ക്ലൈമാക്സില്‍ പൂനെയുടെ നെഞ്ച് തകര്‍ത്ത് വിനീത്,ആനന്ദ നൃത്തമാടി ബ്ലാസ്റ്റെര്സ്;ജയത്തോടെ സച്ചിന്റെ ടീം മുന്നോട്ട്.

ഏതാണ്ട് ഒരേ പൊസിഷനിൽ വിന്യസിച്ച രണ്ടു ‘നിറതോക്കു’കളാണ് ഇന്നലെ പുണെയുടെ നെഞ്ച് തകർത്തത്. ആദ്യത്തെ ഊഴം ജാക്കിചന്ദ് സിങ്ങിനായിരുന്നു. മൽസരത്തിന്റെ 58–ാം മിനിറ്റിൽ ബോക്സിനു തൊട്ടുപുറത്തുനിന്ന് ജാക്കി തൊടുത്ത ലോങ് റേഞ്ചർ പുണെയുടെ വല തുളയ്ക്കുന്നത് സുന്ദരമായൊരു ഫുട്ബോൾ കാഴ്ചയായിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് പ്രത്യേകിച്ചും. കളി തീരാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഏതാണ്ട് അതേ പൊസിഷനിൽനിന്നാണ് മലയാളി താരം സി.കെ. വിനീതും പുണെയുടെ സർവ താളവും തെറ്റിച്ച രണ്ടാം ഗോളും നേടിയത്. മധ്യവരയ്ക്ക് സമീപത്തുനിന്നും ഉയർന്നുവന്ന പന്ത് നെഞ്ചിലെടുത്ത്, രണ്ടു ചുവടുവച്ച്, തടയാനെത്തിയ പുണെയുടെ രണ്ട് പ്രതിരോധനിരക്കാരെ കാഴ്ചക്കാരാക്കി വിനീത് തൊടുത്ത ആ ഷോട്ടിനും ചാരുതയേറെ. ഗോൾ വന്ന രീതിയും, പിറന്ന സമയവും ഇതിനെ ആരാധകരുടെ പ്രിയ ഗോളുമാക്കുന്നു!

നിര്‍ണായക സമയത്ത് അതിനൊത്ത ഫോമിലേക്കുയർന്ന കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മുന്നിലുള്ള പുണെ സിറ്റി എഫ്സിയെ തോൽവിയിലേക്കു തള്ളിവിടുമ്പോൾ, മഞ്ഞപ്പടയുടെ ആരാധകർ പ്രതീക്ഷയിലാണ്. മൽസരങ്ങളുടെ എണ്ണത്തിൽ മുന്നിലാണെന്ന പോരായ്മയുണ്ടെങ്കിലും, പോയിന്റ് പട്ടികയിൽ ഇപ്പോഴും നാലു ടീമുകൾ മുന്നിലുണ്ടെങ്കിലും സെമി പ്രതീക്ഷ അവർ കൈവിട്ടിട്ടില്ല. ലീഗ് ഘട്ടത്തിൽ നാലു മൽസരങ്ങൾ കൂടി അവശേഷിക്കെ ടീമിന്റെ മുന്നേറ്റം അവർ സ്വപ്നം കാണുന്നു.

പുണെ സിറ്റി, ലീഗിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ ക്രെഡിറ്റിലുള്ള രണ്ടാമത്തെ ടീം. 13 മൽസരങ്ങൾ പൂർത്തിയാക്കിയ അവർക്ക് ഏഴു തവണ ജയിച്ചുകയറാനായി. എന്നാൽ, ഏതാണ്ട് അതിനൊപ്പിച്ച് തോൽവികളുടെ എണ്ണവുമുണ്ട് അവരുടെ പേരിനൊപ്പം, അഞ്ച്. ഈ സീസണിൽ അവരുടെ ഏറ്റവും വലിയ പോരായ്മ, ജയത്തിനൊപ്പം തോൽവിയും വഴങ്ങാനുള്ള ഈ പ്രവണത തന്നെ. ഇതുവരെ ആകെ വഴങ്ങിയത് ഒരേയൊരു സമനിലയാണ്. അതും കൊച്ചിയുടെ കളിമുറ്റത്ത് ഇതേ ബ്ലാസ്റ്റേഴ്സിനെതിരെ. ലീഗിൽ 24 ഗോൾ നേടിയ അവർ ഗോളടിയുടെ എണ്ണത്തിലും 14 ഗോൾ വഴങ്ങി ഗോൾ വഴങ്ങുന്നതിലും രണ്ടാമതു നിൽക്കുന്നു.

