“ആനയോളം പ്രസംഗവും പിണ്ഡത്തോളം പ്രവൃത്തിയും”നോർക്ക റൂട്സിന്റെ”നവകേരള നിർമാണത്തിനായി പ്രവാസി കൂട്ടായ്മ”യെ അവലോകനം ചെയ്ത് മുത്ത്ഇല്ലത്ത് എഴുതുന്നു.

സെപ്റ്റംബർ 16  ഞായറാഴ്ച ഉച്ച കഴിഞ്ഞു ബാംഗ്ലൂരിൽ മുഴുക്കെ  നല്ല  മഴയായിരുന്നു.കേരളത്തിലെ കർക്കിടക  മഴയെ ഓർമിപ്പിക്കും വിധം  വീശിയടിച്ച കാറ്റും  തിമിർത്തുപെയ്ത മഴക്കൊപ്പമുണ്ടായിരുന്നു.

ഇരുചക്ര വാഹനമുപേക്ഷിച്ചു ഞാനും വിദ്യാരണ്യപുര കൈരളി സമാജത്തിലെ  ശ്രീ രാമൻ കുട്ടിയും ഒരുകുടയിൽ ഒട്ടിപിടിച്ചാണ് ബസ്സും മെട്രോ ട്രെയിനും  പിന്നെ  ഓട്ടോ റിക്ഷയെയും  ആശ്രയിച്ചു്  രൂപ 200 ഓളം ചിലവാക്കി ഒന്നര മണിക്കൂർ  താണ്ടി  30 കിലോ മീറ്റർ  അകലെയുള്ള  ഈസ്റ്റ് കൾച്ചറൽ ഹാളിൽ നോർക്ക വിളിച്ചു  ചേർത്ത ” നവകേരള സൃഷ്ടിക്കായി ബാംഗ്ലൂർ മലയാളികളുടെ കൂട്ടായ്മ “യോഗത്തിനു  എത്തിച്ചേർന്നത്.

അവിടെയെത്തിയ നൂറിൽ  താഴെ പേരിൽ കുറെ അധികം ആളുകൾ ഇങ്ങനെയൊക്കെ തന്നെയാവും വന്നിട്ടുണ്ടാകാവുക.

ബുദ്ധിമുട്ടുകൾ അനുഭവിച്ചും അവിടെയെത്തിയഓരോ  വ്യക്തിയെയും നയിച്ച വികാരം  മഴക്കെടുതിയിൽ എല്ലാം നഷ്ടപെട്ടവർക്ക് എങ്ങിനെ  കൈത്താങ്ങാവാം എന്ന സഹാനുഭൂതി വിചാരം  തന്നെയാണ്.

സേവന മനസ്സോടെ യോഗത്തിനെത്തിയവരെ വരവേറ്റത്  നോർക്ക  വൈസ് ചെയർമാൻ സഖാവ്  ശ്രീ വരദരാജന്റെ  പ്രളയശേഷമുള്ള കേരളത്തിന്റെ  ചിത്രം വിശദീകരിക്കുന്ന അധ്യക്ഷ പ്രസംഗമായിരുന്നു.

” മൂത്ത്‌ കാതലുള്ള ” പല സംഘടനകളുടെയും പ്രതിനിധികളുടെ അഭാവം അനുഭവപ്പെട്ടെങ്കിലും കർണാടക  ലോക കേരള സഭയിലെ  എല്ലാ അംഗങ്ങളുടെയും അറിവില്ലാതെ യോഗം  വിളിച്ചു ചേർക്കാൻ ധൃതി കാണിച്ച ” കാരുണ്യം” നിറകവിഞ്ഞു നിൽക്കുന്ന നേതാവ്  സ്വന്തം സംഘടനയിലെയും കുടുംബത്തിലെയും സ്ത്രീപുരുഷന്മാരെ കൊണ്ടിരുത്തി,കാലിയായ  കസേരയുടെ എണ്ണം  കുറക്കാൻ   സാമർഥ്യം കാണിച്ചത്  കൊണ്ട് യോഗം പരാജയമാവുന്ന തരത്തിൽ ആളനക്കം കുറവായിരുന്നില്ല.

