നഗരത്തിലെ ആദ്യ ചാര്‍ജിംഗ് സ്റ്റേഷന്‍ ഉത്ഘാടനം ചെയ്തു;ആദ്യത്തെ ഒരുമാസം സൌജന്യം;ഒന്നര മണിക്കൂര്‍ കൊണ്ട് ഒരുവാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാം;120 കിലോ മീറ്റര്‍ യാത്ര ചെയ്യാം;ആറു മാസത്തില്‍ 11 സ്റ്റേഷന്‍ കൂടി നിലവില്‍ വരും.

ബെംഗളൂരു : ഇലക്ട്രിക് വാഹനങ്ങൾ അതിവേഗം ചാർജ് ചെയ്യാൻ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ആദ്യ ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ തുറന്നു. കെആർ സർക്കിളിലെ ബെസ്കോം ഓഫിസ് പരിസരത്തു സ്ഥാപിച്ച ചാർജിങ് സ്റ്റേഷൻ‌ ഊർജമന്ത്രി ‍ഡി.കെ.ശിവകുമാർ ഉദ്ഘാടനം ചെയ്തു.

ആറു മാസത്തിനകം നഗരത്തിൽ പലയിടങ്ങളിലായി 11 ചാർജിങ് സ്റ്റേഷനുകൾ‌ കൂടി സ്ഥാപിക്കും. വായു–ശബ്ദ മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാൻ സർക്കാർ നടത്തുന്ന ഇ–മൊബിലിറ്റി പ്രചാരണത്തിന് ഊർജം പകരുന്നതാണ് ഇ–ചാർജിങ് സ്റ്റേഷൻ.

ഇന്നലെ പ്രവർത്തനം ആരംഭിച്ച ചാർജിങ് സ്റ്റേഷനിൽ ആദ്യത്തെ ഒരു മാസം സൗജന്യമായി വാഹനങ്ങൾ ചാർജ് ചെയ്യാം. ഒരേ സമയം മൂന്നു വാഹനങ്ങൾക്കു ചാർജ് ചെയ്യാനുള്ള സംവിധാനമുണ്ട്. ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് എത്രയെന്നു തീരുമാനിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ഒരു മാസത്തിനുള്ളിൽ നോട്ടിസ് ഇറക്കുമെന്നു ബെസ്കോം ഡപ്യൂട്ടി ജനറൽ മാനേജർ (സ്മാർട് ഗ്രിഡ്, ഇലക്ട്രിക് വെഹിക്കിൾ) സി.കെ.ശ്രീനാഥ് പറഞ്ഞു. നിരക്ക് യൂണിറ്റിനു ശരാശരി നാലു രൂപ ആയേക്കുമെന്നു ശ്രീനാഥ് പറഞ്ഞു. പകൽ ചാർജ് ചെയ്യുന്നതിനേക്കാൾ നിരക്കു കുറവായിരിക്കും രാത്രി ചാർജിങ്ങിന്.

ഒരു ഇലക്ട്രിക് കാർ ഫുൾ ചാർജാകാൻ 17 യൂണിറ്റ് വൈദ്യുതി വേണം. ബെസ്കോം സ്റ്റേഷനിൽ ഒന്നര മണിക്കൂർ കൊണ്ട് ഇത്രയും വൈദ്യുതി ചാർജ് ചെയ്യാനാകുമെന്നു ശ്രീനാഥ് പറഞ്ഞു. ഒറ്റത്തവണ ചാർജ് ചെയ്താൽ വാഹനം 120 കിലോമീറ്റർ ഓടിക്കാനാകും. എസി പ്രവർത്തിപ്പിക്കാതെ ആണെങ്കിൽ 140 കിലോമീറ്റർ യാത്ര ചെയ്യാനാകും. നഗരത്തിൽ 11 ചാർജിങ് സ്റ്റേഷൻ കൂടി ആറു മാസത്തിനകം സ്ഥാപിക്കുമെന്നും ഇതിനായി സ്ഥലം കണ്ടെത്തി വരുകയാണെന്നും ശ്രീനാഥ് പറഞ്ഞു.

ഇലക്ട്രിക് കാറുകൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾക്കാണ് ആദ്യഘട്ടത്തിൽ പ്രധാന്യം നൽകുക. ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി)യും ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനും (ബിഎംആർസിഎൽ) പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ ആറായിരത്തിലേറെ ഇലക്ട്രിക് വാഹനങ്ങളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനൊപ്പം ബെസ്കോം ഓഫിസുകളിലെ 200 വാഹനങ്ങൾക്കു പകരം ഘട്ടംഘട്ടമായി ഇലക്ട്രിക് കാറുകൾ ഇറക്കാനും പദ്ധതിയുണ്ട്.

ഒറ്റത്തവണ ചാർജ് ചെയ്താൽ 120 കിലോമീറ്റർ യാത്ര; എസി ഇല്ലെങ്കിൽ 140 കി.മീ നിരക്ക് യൂണിറ്റിന് നാലു രൂപയെന്ന് സൂചന.

(ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം റെപ്രസെന്റെഷന്‍ മാത്രമാണ്,ഇന്നലെ ഉത്ഘാടനം ചെയ്തതിന്റെത് അല്ല)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us