ബെംഗളൂരു : സിനിമാ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററിൽനിന്നു ചാടിയ നടൻമാർ തടാകത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ, നിർമാതാവിന്റെ അറസ്റ്റ് തടയാൻ ശ്രമിച്ചെന്ന പരാതിയിൽ കന്നഡ നടൻ ദുനിയാ വിജയ്ക്കെതിരെ കേസെടുത്തു. നിർമാതാവ് പി. സുന്ദർഗൗഡയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടയുകയും ഇവരിൽ ഒരാളെ കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്. 2016 നവംബറിൽ ദുനിയ വിജയ് നായകനായ ‘മാസ്തിഗുഡി’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽനിന്നു ചാടിയ അനിൽ (33), ഉദയ് (31) എന്നിവരാണ് രാമനഗര മാഗഡി തിപ്പഗൊണ്ടനഹള്ളി തടാകത്തിൽ മുങ്ങിമരിച്ചത്.
നീന്തലറിയാത്ത ഇവരെ സഹായിക്കാൻ വേണ്ട സുരക്ഷ ഏർപ്പെടുത്താത്തതിന് സുന്ദർഗൗഡയ്ക്കെതിരെ കേസെടുത്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ദിവസമാണ് രാമനഗരയിലെ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. വാറന്റുമായി പൊലീസ് എത്തുമ്പോൾ സുന്ദർഗൗഡയും വിജയും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. വസ്ത്രം മാറ്റി വരാമെന്നു പറഞ്ഞു വീടിനകത്തു കയറിയ സുന്ദർഗൗഡ കടന്നുകളഞ്ഞു.
ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതു ദുനിയാ വിജയ് ആണെന്നു പൊലീസ് പറയുന്നു. സുന്ദറിന്റെ അമ്മയ്ക്കു സുഖമില്ലെന്നും ഇയാളെ ഒരുദിവസത്തിനുള്ളിൽ താൻ നേരിട്ടു ഹാജരാക്കാമെന്നും പറഞ്ഞ ദുനിയാ വിജയ് ഒരു പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. ഇന്നലെ കേസ് റജിസ്റ്റർ ചെയ്തശേഷം ദുനിയാ വിജയും ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ കയ്യേറ്റം ചെയ്തതിനും വിവിധ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.