നോർക്ക വൈസ് ചെയർമാന്റെ വാക്കനലുകൾ വരും കേരളത്തെ എങ്ങിനെ സമൃദ്ധിയുടെ ഭൂമികയാക്കാം  എന്നതിലൂന്നിയായിരുന്നു.

ശ്രീ വരദരാജന്റെ വാക്കുകൾക്കു ബഹുമാനം നൽകികൊണ്ട് ചർച്ചയെ സജീവമാക്കിയ പല സംഘടനാ  പ്രതിനിധികളും ഒട്ടേറെ  നല്ല നിർദേശങ്ങൾ നൽകുകയുണ്ടായി.

പരാതികൾക്കിടയിലും തന്റെ സാന്നിധ്യം കൊണ്ട് ശ്രീ സി  പി രാധാകൃഷ്ണൻ ദുരിതാശ്വാസ പ്രവർത്തനത്തിന്  “ഒരുമ” യുടെ ആവശ്യകത വിളിച്ചോതി.

സുവർണ കർണാടക   കേരള സമാജം,കെ  എം സി സി,കേരള സമാജം ചാരിറ്റബിൾ ട്രസ്റ്റ് ,
മലബാർ  മുസ്ലിം അസോസിയേഷൻ , ശ്രീനാരായണ സമിതി,കൈരളി വെൽഫെയർ അസോസിയേഷൻ,കാരുണ്യ ബാംഗളൂരു,ഓൾ ഇന്ത്യ മലയാളി അസ്സിസിയേഷൻ ( ഐമ ), ഓർഗനൈസേഷൻ ഓഫ് യുണൈറ്റഡ് മലയാളീസ് ( ഒരുമ ),വികാസ്  വിദ്യാരണ്യപുര ,
ദീപ്തി വെൽഫെയർ അസോസിയേഷൻ,ശാസ്ത്ര സാഹിത്യ പരിഷത് ,ഫ്രണ്ട്‌സ് അസോസിയേഷൻ….തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിന്റെ ലക്ഷ്യപ്രാപ്തിക്കു സഹായകമാവുന്ന തരത്തിൽ നല്ല നിർദേശങ്ങൾ അവതരിപ്പിക്കുകയുണ്ടായി.

ഇടതു  പക്ഷ  സർക്കാരിന്റെ നവകേരള നിർമിതിക്കുള്ള യോഗത്തിൽ പക്ഷെ , ലീഗുകാരുടെ എണ്ണത്തിനടുത്തുപോലും കമ്മ്യൂണിസ്റ്റുകാരെ  കണ്ടില്ല.ഞാനടക്കമുള്ള ഇടതുപക്ഷ സഹയാത്രികരിൽ നിരാശയുണ്ടാക്കി ബാംഗ്ലൂരിലെ പാർട്ടി മെംബെർമാരായ മലയാളികളിൽ അധികം പേരെയും അവിടെ കാണാത്തതിൽ.പാർട്ടിയിലേക്ക്  പുതിയ തലമുറയെ ആകർഷിക്കാൻ കഴിയാത്ത വിധം തൻപ്രമാണി പ്രവർത്തനവുമായി സർക്കാർ പരിപാടികളുടെ ഗുണഭോക്താക്കളാവുകയും , അതെ സമയം പാർട്ടിയെ ശക്തിപ്പെടുത്തുന്ന ഒരു പ്രവർത്തനത്തിലും പങ്കാളിയാവാതെ , തങ്ങളുടെ കുടുംബ സ്വത്തുപോലെ കൊണ്ടുനടക്കുന്ന സംഘടനയുടെ അഭിവൃദ്ധി മാത്രം ലക്‌ഷ്യം വെക്കുകയും ചെയ്യുന്നവരുടെ  കമ്മ്യൂണിസ്റ്റു വിരുദ്ധ മനോഭാവത്തിൽ പ്രതിഷേധിച്ചാണ്, അവരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ഈ യോഗത്തിൽ നിന്നും യുവതലമുറയടക്കമുള്ള മനുഷ്യസ്നേഹികളായ പല കമ്മ്യൂണിസ്റ്റുകാരും വിട്ടുനിന്നത് എന്നാണ് തിരശീലക്കു പിന്നിലുള്ള സ്വാകാര്യ സംസാരം.

