ബെംഗളൂരു :പ്രശസ്ത ശിൽപി ബാലൻ നമ്പ്യാരുടെ അര നൂറ്റാണ്ട് നീണ്ട കലാജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘സ്കൾപ്ടിങ് ഇൻ ടൈം’ പ്രദർശനത്തിനു നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ (എൻജിഎംഎ) തുടക്കമായി. കേന്ദ്രലളിതകലാ അക്കാദമി മുൻ ആക്ടിങ് ചെയർമാനും രാജാരവിവർമ്മ പുരസ്കാര ജേതാവുമായ ബാലൻ നമ്പ്യാരുടെ കലാസൃഷ്ടികളിലേക്കു വെളിച്ചം വീശുന്ന പ്രദർശനത്തിൽ സ്റ്റെയിൻലസ് സ്റ്റീൽ–മൈൽഡ് സ്റ്റീൽ ഇൻസ്റ്റലേഷനുകൾ, വൈവിധ്യമാർന്ന ജ്വല്ലറി ഇനാമൽ രചനകൾ, വിവിധ മാധ്യമങ്ങളിലുള്ള പെയിന്റിങ്ങുകൾ, ഫൊട്ടോഗ്രാഫുകൾ എന്നിവയെല്ലാം കാഴ്ചയുടെ വിരുന്നേകുന്നു. സ്പൈറലിങ് അപ്വാർഡ്, വലംപിരിശംഖ്, തെയ്യത്തറ, കാക്ടസ് ബ്ലൂം തുടങ്ങിയ ഇൻസ്റ്റലേഷനുകളാണ് മുഖ്യ ആകർഷണം.
ഇന്ത്യയിൽ പൊതുസ്ഥലത്തെ ശിൽപങ്ങൾ സംരക്ഷിക്കാൻ ഒരു നിയമവും നിലവിലില്ലെന്നു ചൂണ്ടിക്കാട്ടുന്ന ബാലൻനമ്പ്യാരുടെ ‘വിക്ടിംസ് ഓഫ് അപതി’ (ഉദാസീനതയുടെ ഇരകൾ) അദ്ദേഹത്തിന്റെ സൃഷ്ടികൾക്കു സംഭവിച്ച ദുരവസ്ഥയിലേക്കു വെളിച്ചം വീശുന്നതാണ്. 1973ൽ ആദ്യമായി കമ്മിഷൻ ചെയ്ത മൈൽഡ് സ്റ്റീൽ ശിൽപം ‘സിംബൽ ഓഫ് ടൈം’ ഉൾപ്പെടെ 21 ഇൻസ്റ്റലേഷനുകളാണ് കാണാതാവുകയോ, നശിപ്പിക്കപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്തത്.
1971 മുതൽ ബാലൻ നമ്പ്യാരുടെ ശിക്ഷണം സ്വീകരിച്ചവർ ചേർന്നാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. എൻജിഎംഎയിൽ ജലത്തിൽ വാഴപ്പോളകൾ കൊണ്ടു നിർമിച്ച മണ്ഡപത്തിൽ കുത്തിനിറുത്തിയ 64 ചെറുപന്തങ്ങൾ (കോത്തിരി) തെളിച്ചാണ് ഇവർ പ്രദർശനത്തിനു തുടക്കമിട്ടത്. മിഴാവ് സംഗീതം പശ്ചാത്തലമേകി. മാർച്ച് മൂന്നുവരെ, തിങ്കളാഴ്ചയും ദേശീയ അവധി ദിവസങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പൊതുജനങ്ങൾക്കു പ്രവേശനമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.