ബെംഗളൂരു: പോലീസുകാരന്‍ ഓട്ടോറിക്ഷയിൽ മറന്നുവച്ച സർവീസ് റിവോൾവർ തിരിച്ചേൽപ്പിച്ച് ഡ്രൈവർ. മല്ലേശ്വരത്തെ ഓട്ടോ ഡ്രൈവറായ ഫൈസുള്ള ബേഗാണ് തോക്ക് പൊലീസ് ആസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ചത്. കർണാടക ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ പൊലീസുകാരന്റെ റിവോൾവറാണ് യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ നഷ്ടപ്പെട്ടത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും റിവോൾവർ കണ്ടെത്താനായില്ല.
രാത്രി ഓട്ടോ വൃത്തിയാക്കുന്നതിനിടെയാണ് ഡ്രൈവർക്ക് തോക്ക് ലഭിച്ചത്. ഉടൻ തന്നെ കോറമംഗലയിലെ കർണാടക റിസർവ് പൊലീസ് ആസ്ഥാനത്തെത്തി തോക്ക് ഏൽപിക്കുകയായിരുന്നു. സത്യസന്ധതയ്ക്കുള്ള ഉപഹാരമായി 10000 രൂപ എഡിജിപി പ്രതാപ് റെഡ്ഡി ഫൈസുള്ളയ്ക്ക് കൈമാറി.