നല്ല കമ്മ്യൂണിസ്റ്റുകാരുടെ   ഉദാഹരണമായി ലോക കേരള സഭയിൽ ഉള്ളവരിൽ പ്രമുഖനായ സഖാവ് ആർ  വി ആചാരിയുടെ അഭാവം  ( അദ്ദേഹം വിദേശരാജ്യത്താണ്‌; കുറച്ചു മാസമായി  )
ഈ  ” നവകേരള നിർമാണ സഹായനിധി”  കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി വിളിച്ച  യോഗത്തിന്റെ തിളക്കമാർന്ന വിജയത്തിന്  മാറ്റുകുറച്ചെങ്കിലും രാഷ്ട്രീയ ഭേദമന്യേ പങ്കെടുത്ത ഭൂരിപക്ഷം പേരും കുറിച്ചുവെക്കേണ്ട നിലവാരമുള്ള നിർദേശങ്ങൾ അവതരിപ്പിക്കുകയുണ്ടായി.

ആ  നിർദേശങ്ങളെ  പ്രവർത്തി പഥത്തിലേക്കു എങ്ങിനെ കൊണ്ട് വരും എന്നതിനെ കുറിച്ച് തുടർചർച്ചകൾക്കു സമയമനുവദിക്കാതെ , യോഗ  ശേഷം  എന്ത്..?, എങ്ങിനെ…? എന്നത്തിനു ഉത്തരം കണ്ടെത്താതെ    ശ്രീ എ ഗോപിനാഥ് അദ്ദേഹത്തിന്റെ പ്രസംഗത്തിനോടൊപ്പം ചർച്ച അവസാനിപ്പിച്ച് , തുടർപ്രവർത്തനത്തിനു ” 17 ” അംഗ  കമ്മിറ്റി പ്രഖ്യാപനത്തിലേക്കു കടക്കുകയാണുണ്ടായത്.

ശ്രീ  ജെ അലക്സാണ്ടറുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തെ ചെയർമാനാക്കി കൊണ്ട് എ ഗോപിനാഥ് തയ്യാറാക്കിയ കുറച്ചു  പേരുടെ ലിസ്റ്റ് “കമ്മിറ്റി”യെന്ന  പേരിൽ പ്രഖ്യാപിക്കാനാണെങ്കിൽ എന്തിനായിരുന്നു കേരളത്തിന്റെ ഖജനാവിൽ കാശില്ലാത്ത  ഈ ദുരിത  കാലത്തു  3  നോർക്ക പ്രതിനിധികൾ ബാംഗ്ലൂരില്‍ വന്നത്  ..?

നോർക്ക  വൈസ്  ചെയർമാൻ യോഗത്തിൽ പ്രഖ്യാപിച്ചത് പ്രകാരം  നമുക്കാവശ്യം പണമാണ്.”ചുരുങ്ങിയത് 50  കോടിയെങ്കിലും ബാംഗ്ലൂരിൽ നിന്നും പിരിച്ചെടുക്കണം.
കർണാടക മലയാളികളുടെ വിഹിതമായി പ്രതീക്ഷിക്കുന്നത്  100  കോടിയാണ്.

മൈസൂരും , മംഗലാപുരവും , റായ്ച്ചൂരും ബൽഗാമിലും   ഒക്കെയുള്ള  മലയാളികൾ കൈകോർത്താൽ  അത് സാധ്യവുമാണ് .”-

സഖാവ് വരദരാജന്റെ വിഷയാവതരണം  കേൾവിക്കാരിൽ ആവേശം ഉണ്ടാക്കിയെങ്കിലും പണം എങ്ങിനെ സമാഹരിക്കണം എന്ന കാര്യത്തിൽ ഒരു തീരുമാനം കണ്ടെത്തുന്നതിന് മുൻപേ ആർക്കോ  വേണ്ടി വിളിച്ചു കൂട്ടിയ  ഒരു ചടങ്ങു പോലെ യോഗത്തിനു തിരശീലയിടുകയാണ് ചെയ്തത്.

” പണ്ടേ വികലാംഗ ഇപ്പോൾ ഇരട്ടകുട്ടികളും ”

എന്ന പുതിയ  ചൊല്ലിനു സമമാണ് ഈ  യോഗ നടപടി ക്രമങ്ങൾ .

