മൊഹാലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 15 റണ്‍സ് ജയം. വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന്‍റെ താണ്ഡവമായിരുന്നു ഇന്നലെ മൊഹാലി ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞുവീശുകയായിരുന്നു വെസ്റ്റിന്‍ഡീസ് താരം. 63 പന്തുകളില്‍ നിന്ന് 11 സിക്‌സിന്‍റെയും ഒരു ഫോറിന്‍റെയും അകമ്പടിയോടെ 104 റണ്‍സാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും സിക്‌സുകള്‍ പായിച്ചാണ് താരം പഞ്ചാബിന് വേണ്ടി കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
ഗെയ്‌ലിന്‍റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റിനു 193 റണ്‍സാണ് നേടിയത്. ഓപ്പണര്‍ കെ.എല്‍ രാഹുലിനെയും, മായങ്ക് അഗര്‍വാളിനെയും പെട്ടെന്ന് നഷ്ടമായെങ്കിലും ഗെയ്‌ലിന്‍റെയും കരുണിന്‍റെയും ഇന്നിങ്‌സ് മികവിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 21 പന്തുകളില്‍ നിന്ന് 31 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്.
അതേസമയം തകര്‍പ്പന്‍ ബാറ്റിങുമായി ക്രീസില്‍ ഗെയ്ല്‍ നിറഞ്ഞാടിയപ്പോള്‍ അത് ആഘോഷമാക്കി മാറ്റുകയായിരുന്നു പഞ്ചാബ് ടീമിലെ സഹതാരം യുവരാജ് സിങ്. നാലാമനായി ഇറങ്ങാന്‍ പാഡും ഹെല്‍മറ്റും ധരിച്ച് നിന്ന താരം ബൌണ്ടറി ലൈനിനിപ്പുറത്ത് നിന്ന് നൃത്തം ചെയ്യുകയായിരുന്നു. ഇറങ്ങിയ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച് ഗെയില്‍ മികവ് തെളിയിച്ചുകൊണ്ടിരിക്കുമ്പോള്‍ യുവരാജ് സിങ്ങിന് ഇതുവരെ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 36 റണ്‍സാണ് യുവിയുടെ നേട്ടം.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് സ്‌കോര്‍ നേടിയത്. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 178 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഐപിഎല്‍ പതിനൊന്നാം എഡിഷനിലെ ആദ്യ സെഞ്ച്വറിയാണ് ഗെയ്ല്‍ നേടിയത്. ഇതോടെ ഗെയ്‌ലിന്‍റെ പേരിലുള്ള ഐപിഎല്‍ സെഞ്ച്വറികളുടെ എണ്ണം ആറായി ഉയര്‍ന്നു.
അതേസമയം, ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാന്‍ പരിക്കേറ്റ് കയറിയതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികള്‍ക്കും ഹൈദരാബാദിനെ ജയിപ്പിച്ചില്ല. മത്സരത്തിന്‍റെ അഞ്ചാം ബോളില്‍ കൈമുട്ടിന് പരിക്കേറ്റ ധവാന്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.