ബാദാമി : കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയാൽ 10 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപവരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും. കോൺഗ്രസിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപിക്കായി ബി.ശ്രീരാമുലു എംപിയും കൊമ്പു കോർക്കുന്ന ബാഗൽക്കോട്ടിലെ ബാദാമിയിൽ നടത്തിയ റാലിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം.
വ്യക്തമായ ഭൂരിപക്ഷത്തോടെ കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്നും സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലും ബാദാമിയിലും പരാജയപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് എത്രമാത്രം വിജയിക്കാൻ കഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് രാജരാജേശ്വരി നഗർ മണ്ഡലത്തിലെ പതിനായിരത്തോളം വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്ത സംഭവമെന്നും ആരോപിച്ചു.
കർണാടകയിലെ പരസ്യപ്രചാരണ രംഗങ്ങളിൽ നിന്നെല്ലാം വിഭിന്നമായി, അമിത് ഷായെ സ്വീകരിക്കാൻ ബാദാമി പട്ടണം ബിജെപി പതാകകളാൽ അലംകൃതമായിരുന്നു. കാവി നിറത്തിലുള്ള തൊപ്പിയണിഞ്ഞാണു പതിനായിരങ്ങൾ ഷായെ വരവേറ്റത്. രണ്ടു മണിക്കൂറിലേറെ ബാദാമിയിലെ ഗതാഗതം നിശ്ചലമായി. കാവിരഥം പോലെ അലങ്കരിച്ച ബസിലായിരുന്നു ഷായുടെ പര്യടനത്തിന്റെ കലാശക്കൊട്ട്. ശ്രീരാമുലുവും ബിജെപി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ബി.എസ്.യെഡിയൂരപ്പയും സന്നിഹിതരായിരുന്നു. പിന്നീട് ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപിക്ക് 130 സീറ്റ് ലഭിക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. ഇതിനിടെ കർണാടക പിസിസി മുൻ ജനറൽ സെക്രട്ടറിയും ചലച്ചിത്ര താരവുമായ ഭാവന ബിജെപിയിൽ ചേർന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.