ഒരു  മുന്നൊരുക്കങ്ങളുമില്ലാതെ, എല്ലാ മലയാളി സഭാംഗങ്ങളോടും കൂടിയാലോചിക്കാതെ , ബാംഗ്ലൂരിലെ മുഴുവൻ സംഘടനകളെയോ , സാമ്പത്തിക സമാഹരണത്തിനു ഉപയോഗിക്കാവുന്ന പ്രമുഖ വ്യക്തിത്ത്വങ്ങളെയോ ക്ഷണിക്കാതെ  യോഗം ചേർന്നതു  അതിന്റെ ഫലവത്തായ വിജയത്തെ ബാധിക്കുമെന്നതിൽ സംശയമില്ല .

കർണാടക രാഷ്ട്രീയത്തിൽ തിളങ്ങുന്ന മലയാളി നക്ഷത്രങ്ങളെ പ്രഖ്യാപിക്കപ്പെട്ട കമ്മിറ്റി ലിസ്റ്റിൽ എഴുതി ചേർത്തിട്ടുണ്ടങ്കിലും , അവരെ ഈ  പ്രഥമ  യോഗത്തിൽ പങ്കെടുപ്പിക്കാൻ കഴിയാതിരുന്നത്  യോഗ നടത്തിപ്പുകാരുടെ പരാജയം തന്നെയാണ്.

യോഗം വിളിച്ചു  ചേർത്ത ഇടത്തിനുടമകളായ   ഈസ്റ്റ് കൾച്ചറൽ  അസോസിയേഷൻ ഭാരവാഹികളെ പോലും യോഗസ്ഥലത്തു കണ്ടില്ല.10  ലക്ഷം  മുഖ്യമത്രിയുടെ ദുരിതാശ്വാസ നിധിയിലേൽപിച്ചവരാണവർ.അവരുടെ  അസോസിയേഷനിൽ അംഗങ്ങളായുള്ളവർ ഭൂരിപക്ഷവും  സാമ്പത്തിക സമ്പന്നതയിൽ  ഉയരത്തിൽ നിൽക്കുന്നവരാണ്. അവരെയൊക്കെ ഈ യോഗത്തിനെത്തിച്ചിരുന്നങ്കിൽ നോർക്കയുടെ ലക്ഷ്യ പ്രാപ്തി കൂടുതൽ
എളുപ്പമാകുമായിരുന്നു.

ശ്രീ വിഷ്ണു മംഗലം  കുമാർ പീനിയ ഇൻഡസ്ട്രിയൽ ഭാഗത്തുള്ള ഒരു  പ്രമുഖ മരുന്ന് വ്യവസായിയെ  കമ്മിറ്റിയിൽ ഉൾപെടുത്താൻ നിർദേശിച്ചു.അത്തരം  നിർദേശങ്ങളെ സന്തോഷപൂർവം സ്വീകരിക്കുന്നതിന് പകരം കമ്മിറ്റി അംഗങ്ങളുടെ  എണ്ണം കൂടിയാൽ നോർകക്ക് സാമ്പത്തിക  നഷ്ടം സംഭവിക്കും  വിധമാണ് ഉത്തരവാദപ്പെട്ടവർ പ്രതികരിച്ചത്.

ഐ റ്റി മേഖല , വൻകിട വ്യവസായ മേഖല , കച്ചവട മേഖല ,ചെറുകിട ഫാക്ടറി  മേഖല ,വിദ്യാലയങ്ങൾ ,കോർപ്പറേറ്റ് ഓഫീസുകൾ  , ആരാധാനാലയങ്ങൾ ,വൻകിട പാർപ്പിട സമുച്ഛയങ്ങൾ, മലയാളി അസോസിയേഷനുകൾ തുടങ്ങി  നിരവധി ഇടങ്ങൾ
സാമ്പത്തിക സ്രോതസ്സുകളാണ് .

