ബെംഗളൂരു : ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ പറത്താനുള്ള സംഘത്തിൽ കന്നഡ നാട്ടിൽ നിന്നുള്ള വനിതാ പൈലറ്റും. ചിക്കമഗളൂരു സ്വദേശിയായ മേഘ്ന ഷാൻബോഗാണു ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായി പോർവിമാനം പറത്തുന്ന വനിതാ സംഘത്തിൽ ഇടംനേടിയത്. വ്യോമസേനയിലെ ആറാമത്തെ വനിതാ പോർവിമാന പൈലറ്റായ മേഘ്ന ഡിൻഡിഗലിലെ എയർഫോഴ്സ് അക്കാദമിയിൽ നിന്നാണ് പരിശീലനം
പൂർത്തിയാക്കിയത്.
ചിക്കമഗളൂരുവിലെ മഹർഷി വിദ്യാമന്ദിർ പബ്ലിക് സ്കൂൾ, ഉഡുപ്പി ലിറ്റിൽ റോക്ക് ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മൈസൂരു ജയചാമരാജേന്ദ്ര കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് ബിരുദവും നേടി. കോളജിലെ സാഹസിക ക്ലബ്ബിൽ അംഗമായതോടെയാണു പൈലറ്റാവണമെന്ന മോഹം സജീവമായതെന്നു മേഘ്ന പറഞ്ഞു. 2017 ജൂണിൽ ഫ്ലൈറ്റ് കെഡറ്റ് വിഭാഗത്തിൽ പ്രവേശനം ലഭിച്ചു. അഭിഭാഷകനായ എം.കെ.രമേശിന്റെയും ഉഡുപ്പി ജില്ലാ ഉപഭോക്തൃഫോറം ജഡ്ജി സി.വി.ശോഭയുടേയും മകളാണ്. നിർണയ് ആണ് സഹോദരൻ.