ബെംഗളൂരു : അഞ്ചു മാസത്തെ കുടിശിക ആവശ്യപ്പെട്ട് കരാറുകാർ നടത്തിയ സമരത്തെ തുടർന്നു നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചു. നഗരത്തിലെ നിരത്തുകളിൽ കുമിഞ്ഞുകൂടിയ മാലിന്യം പ്രദേശവാസികൾക്കും കാൽനടയാത്രക്കാർക്കുമാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്. മാലിന്യം നീക്കിയതിന്റെ തുക അഞ്ചു മാസമായി നൽകിയിട്ടില്ലെന്നാരോപിച്ച് നൂറുകണക്കിനു കരാറുകാരാണ് ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചത്. വീടുകളിൽ രാവിലെയെത്തി മാലിന്യം എടുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളും കരാറുകാർ ഉപേക്ഷിച്ചു.
ഇവർക്കു നൽകാനുള്ള പണം ഉടൻ നൽകുമെന്നു ബെംഗളൂരു വികസന വകുപ്പിന്റെ കൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. കരാറുകാർക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സർക്കാരിനെ നേരിട്ടു സമീപിക്കാം. ബെംഗളൂരുവിലെ മാലിന്യ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു മാസമായി 200 കോടിയോളം രൂപയാണ് കുടിശികയുള്ളത്. ഇതു സംബന്ധിച്ച് മാലിന്യ ട്രക്ക് ഉടമകളും കരാറുകാരുമായി ജി.പരമേശ്വരയും മേയർ ആർ.സമ്പത്ത്രാജും ഉടൻ ചർച്ച നടത്തും.
അതേസമയം, മാലിന്യം നീക്കാൻ സ്വന്തം സംവിധാനമില്ലാത്തതിനാലാണ് ബിബിഎംപി കരാറുകാർക്കു വഴങ്ങേണ്ടിവരുന്നതെന്നാണു നഗരവാസികളുടെ ആരോപണം. മാലിന്യം നീക്കുന്ന ട്രക്കിന്റെ വാടകയ്ക്കു പുറമെ ഡ്രൈവർക്കും സഹായിക്കും ശമ്പളം നൽകേണ്ട ചുമതലയും ബിബിഎംപിക്കാണ്. മാലിന്യം ശേഖരിക്കുന്നതുൾപ്പെടെയുള്ള ജോലികൾ പൗരകർമികരെ (തൂപ്പു ജോലിക്കാർ) കൊണ്ടാണ് ചെയ്യിക്കുന്നതെന്നും സന്നദ്ധ സംഘടനാ പ്രവർത്തകർ ആരോപിക്കുന്നു.
ഓരോ തവണയും കരാറുകാരുടെ നിർബന്ധത്തിനു വഴങ്ങി അവരുടെ വാടക കൂട്ടി നൽകാൻ തയാറാകുന്ന ബിബിഎംപി, തൂപ്പുജോലി ചെയ്യുന്ന ആയിരക്കണക്കിനു സ്ത്രീകൾക്കു കൃത്യമായി ശമ്പളം നൽകാൻ പോലും തയാറാകുന്നില്ല. മാലിന്യം നീക്കുന്ന ട്രക്കിന് ഒന്നരലക്ഷം രൂപയും ഓട്ടോറിക്ഷയ്ക്കു 48000 രൂപയുമായിരുന്നു നേരത്തെ പ്രതിമാസ വാടക. സമ്മർദത്തെ തുടർന്ന് ഇവ യഥാക്രമം 2.5 ലക്ഷം, 63000 എന്നിങ്ങനെ ഉയർത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. കുടിശിക നൽകുന്നതിനൊപ്പം പുതുക്കിയ ഈ നിരക്കുകൾ എത്രയും വേഗം പ്രാബല്യത്തിലാക്കണമെന്നതാണ് സമരം ചെയ്യുന്ന കരാറുകാരുടെ പ്രധാന ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.