കന്നഡ സിനിമ  മേഖലയിലും അത്യാവശ്യം മലയാളി സാന്നിധ്യമുണ്ട്.അവരെയും  കൂടെ ചേർക്കണം.കൃത്യമായ ആലോചനയും ,കൂട്ടായ പ്രവർത്തനവും , ബാംഗ്ലൂരിലെ ഓരോ പ്രദേശത്തെയും  ഉൾപ്പെടുത്തിക്കൊണ്ട് മുന്നോട്ടു കൊണ്ടുപോകാൻ  കഴിഞ്ഞാൽ ആഗ്രഹിക്കുന്ന പണത്തിലേറെ നവകേരള  നിർമ്മിതിക്ക് ബാംഗ്ലൂരിൽ നിന്നും സമാഹരിക്കാൻ കഴിയും.

അതിനു വേണ്ടത്  വിശാല കാഴ്ചപ്പാടാണ്.അതിരു  വരച്ച കമ്മിറ്റിയോ , ആര് നയിക്കണം എന്ന വാശിയോ ആവരുത്.

ബാംഗ്ലൂരിലെ ഓരോ  മലയാളി വാസസ്ഥലങ്ങളിൽ നിന്നും ആളുകൾ കമ്മിറ്റിയിലേക്ക് വരട്ടെ .
സപ്തംബർ 16നു യോഗത്തിൽ  പങ്കെടുത്ത എല്ലാ സംഘടനകളുടെയും പ്രതിനിധികൾ കമ്മിറ്റിയുടെ ഭാഗമാവട്ടെ.

17  പേരെ  ശ്രീ എ  ഗോപിനാഥ് എഴുതികൊടുത്തപ്പോൾ , അവർ ആരൊക്കെ, എവിടുന്നൊക്കെ , എന്നൊന്നും പരിശോധിക്കാതെ ,യോഗത്തിൽ  നിന്നും ചില പേരുകൾ  ഉയർന്നു വന്നപ്പോൾ നോർക്ക വൈസ് ചെയർമാൻ “ഇനിയാരെയും ചേർക്കേണ്ട”  എന്ന്  വാശി പിടിച്ചത്  കണ്ടാൽ കമ്മിറ്റിക്കാരുടെ എണ്ണം കൂടിയാൽ നോർക്കയുടെ  കീശകാലിയാകും എന്ന് തോന്നിപ്പോകും !!!.

50  കോടി  പിരിക്കാൻ,പണം തരാൻ സന്മനസ്സുള്ളവരെ കണ്ടെത്തിയാൽ  മാത്രം പോരാ.
പണം മുഖ്യമത്രിയുടെ ഫണ്ടിലേക്ക്‌  എത്തി എന്നുറപ്പു വരുത്തുക  കൂടി വേണം.അതിനു  പ്രവർത്തനം വേണം,പ്രവർത്തനത്തിന്  ആളുകൾ വേണം.

17  നിന്നും  അത്  70ഓ  170ഓ ആകട്ടെ.നോർക്കക്കെന്തിനാ വേവലാതി….?നിങ്ങളോടു  ഒരു  ഗ്ളാസ് ചായപോലും  വാങ്ങി തരാൻ ആരും  പറയില്ല .

വിപുലമായി  രൂപീകരിക്കുന്ന പ്രവർത്തക സമിതിയെ  ലോക സഭാ പ്രതിനിധികൾ നയിക്കട്ടെ.

ശ്രീ  അലക്സാ ണ്ടർ ബാംഗ്ലൂർ മലയാളികളുടെ പൊതു സ്വത്താണ്.അദ്ദേഹത്തിന്റെ  നേതൃത്വം ലക്ഷ്യ സ്ഥാനം ഒന്നുകൂടി എളുപ്പമാക്കും.പക്ഷെ ശ്രീ അലക്സാണ്ടറുടെ സാന്നിധ്യം നോർക്ക വൈസ് ചെയർമാൻ  ഉറപ്പു വരുത്തണം.

വരും നാളുകളിൽ ഇന്ത്യയിലെ വിവിധ  നഗരങ്ങളിൽ വിളിച്ചു ചേർക്കാനിരിക്കുന്ന ഇത്തരം യോഗങ്ങൾ കുറ്റമറ്റതാകാൻ ബാംഗ്ലൂരിലെ വീഴ്ചയിൽ നിന്നും പാഠമുൾക്കൊണ്ട് , മനസ്സ് വിശാലമാക്കി പ്രവർത്തിച്ചാൽ നോർക്കക്കും   കേരളത്തിനും അത് മുതൽക്കൂട്ടാകും.

