ഹൈദരാബാദ്: ചൂതാട്ടം മൂലം വരുത്തിവച്ച 15 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും അഞ്ച് മക്കളെയും വില്ക്കാന് ഓട്ടോ ഡ്രൈവറുടെ ശ്രമം.
ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിലാണ് സംഭവം. ഓട്ടോഡ്രൈവറായ മുപ്പത്തെട്ടുകാരനാണ് ഭാര്യയെയും അഞ്ച് മക്കളെയും ലക്ഷങ്ങള്‍ വിലയിട്ട് വില്‍പ്പനയ്ക്ക് വച്ചത്. കഴിഞ്ഞ മാസമാണ് നാല് പെണ്‍കുട്ടികളടക്കം അഞ്ച് മക്കളെ വില്ക്കാന് ഇയാള്‍ ഒരു സംഘവുമായി രഹസ്യധാരണയിലെത്തിയത്. 12 വയസ്സുള്ള മകളെ 1.5 ലക്ഷം രൂപയ്ക്ക് വില്‍ക്കാനും ഭാര്യയെ അഞ്ച് ലക്ഷം രൂപക്ക് ബന്ധുവിന് കൈമാറാനും ഇയാള്‍ ധാരണയിലെത്തിയിരുന്നു.
ഋതുമതിയായാലുടന്‍ മകളെ കൈമാറാമെന്നും അയാള്‍ വാങ്ങാനെത്തിയവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതായാണ് വിവരം. തന്നെയും മക്കളെയും ഭര്‍ത്താവ് വില്‍പ്പന നടത്തുകയാണെന്ന സത്യം അടുത്തിടെയാണ് ഭാര്യ അറിയുന്നത്. തുടര്‍ന്ന് ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി മക്കളയും കൂട്ടി സ്വന്തം വീട്ടിൽ അഭയം തേടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഇയാളുടെ ഈ ശ്രമത്തെ ചോദ്യം ചെയ്ത ശിശു ക്ഷേമസമിതിയോട് തന്റെ മകളെ തോന്നിയത് പോലെ ചെയ്യുമെന്നായിരുന്നു ഇയാളുടെ മറുപടി. ഇതേ തുടര്‍ന്ന്, 17,12 വയസുള്ള പെണ്‍കുട്ടികളെ രക്ഷാ ഭവനിലേക്ക് മാറ്റി.
തന്റെ മക്കളെ രക്ഷിക്കാനാണ് സ്വന്തം വീട്ടിലേക്ക് മാറിയതെങ്കിലും അയാളുടെ ഉപദ്രവം ഇപ്പോഴും തനിക്കും മക്കള്‍ക്കുമെതിരെയുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു.
പരാതിയില്‍ വിശദമായ അന്വേഷണം നടത്തി മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യൂവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ കുട്ടികളുടെ പിതാവിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ശിശുക്ഷേമ വകുപ്പ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.