ബെംഗളൂരു : റോയൽ ചാലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മൽസരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ രാത്രി 12.30 വരെ നമ്മ മെട്രോ സർവീസ്. സാധാരണ ദിവസങ്ങളിൽ രാത്രി 11 വരെയാണ് മെട്രോ. ഐപിഎൽ മൽസരങ്ങളുള്ള ദിവസം 15 മിനിറ്റ് ഇടവേളയിൽ ഒന്നര മണിക്കൂറാണ് അധിക സർവീസ് നടത്തുക. സ്റ്റേഡിയത്തോട് ചേർന്നുള്ള കബൺപാർക്ക് മെട്രോ സ്റ്റേഷനിൽനിന്ന് അവസാനം പുറപ്പെടുന്ന ട്രെയിനിനു മജസ്റ്റിക് സ്റ്റേഷനിൽനിന്ന് നാഗസന്ദ്ര, യെലച്ചനഹള്ളി ഭാഗങ്ങളിലേക്കു കണക്‌ഷൻ ട്രെയിനുകളും ഏർപ്പെടുത്തുമെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അറിയിച്ചു.
നാളെയാണ് ബെംഗളൂരുവിലെ ആദ്യ മൽസരം. കബൺപാർക്ക് സ്റ്റേഷനിൽ മൂന്നു കവാടങ്ങൾ ഉള്ളതിനാൽ കളി കാണാൻ എത്തുന്നവർക്കു തിക്കിത്തിരക്കാതെ പുറത്തിറങ്ങാം. ടിക്കറ്റ് കൗണ്ടറിലെ തിരക്ക് ഒഴിവാക്കാൻ മടക്കയാത്രയുടെ ടിക്കറ്റ് (പേപ്പർ ടിക്കറ്റ്) മുൻകൂർ എടുക്കാനും സൗകര്യമുണ്ട്. 50 രൂപയുടെ പേപ്പർടിക്കറ്റ് എല്ലാ സ്റ്റേഷനിലും ലഭിക്കും. എന്നാൽ ഇതുപയോഗിച്ച് മൽസര ദിവസം എംജി റോഡ്, കബൺപാർക്ക് മെട്രോ സ്റ്റേഷനിൽനിന്നു മാത്രമേ കയറാനാകൂ.
ഇവിടെനിന്ന് ഏതു സ്റ്റേഷനിലേക്കു യാത്ര ചെയ്യാനും 50 രൂപയാണ് നിരക്ക്. മറ്റു രാത്രി മൽസരങ്ങളുള്ള 21, 25, 29, മേയ് ഒന്ന്, 17 തീയതികളിലും രാത്രി 12.30 വരെ മെട്രോ സർവീസ് ഉണ്ടാകും. 15നു ബെംഗളൂരുവിലെ മൽസരം വൈകിട്ട് നാലിനു തുടങ്ങുമെന്നതിനാൽ അധിക സർവീസ് ഉണ്ടാകില്ല. അതേസമയം കളി കാണാൻ എത്തുന്നവർക്ക് ഈ ദിവസവും പേപ്പർ ടിക്കറ്റ് ഉപയോഗിക്കാമെന്നു ബിഎംആർസിഎൽ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.