അല്ലങ്കിൽ  കാലിയായ ഖജനാവിന് കൂടുതൽ ആഘാതം ഏല്പിക്കാൻ  മാത്രമേ നോർക്കയുടെ ഓൾ  ഇന്ത്യ യാത്ര ഉപകരിക്കൂ .

ഇങ്ങനെയൊക്കയാണ് കാര്യങ്ങളെങ്കിലും ഒരാളെ അഭിനന്ദിക്കാതെ വയ്യ .ചാർജെടുത്തു അധികം മാസങ്ങളാവാത്ത ബാംഗ്ലൂർ നോർക്ക ഓഫീസർ  ശ്രീമതി റീസ രഞ്ജിത്തിനെ.

അവരുടെ ആത്മാർത്ഥമായ പ്രവർത്നത്തിന്റെ ഫലമാണ് അകം പുകയുന്ന  ബാംഗ്ലൂർ മലയാളി സംഘടനാ സംവിധാനത്തിൽ ഇത്രയെങ്കിലും പ്രതിനിധികളെ  പങ്കെടുപ്പിക്കാൻ കഴിഞ്ഞത് .വലിയൊരു  ശതമാനം സംഘടനകളും വ്യക്തികളും  ഈ യോഗത്തിനു  പുറത്തു തന്നെയായിരുന്നു എന്ന യാഥാർത്യത്തിനിടയിലും ശ്രീമതി റീസയുടെ പ്രവർത്തനം മാതൃകാപരമാണ് .

യോഗവിവരം അറിഞ്ഞിട്ടും പങ്കെടുക്കാതിരുന്നവർ പറയുന്നത് , അതിനു കാരണക്കാർ  ഇടതുപക്ഷ ഭരണകാലത്തു സർക്കാർ തലത്തിലുള്ള എല്ലാ ഒത്തുചേരലുകളും
“തങ്ങളുടെ നിയന്ത്രണത്തിൽ മതി ” എന്ന ചിലരുടെ മനോഭാവതോടുള്ള പ്രതിഷേധവും , അത്തരക്കാരോടുള്ള മടുപ്പും ആണെന്നാണ്.

അവർ  തന്നെയാണ്, കേരള സംഗീത  നാടക അക്കാദമി കമ്മിറ്റിയെയും , മലയാളം മിഷൻ പ്രവർത്തനത്തെയും സ്വന്തക്കാരെ തിരുകിക്കയറ്റി പെട്രോൾ തീർന്ന  വാഹനം പോലെയാക്കിയത് .

മലയാളം  മിഷൻ ബാംഗ്ലൂരിൽ ഇന്ന് സജീവമായി നിലനിൽക്കുന്നത്  അതിന്റെ കോഡിനേറ്റർ ബിലൂ സി നാരായണന്റെയും, ദാമോദരൻ മാഷ് , ടോമി, ഷാഹിന  ടീച്ചർ, തങ്കച്ചൻ പന്തളം, റോയ്  തുടങ്ങി ചുരുക്കം ചിലരുടെ ആത്മാർത്ഥതയുടെയും ഫലമാണ്.പിന്നെ സേവന സന്നദ്ധതയോടെ പ്രവർത്തിക്കുന്ന  നൂറു കണക്കിന് അധ്യാപകരുടെയും.

മലയാളം മിഷൻ പ്രവർത്തനത്തിനായി രൂപീകരിച്ച കർണാടക കമ്മിറ്റി  കുറെ മാസങ്ങളായി ശവശയ്യയിലാണ് .

