സേലം : തിരുവാകൗണ്ടന്നൂർ സെന്റ് മേരീസ് ദേവാലയമുറ്റത്ത് നാലു മൃതദേഹങ്ങൾക്ക് ഒപ്പീസു ചൊല്ലുമ്പോൾ ഇതൊന്നുമറിയാതെ മൂന്നരവയസ്സുകാരൻ ഈദൻ തൊട്ടടുത്ത ഹോളി ഫാമിലി കോൺവന്റിലെ സിസ്റ്റർമാരുടെ തോളിലുറങ്ങുകയായിരു.ബസപകടത്തിൽ മരിച്ച അവന്റെ അച്ഛനും അമ്മയും വല്യപ്പച്ചനും വല്യമ്മച്ചിയുമാണ് ആംബുലൻസിലുള്ളത്. ഒരു നേരം പോലും ഇവരെ പിരിഞ്ഞിരിക്കാത്ത ഈദനറിയില്ല അവന്റെ പ്രിയപ്പെട്ടവർ ഉണരാത്ത ഉറക്കത്തിലാണെന്ന്
ബെംഗളൂരുവിൽ സ്ഥിരതാമസക്കാരായ ആലപ്പുഴ എടത്വ കാട്ടാമ്പള്ളി വീട്ടിൽ ജോർജ് ജോസഫും ഭാര്യ അൽഫോൺസയും മകൾ ഡിനു മേരി ജോസഫും മരുമകൻ സിജി വിൻസെന്റും അപകടത്തിൽ മരിച്ചതോടെ ഈദനൊപ്പം അനാഥയായ മറ്റൊരാൾ കൂടിയുണ്ടായിരുന്നു കരഞ്ഞു തളർന്ന് പള്ളിമുറ്റത്ത്. ഡിനുവിന്റെ സഹോദരി ഡാനു. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഈദനും ഡാനുഡാനുവും അവിടെയെത്തിയവരുടെ മനസ്സിലെ നൊമ്പരക്കാഴ്ചയായി.
പുറപ്പെട്ടത് മാറ്റിവച്ച വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ഈ കുടുംബം ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു പുറപ്പെട്ടത്. അൽഫോൺസയുടെ സഹോദരിയുടെ മകൻ സോബിന്റെ വിവാഹം 19 നാണ് തീരുമാനിച്ചതെങ്കിലും പറവൂർ ആലങ്ങാട് പ്രദേശത്തെ പ്രളയം കാരണം ഇന്നലത്തേക്കു മാറ്റുകയായിരുന്നു. രാവിലെ ആയിട്ടും ബസ് വരാത്തതിനെത്തുടർന്ന് നാട്ടിലെ ബന്ധുക്കൾ വിളിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്.
തമിഴ്നാട്ടിലും കേരളത്തിലുമുള്ള ബന്ധുക്കൾ വിവരമറിഞ്ഞു സേലത്തെത്തും വരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമാരുടെ പരിചരണത്തിലായിരുന്നു കുഞ്ഞ് ഈദൻ. ആരുടെ കുഞ്ഞാണെന്നൊന്നും ആശുപത്രിക്കാർക്ക് അറിയില്ലായിരുന്നു. പാലക്കാട് സ്വദേശിയായ പള്ളി വികാരി ഫാ. ജിജോ പാറയിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയത്. പള്ളിയിലെ പ്രാർഥനയ്ക്ക് രാമനാഥപുരം രൂപതയിലെ വിവിധ ഇടവകകളിലെ വൈദികർ എത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.