ബെംഗളൂരു: തലശേരി – മൈസൂരു നിർദിഷ്ട റെയിൽ പാതയുടെ സർവേയ്ക്ക് അനുമതി നൽകുന്നതിൽ മലക്കം മറിഞ്ഞ് കർണാടക സർക്കാർ. ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടന്നതുകൊണ്ട് പാതയ്ക്ക് അനുമതിയായി എന്ന് അർഥമില്ലെന്നും പദ്ധതിക്ക് കർണാടക സർക്കാർ എതിരാണെന്നും വ്യവസായമന്ത്രി ആർ. വി. ദേശ്പാണ്ഡെ നിയമസഭയിൽ പറഞ്ഞു. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിന് അനുമതി നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കേരളവുമായും റെയിൽവേ ഉദ്യോഗസ്ഥരുമായും പ്രാഥമിക ചർച്ചകൾ മാത്രമാണ് നടത്തിയിട്ടുള്ളതെന്നും ബിജെപി എംഎൽഎ കെ.ജി ബൊപ്പയ്യയുടെ ചോദ്യത്തിനു മറുപടിയായി ദേശ്പാണ്ഡെ പറഞ്ഞു. റെയിൽപ്പാതയ്ക്കെതിരെ കുടകിൽ വിവിധ പരിസ്ഥിതി സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കർണാടക സർക്കാരിന്റെ നിലപാടുമാറ്റം.
നിർദിഷ്ട പാത പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റിയും ഒട്ടേറെ പരിസ്ഥിതി സംഘടനകളും ബെംഗളൂരുവിലേക്കു പ്രതിഷേധം വ്യാപിപ്പിച്ചിരുന്നു. റെയിൽപാത നിലവിൽ വന്നാൽ ആനത്താരകളെ ബാധിക്കുമെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ട്. ജനാഭിപ്രായം പരിഗണിച്ചേ തീരുമാനമെടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി അവസാനത്തോടെ സർവേ പൂർത്തിയാക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ് കർണാടക സർക്കാരിന്റെ പുതിയ നിലപാട്.
അതേസമയം, നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളെ (ബഫർസോൺ) പൂർണമായി ഒഴിവാക്കി കേരളം നേരത്തെ സമർപ്പിച്ച പ്രാഥമിക രൂപരേഖയ്ക്ക് കർണാടക സർക്കാർ 2017 നവംബർ 11ന് അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കേരളം വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കി കേന്ദ്ര റെയിൽവേ ബോർഡിനു സമർപ്പിച്ചത്. എന്നാൽ കേരളവുമായി ചർച്ചകൾ നടന്നതിനപ്പുറം ഡിപിആർ തയാറാക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി ദേശ്പാണ്ഡെ സഭയെ അറിയിച്ചു.
ഡിപിആറിന് കേന്ദ്ര റെയിൽവേ ബോർഡ് ജനുവരി 13ന് തത്വത്തിൽ അനുമതി നൽകിയിരുന്നു. കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റിക്കു പുറമെ, കുടക് ഗ്രോവേഴ്സ് ഫെഡറേഷൻ, യുണൈറ്റഡ് കൊഡവ ഓർഗനൈസേഷൻ, സേവ് റിവർ കാവേരി ഫോറം തുടങ്ങിയ സംഘടനകളാണ് പദ്ധതിക്കെതിരെ ശക്തമായി രംഗത്തുള്ളത്.തലശേരി- മൈസൂരു പാതയ്ക്ക് എതിരെ 2017 ജൂൺ നാലിന് മടിക്കേരിയിലും, ഓഗസ്റ്റ് 26ന് കുട്ടയിലും ഇക്കഴിഞ്ഞ 17ന് കുടക് മേഖലയിലും പ്രതിഷേധം നടന്നിരുന്നു. ഓൺലൈൻ പരാതി സൈറ്റായ ചേയ്ഞ്ച് ഡോട്ട് ഓർഗിൽ 24000 ഒപ്പുകളാണ് പാതയ്ക്ക് എതിരെ ഇവർ സംഘടിപ്പിച്ചത്.
5052 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന 240 കിലോമീറ്റർ പാത തലശേരിയിൽ നിന്നു തുടങ്ങി മാനന്തവാടി, തൃശിലേരി, അപ്പപ്പാറ, കുട്ട, ശ്രീമംഗല, ബലാൽ, തിത്തിമത്തി വഴി പെരിയപട്ടണയിലെത്തി നിർദിഷ്ട കുശാൽനഗർ- മൈസൂരു പാതയുമായി ബന്ധിപ്പിക്കും വിധമാണ് പദ്ധതി രൂപകൽപന.