ബംഗളൂരു: ബലാത്സംഗക്കേസിൽ മാണ്ഡ്യയിലെ വിവാദ ആൾദൈവം വിദ്യഹംസ ഭാരതിയെ അറസ്റ്റ് ചെയ്യാതെ കർണാടക പൊലീസ്. ഭർത്താവിന്റെ സഹായത്തോടെ വിദ്യഹംസയും അനുയായികളും വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് മൈസൂരുവിലെ യുവതി അഞ്ച് ദിവസം മുമ്പാണ് പരാതി നൽകിയത്.
എന്നാല് പ്രാഥമിക പരിശോധനകൾ പൂർത്തിയായ ശേഷമേ അറസ്റ്റുളളൂവെന്ന് പൊലീസ് ഇപ്പോഴും പറയുന്ന വാദം. മാണ്ഡ്യ പാണ്ഡവപുരയിലെ ത്രിധമ ക്ഷേത്രത്തിലെ സ്വയം പ്രഖ്യാപിത ആൾ ദൈവം വിദ്യഹംസ ഭാരതിക്കെതിരെയാണ് പരാതി. ആട്ടവും പാട്ടും നിറഞ്ഞ ആശ്രമരീതികൾ കൊണ്ട് വ്യത്യസ്തനാണ് വിദ്യഹംസ.
കടം തീർക്കാൻ വിദ്യഹംസയ്ക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ച ഭർത്താവ് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. മൈസൂരു കുവെംപു നഗർ പൊലീസിന് നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഇങ്ങനെ. ലക്ഷങ്ങളുടെ കടമുണ്ടായിരുന്നു യുവതിയുടെ ഭർത്താവിന്.
കടം തീർക്കാൻ പോംവഴികളന്വേഷിച്ച ഭർത്താവ് ഒടുവിൽ വിദ്യഹംസ സ്വാമിയുടെ പേര് പറഞ്ഞു. അദ്ദേഹത്തെ കണ്ടാൽ എല്ലാ പ്രശ്നവും തീരുമെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ആശ്രമത്തിലെത്തി കാണാൻ നിർബന്ധിച്ചു. അസംബന്ധമെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞുമാറി.
ഇക്കഴിഞ്ഞ സെപ്തംബർ മൂന്നിനും ഭർത്താവ് സ്വാമിയെ കാണാൻ ചെല്ലാൻ നിർബന്ധം പിടിച്ചു. യുവതി പോയില്ല.സെപ്തംബർ നാലിന് പുലർച്ചെ ഒരു മണിക്കാണ് സംഭവങ്ങളുടെ തുടക്കം. കാളിങ് ബെൽ അടിച്ചത് ഭർത്താവ് ആണെന്ന് കരുതി യുവതി വാതിൽ തുറന്നു. ഭർത്താവുണ്ടായിരുന്നു.
ഒപ്പം സ്വാമി വിദ്യഹംസയുടെ അയാളുടെ നാല് അനുയായികളും. വാതിൽ തുറന്നയുടൻ വിദ്യഹംസ യുവതിയെ തളളിയിട്ടു. മുടി കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടു. കിടപ്പുമുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറി. ഈ സമയമെല്ലാം സ്വാമിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു ഭർത്താവ്.
മർദിച്ച് അവശയാക്കിയ ശേഷം തന്റെ വസ്ത്രങ്ങൾ കത്തിച്ചുവെന്ന് യുവതി പറയുന്നു. തുണിപോലുമില്ലാതെ അയൽപ്പക്കത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഭർത്താവും സ്വാമിയുടെ അനുയായികളും ചേർന്ന് ബലമായി പിടിച്ച് തന്നെ ഒരു കാറിൽ കയറ്റി. വിദ്യഹംസയും അതിലുണ്ടായിരുന്നു.
സ്വാമിക്ക് വഴങ്ങിക്കൊടുക്കാൻ ഭർത്താവ് നിർബന്ധിച്ചുകൊണ്ടിരുന്നു. വാഹനത്തിൽ വച്ച് പീഡനം തുടർന്നു. ഒടുവിൽ സഹോദരിയുടെ വീട്ടിൽ ഇറക്കിവിട്ടെന്നാണ് പരാതി. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വഴങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ അറിയിക്കാൻ മൂന്ന് ദിവസം നൽകി.
ഭയന്ന യുവതി പിറ്റേദിവസം, അതായത് സെപ്തംബർ അഞ്ചിന് തന്നെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കേസെടുക്കാൻ തയ്യാറായത് സെപ്തംബർ ആറിന്. ഇതുവരെ സ്വാമിയെയും യുവതിയുടെ ഭർത്താവിനെയും അറസ്റ്റുചെയ്തിട്ടില്ല.
ഉന്നത രാഷ്ട്രീയ നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ഇയാൾക്കുളള അടുത്ത ബന്ധമാണ് പിന്നിലെന്ന് ആക്ഷേപമുണ്ട്. എന്നാൽ മനപ്പൂർവം അറസ്റ്റ് വൈകിപ്പിക്കുന്നില്ലെന്നും വൈദ്യപരിശോധന പൂർത്തിയായാൽ നടപടിയെടുക്കുമെന്നും മൈസൂരു പൊലീസ് കമ്മീഷണർ സുബ്രമണ്യ വ്യക്തമാക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.