ബെംഗളൂരു : രാജ്യത്ത് ഗതാഗതക്കുരുക്കിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച ഏഴിടങ്ങളിൽ ഒന്നായ സിൽക്ബോർഡ് ജംങ്ക്ഷനിൽ ബഹുനില മേൽപാലം നിർമിക്കാൻ കരാർ ക്ഷണിച്ചു. നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപ്പെട്ട ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിൽ സിൽക്ബോർഡ് മുതൽ ജയനഗർ വരെ മെട്രോപാതയും രണ്ടുനിര റോഡും ഉൾപ്പെടുന്ന 2.8 കിലോമീറ്റർ ഇന്റഗ്രേറ്റഡ് റോഡ്–കം–റെയിൽ ഫ്ലൈഓവർ ആണ് നിർമിക്കുക. ബെംഗളൂരു മെട്രോ റെയിൽ കോർപറേഷന്റെ മേൽനോട്ടത്തിലുള്ള പദ്ധതിക്ക് 134 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഇവിടെ നിലവിലെ മേൽപാലം നിലനിർത്തിക്കൊണ്ടാണ് പുതിയ പാതകൾ നിർമിക്കുക. ഇതോടെ ഹൊസൂർ റോഡ്, ഔട്ടർറിങ് റോഡ് എന്നിവയിലൂടെ വാഹനഗതാഗതം സുഗമമാകും. ആർവി റോഡ്–ബൊമ്മസന്ദ്ര, കെആർപുരം സിൽക്ബോർഡ് മെട്രോ പാതകളുടെ സംഗമസ്ഥാനം കൂടിയാകും മേൽപാലം. കരാർ നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഒന്നരമാസം എടുത്തേക്കും. നമ്മ മെട്രോ രണ്ടാംഘട്ട നിർമാണം വിദേശബാങ്കുകളുടെ സഹകരണത്തോടെ നടത്തുന്നതിനാൽ അവരുടെകൂടി അനുമതിയോടെയെ കരാർ നൽകുകയുള്ളു. നിർമാണം തുടങ്ങി 27 മാസം കൊണ്ടു പൂർത്തിയാക്കും.