ന്യൂയോര്‍ക്ക്: എഴുപത്തി മൂന്നാമത് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. ലോകത്തെ തീവ്രവാദത്തിന്റെ കേന്ദ്രം പാക്കിസ്ഥാനാണെന്ന് പറഞ്ഞ സുഷമ പാക്കിസ്ഥാന്‍ തീവ്രവാദികളെ മഹത്വവത്കരിക്കുന്നുവെന്നും ആരോപിച്ചു.
ഇന്ത്യയുടെ തീവ്രവാദ ഭീഷണി അയലത്തു നിന്നാണെന്ന് ആരോപിച്ച സുഷമാ സ്വരാജ് മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നുവെന്നും തുറന്നടിച്ചു. പാക്കിസ്ഥാനിന്‍റെ പിന്തുണയോടെയുള്ള തീവ്രവാദം ഇന്ത്യയെ വേദനിപ്പിക്കുന്നു. പാക്കിസ്ഥാൻ തീവ്രവാദത്തെയും കൊലയാളികളെയും മഹത്വവൽക്കരിക്കുന്നു. കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാനുമായുള്ള ചർച്ച വേണ്ടെന്നു വച്ചത് പാക് നിലപാടുകൾ കാരണം എന്നും സുഷമാ സ്വരാജ് ആരോപിച്ചു.
പാക്കിസ്ഥാന് തീവ്രവാദികൾ ഹീറോകളാണ്. ഇപ്പോൾ പാക്കിസ്ഥാനെ പിന്തിരിപ്പിച്ചില്ലെങ്കിൽ ലോകത്താകമാനം അവർ തീവ്രവാദം പടർത്തും. പ്രശ്ന പരിഹാരത്തിന് ഇന്ത്യ ചർച്ചയ്ക്ക് തയ്യാറായിരുന്നു. ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ദുഷ്പ്രചാരണം നടത്തുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷേധിക്കാനും അവർ വിദഗ്ധരാണ്. ഒസാമ ബിൻ ലാദനെ കണ്ടെത്തിയത് പാക്കിസ്ഥാനിലാണെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണം. ഭീകരവാദത്തിന്‍റെ വെല്ലുവിളി ഇന്ത്യയ്ക്കെതിരെ ഉയരുന്നത് തൊട്ടപ്പുറത്തെ രാജ്യത്തിൽ നിന്നാണെന്നും സുഷമ പറഞ്ഞു.
തീവ്രവാദത്തോടൊപ്പം കാലാവസ്ഥാ മാറ്റവും മാനവരാശി നേരിടുന്ന വലിയ ഭീഷണിയാണെന്ന് സുഷമ പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിന് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത് വികസ്വര, അവികസിത രാജ്യങ്ങളാണ്. വികസിത രാജ്യങ്ങളുടെ പ്രകൃതിയിലേക്കുള്ള അശാസ്ത്രീയ കടന്നുകയറ്റം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി, ഇപ്പോള്‍ അവര്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറാനാവില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വലിയ രാഷ്ട്രങ്ങള്‍ ചെറിയ രാജ്യങ്ങളെ സഹായിക്കണമെന്ന് സുഷമ ആവശ്യപ്പെട്ടു.
ഇന്‍ഡൊനീഷ്യയിലെ ഭൂകമ്പ ദുരന്തത്തില്‍ അനുശോചനമറിയിച്ച വിദേശകാര്യ മന്ത്രി ദുരന്ത നിവാരണത്തിനായി ഇന്ത്യയുടെ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മോദി സര്‍ക്കാരിന്‍റെ സുപ്രധാന പദ്ധതികളേക്കറിച്ചും സുഷമ സമ്മേളനത്തില്‍ പറഞ്ഞു. ജന്‍ ധന്‍ യോജന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയാണ്. 32 കോടിയിലേറെപ്പേര്‍ പുതിയ അക്കൗണ്ടുകള്‍ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് വഴി വര്‍ഷം 50 കോടിപ്പേര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നുവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.