അര്‍ജന്റീന ആരാധകര്‍ മാത്രമല്ല അര്‍ജന്റീനിയന്‍ വിരോധികളും ഒരിക്കലെങ്കിലും അറിയാതെയെങ്കിലും പ്രാര്‍ത്ഥിച്ച നിമിഷം അടുത്ത മത്സരത്തില്‍ ആര്‍ജന്റീന ജയിക്കണമെന്ന്. ആ പ്രാര്‍ത്ഥന ഫലം കണ്ടു. മൂന്നാം മത്സരത്തില്‍ അര്‍ജന്റീന ഉയര്‍ത്തെഴുന്നേറ്റു. മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ഐസ്‌ലന്‍ഡിനെതിരെയും ക്രൊയേഷ്യയ്‌ക്കെതിരെയും കളിച്ച മെസിയേയായിരുന്നില്ല നൈജീരിയയ്‌ക്കെതിരെ കണ്ടത്.
മെസിയുടെ ആദ്യ ഗോള്‍ പിറന്നപ്പോള്‍ ഗ്യാലറി മാത്രമല്ല, ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ഇളകിമറിഞ്ഞു. ഇതോടെ മിശിഹ എന്ന മെസിയുടെ പേരും പ്രവര്‍ത്തിയും അര്‍ത്ഥവത്തായി. ഇതേ മിശിഹായുടെ മറ്റൊരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
നൈജീരിയയ്‌ക്കെതിരെയുള്ള മത്സരശേഷം തന്നോടു ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുകയായിരുന്നു മെസി. കളിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് അര്‍ജന്റീന റിപ്പോര്‍ട്ടര്‍ മുമ്പ് മെസിക്ക് നല്‍കിയ ഒരു സമ്മാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്.
അര്‍ജന്റീന ഐസ്‌ലാന്‍ഡിനോട് സമനില വഴങ്ങിയ ജൂണ്‍ 16നായിരുന്നു ഒരു ചുവന്ന റിബണ്‍ സമ്മാനമായി മാധ്യമ പ്രവര്‍ത്തകന്‍ മെസിയ്ക്ക് നല്‍കിയത്. ‘ഇത് ഒരു മന്ത്രച്ചരടാണ്. അമ്മ നിങ്ങള്‍ക്ക് തരാന്‍ ഏല്‍പ്പിച്ചതാണ്. അവര്‍ക്ക് എന്നേക്കാള്‍ ഇഷ്ടം ഈ ലോകത്ത് നിങ്ങളോടാണ്. അതുകൊണ്ട് ഇത് നഷ്ടപ്പെടുത്തരുത്’ മാധ്യമപ്രവര്‍ത്തകന്‍ മെസിയോട് പറഞ്ഞിരുന്നു.
ആ ചരട് ഇപ്പോഴും കൈവശമുണ്ടോ അതോ കളഞ്ഞോ എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഒരു ചെറു പുഞ്ചിരിയോടെയായിരുന്നു മെസിയുടെ മറുപടി. ‘ഇതാ ഇങ്ങോട്ട് നോക്കൂ.’ ആ ചരട് കെട്ടിയ കാലുകള്‍ മെസി ഉയര്‍ത്തിക്കാണിച്ചു. വെറുമൊരു ആരാധകന്‍റെ സമ്മാനം ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന മെസിയുടെ പ്രവര്‍ത്തിയെ ഫുട്‌ബോള്‍ ലോകം ഒന്നടങ്കം പ്രശംസിക്കുകയാണിപ്പോള്‍. ഇതുതന്നെയാണ് മെസ്സിയെ ലോകം ഇത്രയും ഇഷ്ടപ്പെടുന്നതും.
വീഡിയോ കാണാം:
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.