കുടിവെള്ളം തന്നെയാണ് പ്രധാന പ്രശ്നം;36% പേർ ജാതി നോക്കി വോട്ടു ചെയ്യും; കർണാടകയിലെ ജനങ്ങൾ തെരഞ്ഞെടുപ്പ് നോക്കിക്കാണുന്നത് ഇങ്ങനെ.

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കുക ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെന്നു കർണാടക വോട്ടർ സർവേ-2018 റിപ്പോർട്ട്. സന്നദ്ധ സംഘടനകളായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) ദക്ഷും ചേർന്നാണു റിപ്പോർട്ട് പുറത്തിറക്കിയത്. 2013 മേയിൽ അധികാരത്തിലേറിയ സിദ്ധരാമയ്യ സർക്കാരിന്റെ പ്രകടനത്തിന് 10ൽ 7.09 മാർക്കാണ് സർവേ നൽകിയിരിക്കുന്നത്.

ജലവിതരണം കാര്യക്ഷമമാക്കലും, ശുദ്ധജലത്തിന്റെ ഗുണമേന്മ വർധിപ്പിക്കലുമാണ് പ്രാധാന്യമേറിയ വിഷയമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ചടങ്ങിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഓംപ്രകാശ് റാവത്ത് പ്രകാശനം ചെയ്ത റിപ്പോർട്ടിൽ പറയുന്നു. ബാഗൽക്കോട്ട്, ബെളഗാവി, ധാർവാഡ്, ഗദഗ് തുടങ്ങിയ വടക്കൻ കർണാടകയിലെ ജില്ലകൾ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാധാരണ ജനം മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങളെക്കുറിച്ചുള്ള സർവേയാണിത്. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിൽ നിന്നായുള്ള 13244 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിലൂടെയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

പ്രധാന കണ്ടെത്തലുകൾ: 

∙ മെച്ചപ്പെട്ട വൈദ്യുതി വിതരണം, നല്ല റോഡുകൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളാണ് നഗരജനത മുന്നോട്ടു വച്ചത്.

∙ ഗ്രാമീണ മേഖലയിലുള്ളവർ മെച്ചപ്പെട്ട സ്കൂളുകൾ. കൂടുതൽ റോഡുകൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ ആവശ്യങ്ങളാണ് രാഷ്ട്രീയ കക്ഷികൾക്കു മുന്നിൽ വയ്ക്കുന്നത്.

∙ സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം നോക്കിയായിരിക്കും കൂടുതൽ പേരും വോട്ടു ചെയ്യുക. പിന്നെ പാർട്ടി പരിഗണിക്കും. മുഖ്യമന്ത്രി സ്ഥാനാർഥിയും വോട്ടുകൾ നിശ്ചയിക്കുന്ന പ്രധാന ഘടകമാണെന്ന് സർവേ പറയുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയെ പരിഗണനയിലെടുത്തു 42% പേർ വോട്ടു രേഖപ്പെടുത്തുമ്പോൾ, 67 ശതമാനം പേർ പാർട്ടി നോക്കിയായിരിക്കും സമ്മതിദാനം നടത്തുക.

∙ 36% വോട്ടർമാർ സ്ഥാനാർഥികളുടെ മതവും ജാതിയും നോക്കും.

∙ പൊതു സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലും അഴിമതി തുടച്ചുമാറ്റുന്നതിലും തൊഴിലവസരം സൃഷിടിക്കുന്നതിലും സിദ്ധരാമയ്യ സർക്കാർ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്ന് സർവെയിൽ പങ്കെടുത്ത നഗരജനതയിൽ ഏറെപ്പേരും വിശ്വസിക്കുന്നു.

∙ ജനോപകാര പദ്ധതികളായ ഇന്ദിരാ കന്റീനിന്റെ പ്രവർത്തനങ്ങളിൽ 31% പേർ സന്തോഷം പങ്കിട്ടു.

∙ സൗജന്യമായി അരി നൽകുന്ന സിദ്ധരാമയ്യ സർക്കാരിന്റെ അന്നഭാഗ്യ പദ്ധതിയിൽ 79% പേർ സന്തുഷ്ടരാണ്.

∙ സ്ഥാനാർഥികളെ നിർണയിക്കുമ്പോൾ ഇവരുടെ ക്രിമിനൽ പശ്ചാത്തലം, സാമ്പത്തികം, പ്രവർത്തന സുതാര്യത തുടങ്ങിയവ രാഷ്ട്രീയ കക്ഷികൾ മുഖവിലയ്ക്കെടുക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us