ബെംഗളൂരു : ബിബിഎംപി ഹെൽത്ത് സെന്ററുകളുടെയും ആശുപത്രികളുടെയും നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതിനെതിരെ വ്യാപക പ്രതിഷേധം. ബിബിഎംപി ആശുപത്രികളും ക്ലിനിക്കും പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ് (പിപിപി) മാതൃകയിൽ സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള ആരോഗ്യബന്ധു എന്ന പേരിലുള്ള പദ്ധതിക്കു നഗരവികസന വകുപ്പാണ് രൂപം നൽകിയത്. ശിവാജിനഗറിൽ നിർമാണം പൂർത്തിയായ ബിബിഎംപി ആശുപത്രി നാരായണ ഹെൽത്ത് ഗ്രൂപ്പിനു കൈമാറാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകൾ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.
സർക്കാർ ഭൂമിയും കെട്ടിടവും ഭാവിയിൽ സ്വകാര്യ ആശുപത്രികളുടെ കയ്യിൽ വരുന്ന തരത്തിലാണ് ആരോഗ്യബന്ധു എന്ന പേരിലുള്ള പദ്ധതി തയാറാക്കിയിരിക്കുന്നതെന്നു കർണാടക ജനാരോഗ്യ ചലാവലി പ്രസിഡന്റ് അഖില വാസൻ ആരോപിച്ചു. ഇതു സംബന്ധിച്ചുള്ള പ്രചാരണത്തിനു തുടക്കമിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ആരോഗ്യമന്ത്രി രമേശ്കുമാറിനും മേയർ സമ്പത്ത്‌രാജിനും പരാതി നൽകി. ആരോഗ്യമേഖല പൂർണമായും കോർപറേറ്റുകൾക്കു തീറെഴുതി നൽകുന്നതോടെ പാവപ്പെട്ടവനു കുറഞ്ഞ ചെലവിലുള്ള ചികിൽസ ലഭ്യമല്ലാതാകും.
ബിബിഎംപി പരിധിയിലെ 52 പ്രൈമറി ഹെൽത്ത് സെന്ററുകളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്തു വർഷത്തേക്കാണ് കരാർ കാലാവധിയെങ്കിലും ഭാവിയിൽ ഇതു സ്വകാര്യ ഗ്രൂപ്പിന്റെ പൂർണമായ ഉടമസ്ഥാവകാശത്തിലേക്കു മാറുമെന്ന് അഖില പറഞ്ഞു. റായ്ച്ചൂരിൽ സർക്കാർ ആരംഭിച്ച രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യല്‍റ്റി ആശുപത്രി ഇന്ന് അപ്പോളോ ആശുപത്രി ഗ്രൂപ്പിന്റെ കൈവശമാണ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് ഇവിടെ ചികിൽസപോലും നിഷേധിക്കുന്ന സാഹചര്യമാണ്.
ബിപിഎൽ പരിധിയിൽപെടുന്നവർക്കുള്ള ചികിൽസാ ആനുകൂല്യങ്ങൾ പോലും പലവിധ കാരണങ്ങൾ പറഞ്ഞു തള്ളുന്ന സാഹചര്യമാണെന്നു പ്രതിഷേധക്കാർ ആരോപിക്കുന്നു. വിവിധ ജില്ലാ ആശുപത്രികൾപോലും സ്വകാര്യമേഖലയ്ക്കു കൈമാറുന്നതോടെ പാവപ്പെട്ടവരുടെ ചികിൽസ വഴിമുട്ടും. 2012ൽ കേന്ദ്ര പ്ലാനിങ് കമ്മിഷൻ സമാനമായ പദ്ധതി തയാറാക്കിയിരുന്നെങ്കിലും വിവിധ സംസ്ഥാനങ്ങളിൽനിന്നു പ്രതിഷേധമുയർന്നതോടെ പദ്ധതി പിൻവലിച്ചിരുന്നു. ആരോഗ്യബന്ധു പദ്ധതിപ്രകാരം ആശുപത്രിയിലെ ഡോക്ടർ, നഴ്സ് തുടങ്ങിയ ജീവനക്കാരുടെ നിയമനം പൂർണമായും കരാർ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.