സർക്കാരിന് കീഴിലെ വകുപ്പുകൾ വഴി ഉണ്ടാക്കപ്പെടുന്ന കമ്മറ്റികളിൽ  തങ്ങളുടെ
” പ്രശംസാ പ്രസംഗകരെ “തിരുകി  കയറ്റുന്ന ശീലം  ഓരോ ഭരണകാലത്തും  അതാത്  ഭരണ പാർട്ടിക്കാർ  നടത്തുന്ന മാമൂലുകളാണ്.
ദുരിതമകറ്റാൻ പണം സമാഹരിക്കേണ്ട  ഈ ഘട്ടത്തിൽ  അത്തരമൊരു വ്യക്തിതാല്പര്യ   കമ്മിറ്റിക്കു പകരം, 50  കോടിയുടെ ലക്ഷ്യത്തിലെത്താൻ ആരെയൊക്കെ ഉൾപെടുത്താൻ പറ്റുമോ  അവരെയൊക്കെ ഉൾപ്പെടുത്തി  വിപുലമായ  ഫണ്ട് സമാഹരണത്തിനു തുടക്കമിടുകയായിരുന്നു വേണ്ടിയിരുന്നത്.
17  പേരടങ്ങുന്ന  കമ്മിറ്റി  മതി എന്നാണ്  ശ്രീ വരദരാജൻ പറഞ്ഞത്.അവിടെ  18  പേരെ പ്രഖ്യാപിക്കുകയും  ചെയ്തു.പത്ര വാർത്തയിൽ  21  അംഗ കമ്മിറ്റിയായി   അത് വർധിച്ചു .!!!.

കമ്മിറ്റി അംഗങ്ങൾക്ക് യാത്രാ കൂലിയോ  ദിവസ വേതനമോ പ്രഖ്യാപിക്കാത്തിടത്തോളം കമ്മിറ്റിയുടെ  വലുപ്പം കൂടുന്നതിലെന്താണ് തെറ്റ്..?

ശ്രീ എ  ഗോപിനാഥ് എഴുതി കൊടുത്ത കടലാസ് നോക്കിവായിക്കാൻ  മാത്രം നോർക്ക  വൈസ് ചെയർമാൻ ബാംഗ്ലൂരിൽ വരണമായിരുന്നോ. ?

സ്വന്തം കീശയിലെ  ചില്ലറ ചിലവഴിച്ചു യോഗത്തിനു  വന്ന് “കൈയ്യടി നേടിയ” നിർദേശങ്ങൾ നൽകിയ പല  സംഘടനാ പ്രതിനിധികളെയും  ഈ പണപ്പിരിവ്   കമ്മിറ്റിയിൽ ഉൾപെടുത്തിയിരുന്നെങ്കിൽ നൂറു രൂപ  കൂടുതൽ സമാഹരിക്കാനല്ലേ  അത് ഉപകരിക്കുക .?

അത്തരം അഗത്വങ്ങൾ അവരിൽ ഉത്തരവാദിത്തവും  ആത്മവിശ്വാസവും വർധിപ്പിക്കും .

കേരളത്തിലെ രണ്ടു  ജില്ലകളുടെ വലുപ്പം വരുന്ന  ബാംഗ്ലൂർ നഗരത്തിൽ ഏതൊക്കെ പ്രദേശത്തുള്ളവർ ഈ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്..?

ബാംഗ്ലൂരിന്റെ  എല്ലാ പ്രദേശത്തുള്ളവരെയും ഉൾപ്പെടുത്തി  വിശാലമായ  ഒരു
പ്രവർത്തന സമിതി രൂപീകരിക്കാൻ  നോർക്കയുടെ ഭരണ തലത്തിലുള്ളവർ വിവേകം
കാണിച്ചിരുന്നെങ്കിൽ 50  കോടി എത്തിപ്പിടിക്കാവുന്ന ദൂരത്തായേനെ.

പകരം, യോഗത്തിൽ  പങ്കെടുത്ത വിവിധ സംഘടനകളുടെ ഓരോ പ്രതിനിധികളെ പോലും ഉൾപ്പെടുത്താതെ ചിലരുടെ പേനയിൽ വിരിഞ്ഞ പേരുകൾ പ്രഖ്യാപിച്ചു  യോഗനടപടികൾ അവസാനിപ്പിച്ച അധ്യക്ഷൻ ഇനി കൂടാനിരിക്കുന്ന മറ്റു നഗരങ്ങളിലെങ്കിലും കൂടുതൽ കരുതലോടെ കാര്യങ്ങൾ ചിട്ടപ്പെടുത്തണം .

കേരള നവ നിർമാണ പ്രക്രിയയിൽ  പങ്കുചേരാൻ വരുന്ന  മുഴുവൻ സംഘടനകളെയും കമ്മിറ്റിയുടെ ഭാഗമാക്കി അവരുടെ വിശ്വാസം ആർജ്ജിക്കണം. നൂറു  പേരുള്ളിടത്തെ 50  പേരെ സേവനത്തിനായി ലഭിക്കൂ .

