഭരണാധിപൻമാർ വീണ്ടും തുടങ്ങി. മറ്റ് ജല ശ്രോതസ്സുകളിൽ നിന്ന് ജലം ധർമബുധിയിലേക്ക് പമ്പ് ചെയ്തു കൊണ്ട് ഒരു ശ്രമം നടത്തി ,പക്ഷേ അതിനും കൂടുതൽ ആയുസ്സ് ഉണ്ടായിരുന്നില്ല.1896 ൽ ഹെസറുഘട്ട റിസർവോയറിൽ നിന്നും ബെംഗളൂരു നഗരത്തിന് ആവശ്യമായ ജീവജലം കിട്ടിത്തുടങ്ങിയപ്പോൾ ധർമബുധിയെ വീണ്ടും എല്ലാവരും മറന്നു.
ഭരണകർത്താക്കളും ശ്രദ്ധിക്കാതായപ്പോൾ ആ തടാകം പൂർണമായും വറ്റി വരണ്ടു. 1905 ൽ മൈസൂർ ഗവൺമെന്റ് ഈ ഭാഗത്തെ കുട്ടികളുടെ പാർക്ക് ആക്കി മാറ്റാൻ ബെംഗളൂരുമുനിസിപാലിറ്റിക്ക് നിർദ്ദേശം നൽകി.
വരണ്ട തടാകത്തിന്റെ ഒരു ഭാഗം മീറ്റിംഗുകൾ ഒക്കെ നടത്താനുള്ള മൈതാനമായി ഉപയോഗിച്ച് തുടങ്ങി, 1931 ൽ പണ്ഡിറ്റ് ജവഹർലാൽ നെഹറു പതാക ഉയർത്തി ഒരു ചടങ്ങിൽ സംബന്ധിച്ചിരുന്നു.
ധർമ ബുധി ടാങ്കിന്റെ കിഴക്ക് വടക്ക് ഭാഗം മീറ്റിംഗുകൾ നടത്താനായി ലീസിന് നൽകാമോ എന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുനിസിപ്പാലിറ്റിയോട് ആരാഞ്ഞു, ഒരു വർഷം ആറു രൂപ നിരക്കിൽ 5 വർഷത്തേക്കാണ് ആവശ്യപ്പെട്ടത്, എന്നാൽ മുനിസിപ്പാലിറ്റി അത് നിഷേധിച്ചു.
പിന്നീട് സുഭാഷ് ചന്ദ്ര ബോസിന്റെ ഓർമക്കായി സുഭാഷ് നഗർ എന്ന് പേര് നൽകുകയും ഷോകളും, എക്സിബിഷനുകളും നടത്തിപ്പോന്നു.
വരണ്ട ഈ സ്ഥലത്തു കൂടെ റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള വഴിയായി ജനങ്ങൾ ഉപയോഗിച്ച് തുടങ്ങി.
1950 വരെ ധർമബുധിയുടെ ഒരു ചെറിയ ഭാഗം തടാകമായി തന്നെ നിലനിൽക്കുകയും നഗരത്തിന് ഒരു പരിധി വരെ ആവശ്യമായ ജലം വിതരണം നടത്തുകയും ചെയ്തു പോന്നു.
136294 സ്ക്വയർയാർഡ് വരുന്ന സ്ഥലം 1963ൽ മുനിസിപ്പാലിറ്റി കർണാടക ട്രാൻസ്പോർട്ട് കോർപറേഷന് കൈമാറി.കെഎസ്ആർടിസി അവിടെ ഒരു ബസ് സ്റ്റാന്റ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കി.എക്സിബിഷനുകളും സമ്മേളനങ്ങളും നാടകങ്ങളും നടന്നിരുന്ന സ്ഥലത്തിന് പുറത്ത് ബസുകള്‍ നിര്‍ത്തിയിടാനും യാത്ര ആരംഭിക്കാനും ഉള്ള ബസ് സ്റ്റാന്റ് 1968 ല്‍ നിര്‍മാണം പൂര്‍ത്തിയായി.
എന്നാല്‍ ഇപ്പോള്‍ നമ്മള് കാണുന്ന അര്‍ദ്ധ വൃത്താകൃതിയില്‍ ഉള്ള ബിഎംടിസിയുടെ മജെസ്റ്റിക് ബസ് സ്റ്റാന്റ് നിര്‍മിക്കുന്നത് 1980 ല്‍ ആണ് ,അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഗുണ്ടു റാവു( കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു വിന്റെ പിതാവ്) ആണ് അതിനു മുന്‍കൈ എടുത്തത്.
ഇപ്പോഴും മജെസ്റ്റിക് എന്നാ പേര് വന്നത് എങ്ങനെ എന്ന് മനസ്സിലായില്ല അല്ലെ,1920 ല്‍ അവിടെ സ്ഥാപിതമായ ഒരു സിനിമ കൊട്ടകയുടെ പേര് ആയിരുന്നു “മജെസ്റ്റിക്” പിന്നീട് ആ സ്ഥലത്തെയും ആ പേരിട്ട് വിളിച്ചു എന്ന് മാത്രം.
250 അധികം തടാകങ്ങളാലും ചെറുതും വലുതുമായ ജല ശ്രോതസ്സുകളാലും സമ്പന്നമായിരുന്നു നമ്മ ബെംഗളൂരു,എന്നാല്‍ ഇന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്കെട്ടിയുയര്ത്താന് ഉള്ള ആര്‍ത്തിയില്‍ നമ്മള് ഓരോന്നിനെയായി കൊന്നുകൊണ്ടിരിക്കുന്നു,പല തടാകങ്ങളും മലിനീകരണം മൂലം മരിച്ചു ജീവിക്കുന്നു.ആ ശ്രേണിയിലെ ആദ്യത്തെ “രക്ത സാക്ഷി” ആയിരുന്നു “ധര്‍മബുധി”
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.