ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയിലെ കർഷകസമരം ഏഴാം ദിവസത്തില്‍ എത്തിനില്ക്കുമ്പോള് ആശ്വാസ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാർ. കരിമ്പ് കര്‍ഷകര്‍ക്കായി 7000 കോടി രൂപയുടെ ആശ്വാസ പദ്ധതിക്കാണ് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയത്.
സമരത്തിന്റെ അവസാന പടിയായ ഭാരത് ബന്ദിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏഴായിരം കോടി രൂപയുടെ താല്‍ക്കാലിക ആശ്വാസ പദ്ധതിയുമായി എത്തിയത്. എന്നാല്‍, ഞായറാഴ്ച ബന്ദ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
അമിത ഉല്‍പ്പാദനം മൂലം വിലയിടഞ്ഞതോടെ കര്‍ഷകര്‍ക്ക് പണം നല്കാന് പഞ്ചസാര മില്ലുകള്‍ക്ക് കഴിയാതായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഉത്തര്‍പ്രദേശില്‍ മാത്രം 12,000 കോടി രൂപയാണ് കുടിശിക.
അതേസമയം, അധികാരത്തിലേറിയാല്‍ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടന്ന കര്‍ഷക റാലിയില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 15 വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തില്‍ നിന്ന് അകന്ന് നില്ക്കുന്ന കോണ്‍ഗ്രസ് ഇത്തവണ അധികാരം പിടിച്ചെടുക്കാനുള്ള കടുത്ത പോരാട്ടത്തിലാണ്.
കുറഞ്ഞ വേതന പദ്ധതി നടപ്പാക്കുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം ഒന്നിനാണ് സമരം ആരംഭിച്ചത്. പാലും പഴങ്ങളും പച്ചക്കറികളും റോഡില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതിന്റെ പ്രത്യാഘാതമായിരുന്നു നഗരപ്രദേശങ്ങളില്‍ രൂക്ഷമായി അനുഭവപ്പെട്ട വിലക്കയറ്റം.
അതേസമയം, പ്രതിഷേധ രീതിയില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുകയാണ് കര്‍ഷകര്‍. പഴങ്ങളും പച്ചക്കറികളും വലിച്ചെറിയുന്നതിന് പകരം അതെല്ലാം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് വിതരണം ചെയ്യാനാണ് കര്‍ഷകരുടെ തീരുമാനം.
കർഷക സംഘടനകളുടെ നേതൃത്വത്തിൽ മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, കർണാടക, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ കർഷകരാണ് സമരരംഗത്തുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.