മുംബൈ , ചെന്നൈ. ഡൽഹി , ഹൈദരാബാദ് തുടങ്ങിയ നഗരത്തിലോട്ടുള്ള യാത്രയുടെ തുടക്കമാണ്  ബാംഗ്ലൂരിൽ നിന്നാരംഭിച്ചതെന്നു നോർക്ക വൈസ് ചെയർമാൻ അറിയിക്കുകയുണ്ടായി.

സർ…

ബാംഗ്ലൂർ മാത്രമല്ല, ഒട്ടുമിക്ക എല്ലാ നഗരങ്ങളിലും മലയാളിയുടെ സംഘടനാ സാഹോദര്യം  ഇങ്ങനെയൊക്കെ തന്നെയാണ്.

കൊടിയുടെ നിറവും , സോപ്പിടലിന്റെ സുഗന്ധവും ആസ്വദിച്ചു “നവകേരളത്തിനു കൈതാങ്ങാവാൻ” ചിലരുടെ വാതിലുകളിൽ മാത്രം മുട്ടിയാൽ പ്രവാസികളുടെ പണം ചിലരിൽ നിന്ന്  മാത്രമേ കുടുക്കയിൽ വീഴുകയുള്ളു .

എന്നെ  പോലുള്ളവർക്ക് ഇത്തരം  സത്യങ്ങൾ വിളിച്ചുപറയേണ്ടി വരുന്നത് അപ്പോഴാണ്.
ഈയുള്ളവൻ  നിങ്ങളുടെ പ്രവർത്തികൾക്ക് “വഴിമുടക്കിയായി” താങ്കൾക്കൊക്കെ തോന്നുന്നതും അതുകൊണ്ടു തന്നെ.

രാഷ്ട്രീയ ശത്രുക്കൾക്കു പോലും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അഭിമാനമായി പരിണമിച്ച ഈ വർത്തമാന കാലത്തു, ഭരണ സംവിധാനത്തിന് കീഴിലെ ഓരോ വകുപ്പുകളും എങ്ങിനെ പ്രവർത്തിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചാണ് നവകേരളത്തിന്റെ കെട്ടിപ്പടുക്കലിൽ ഓരോ കല്ലും മുകളിലേക്ക് ഉയരുക .

തെറ്റിന്റെ ചെറിയ സുഷിരം കണ്ടെത്താൻ  മാധ്യമങ്ങളും , പ്രതിപക്ഷവും കൺ  പോളകൾക്കിടയിൽ
” തീപ്പെട്ടിക്കോല് ” വെച്ച് ഉറക്കമുപേക്ഷിച്ചിരിപ്പാണ് .

അത്തരക്കാർക്കു  എഴുതാനുള്ള മഷിയാവാതെ എല്ലാ പ്രവാസി മലയാളികളുടെയും സഹകരണത്തിൽ നവ  കേരളം കെട്ടിപ്പടുക്കാൻ കഴിഞ്ഞാൽ നോർക്കയും  ആ  വിജയത്തിന്റെ മാനത്തു  തിളക്കമുള്ള നക്ഷത്രമായി നിലനിൽക്കും, നോർക്കയെ  ഇപ്പോൾ നയിക്കുന്നവരും .

മുത്തില്ലത്ത്.

ബാംഗ്ലൂർ
09481513120
[email protected]

(കാഴ്ചപ്പാട് പേജിൽ പ്രസിദ്ധീകരിക്കുന്നത് ഓരോ എഴുത്തുകാരന്റെയും കാഴ്ച്ചപ്പാടുകളാണ്, അതിൽ ചേർത്തിരിക്കുന്ന പരാമർശങ്ങൾക്കും നിലപാടുകൾക്കും മറുപടി പറയാൻ ഞങ്ങൾ ബാധ്യസ്ഥരല്ല, നിങ്ങളുടെ കാഴ്ചപ്പാടുകൾ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ [email protected] എന്ന ഇമെയിലിലേക്ക് എഴുതുക – ടീം ബെംഗളൂരു വാർത്ത )

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us