താരതമ്യേന കരുത്തരായിരുന്നിട്ടും അവരെ ഭയക്കാതെ കളിച്ചതാണ് ഈ മൽസരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഹോം ഗ്രൗണ്ടിൽ കളിക്കുന്ന ലാഘവത്തോടെ എതിരാളികളെ നേരിടാനും അവർക്കായി. പുണെ ആരാധകർക്കൊപ്പം സ്റ്റേഡിയം നിറച്ചെത്തിയ മഞ്ഞപ്പടയുടെ ആരാധകരും ഈ ഒരു ‘ഫീൽ’ ടീമിന് നൽകിയിരുന്നിരിക്കണം.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ്‌ മത്സരത്തിനു തുടക്കമായത്. എന്നാല്‍, ആദ്യ ഷോട്ട്‌ ഗോള്‍ മുഖത്തേക്കു വന്നതാകട്ടെ പുണെ താരം ബല്‍ജിത്‌ സാഹ്‌നിയുടെ ബൂട്ടില്‍ നിന്നും‌. ബല്‍ജിതിന്റെ ലോങ്‌ റേഞ്ചര്‍ ക്രോസ്‌ ബാറിനു മുകിലൂടെ പറന്നു. അടുത്ത മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനു കനകാവസരം. പുണെ ഗോളി വിശാല്‍ കെയ്‌ത്തിന്റെ പിഴവില്‍നിന്നു കിട്ടിയ പന്ത്‌ ഗോള്‍മുഖത്തേക്ക്‌ അടിക്കാതെ ഹ്യൂം പാസിനു ശ്രമിച്ചത്‌ പ്രയോജനപ്പെട്ടില്ല. എഴാം മിനിറ്റില്‍ ഡീഗോ കാര്‍ലോസിന്റെ ഗ്രൗണ്ടർ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളി സുഭാശിഷ് റോയി കോര്‍ണര്‍ വഴങ്ങി കുത്തിയകറ്റി.

മറുവശത്ത് ഓഫ്‌ സൈഡ്‌ കെണിയൊരുക്കി പുണെ വിനീതിനെ നിരവധി തവണ തളച്ചു. 21-ാം മിനിറ്റില്‍ മാര്‍സലീഞ്ഞോയും അല്‍ഫാരോയും കൂടി നടത്തിയ നീക്കം സുഭാശിഷിന്റെ സമയോചിതമായ ഇടപെടലിൽ അവസാനിച്ചു. 30-ാം മിനിറ്റില്‍ ജാക്കിചന്ദിന്റെ ലോങ്‌ പാസില്‍ ഇയാന്‍ ഹ്യൂമിന്റെ ഹെ‍ഡർ പോസ്‌റ്റിനരികിലൂടെ കടന്നുപോയി. അടുത്ത മിനിറ്റില്‍ ആദില്‍ ഖാന്റെ ശ്രമവും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ അപകടം ഒഴിവാക്കി അകന്നു.

41-ം മിനിറ്റില്‍ അല്‍ഫാരോയുടെ സോളോ അറ്റാക്കും ഒപ്പം വന്ന ഉശിരന്‍ ഷോട്ടും ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നതും ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം. ഇടയ്ക്ക് കളിയുടെ ആവേശം മൽസരം അൽപം പരുക്കനാക്കി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലാല്‍റുവാതാര, പെസിച്ച്‌ എന്നിവരും പുണെയുടെ റാഫേല്‍ ലോപ്പസ്‌, മാർസലീഞ്ഞോ എന്നിവരും മഞ്ഞക്കാർഡ് കണ്ടു. മോശം പെരുമാറ്റത്തിന്റെ പേരിൽ കോച്ച്‌ റാങ്കോ പോപ്പോവിച്ചിന് ആദ്യ പകുതിയില്‍ തന്നെ ഡഗ്‌ ഔട്ടില്‍ നിന്നും പോകേണ്ടിവന്നു.

അതിനിടെ, ഇയാന്‍ ഹ്യൂമിന്റെ കാല്‍മുട്ടിനു പരുക്കേറ്റത്‌ ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ഹ്യൂം പുറത്തുപോയി. പകരമെത്തിയത് ഗുഡ്‌യോൻ ബാൾഡ്‌വിൻസൻ.

സി.കെ. വിനീതിന്റെ മുന്നേറ്റത്തിലൂടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. എന്നാല്‍ ബോക്‌സിനകത്തുവച്ചു പുണെയുടെ പ്രതിരോധത്തില്‍ തട്ടി ആ മുന്നേറ്റം അവസാനിച്ചു. 53-ാം മിനിറ്റില്‍ മാർസലീഞ്ഞോയുടെ തകര്‍പ്പന്‍ ഇടംകാലന്‍ അടി പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. 59-ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സ്‌കോര്‍ബോര്‍ഡ്‌ തുറന്നു. പെക്കൂസനിലൂടെയായിരുന്നു ഗോളിനു തുടക്കം. ഇടതുവിങ്ങിൽനിന്നും പെക്കൂസന്‍ നല്‍കിയ പാസ്‌ സ്വീകരിച്ച ബാൾഡ്‌വിന്‍സന്റെ ത്രൂപാസ്‌ ജാക്കിചന്ദിലേക്ക്. പന്ത് സ്വീകരിച്ച് ജാക്കിചന്ദ്‌  ബോക്സിനു വെളിയിൽനിന്നും തൊടുത്തുവിട്ട ഉശിരന്‍ ഷോട്ട്‌ പുണെയുടെ നെഞ്ചകം കീറി വലയില്‍ കയറി (1-0).

രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്‌റ്റന്‍ സന്ദേശ്‌ ജിങ്കാൻ മഞ്ഞക്കാര്‍ഡ് കണ്ടു‌. പിന്നാലെ പുണെയുടെ ഡീഗോ കാര്‍ലോസിനും മഞ്ഞക്കാർഡ് ലഭിച്ചു. 72-ാം മിനിറ്റില്‍ വിനീതിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളിനടുത്ത്. എന്നാല്‍ ആ ശ്രമം ഫലം കണ്ടില്ല. 73-ാം മിനിറ്റില്‍ മാർസലീഞ്ഞോയുടെ കിടിലന്‍ ലോങ്‌ റേഞ്ചര്‍ രണ്ടാം പോസ്‌റ്റിലേക്കു ഡൈവ്‌ ചെയ്‌തു സുഭാശിഷ് റോയ്‌ രക്ഷപ്പെടുത്തി. അതിനിടെ, മാർസലീഞ്ഞോയുടെ തുടരെ വന്ന റെയ്‌ഡുകള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മുഖം വിറപ്പിച്ചു. 78-ാം മിനിറ്റില്‍ സുഭാശിഷ് വരുത്തിയ പിഴവ്‌ പെനൽറ്റിക്കു വഴിയൊരുക്കി. ബോക്‌സിനകത്തേക്കു കയറിയ അല്‍ഫാരോയുടെ കാലുകളില്‍ നിന്നും പന്ത്‌ സ്വന്തമാക്കാന്നുള്ള സുഭാശിഷിന്റെ ശ്രമം പെനൽറ്റിക്കു വഴി തുറന്നു. പെനൽറ്റിയാണോയെന്ന സംശയം നിലനിൽക്കെ കിക്കെടുത്ത അല്‍ഫാരോയ്ക്കു പിഴച്ചില്ല. സ്കോർ 1-1.

82-ാം മിനിറ്റില്‍ വിനീതിന്റെ ലീഡ്‌ നേടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം പുണെ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത്‌്‌ കരങ്ങളില്‍ ഒതുക്കി രക്ഷപ്പെടുത്തി. 86-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും അവസരം. ഇത്തവണ ജാക്കിചന്ദിന്റെ ലോബ് അടിച്ചകറ്റാനുള്ള പുണെ താരത്തിന്റെ ശ്രമം സ്വന്തം പോസ്‌റ്റിനരുകിലൂടെ പുറത്തേക്കു പോയതോടെ അവർ രക്ഷപ്പെട്ടു. അവസാന വിസിലിനു മിനിറ്റുകള്‍ ബാക്കി നില്‍ക്കെ മാർസലീഞ്ഞോയുടെ ലോങ്‌ റേഞ്ചര്‍ ക്രോസ്‌ ബാറില്‍ തട്ടിത്തെറിച്ചു. പിന്നാലെ സി.കെ. വിനീതിന്റെ വക വിജയ ഗോള്‍. പെക്കൂസന്‍ നീട്ടിക്കൊടുത്ത പന്ത്‌ നെഞ്ചില്‍ സ്വീകരിച്ച വിനീത്‌ വെട്ടിത്തിരിഞ്ഞു മുന്നില്‍ നിന്ന ഗുരുതേജ്‌ സിങ്ങിനെയും മറികടന്ന് ഇടംകാലന്‍ ഷോട്ടിലൂടെ വലകുലുക്കി. സ്കോർ 2–1. ബ്ലാസ്റ്റേഴ്സിന് വിജയവും മൂന്നു പോയിന്റും പട്ടികയിൽ അഞ്ചാം സ്ഥാനവും.

പുണെ സിറ്റി എഫ്സി എന്ന പേര് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് ശുഭസൂചനയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ലീഗിൽ തുടർ തോൽവികളിൽ ഉഴറിയ ടീമിന്, പൊരുതാനാകുമെന്ന വിശ്വാസം ആദ്യം സമ്മാനിച്ചത് ഇതേ എതിരാളികളാണ്. അതും കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ. ശ്രദ്ധിച്ചാലറിയാം, ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിന്റെ ‘ബ്ലൂ പ്രിന്റു’ണ്ട് ആ മൽസരത്തിൽ. ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങിപ്പോയ കേരളാ ബ്ലാസ്റ്റേഴ്സ്, എത്ര സുന്ദരമായാണ് രണ്ടാം പകുതിയിൽ തിരിച്ചുവന്നത്. ആദ്യപകുതിയിലെ ഒരു ഗോളിന്റെ കടം വീട്ടിയ രണ്ടാം പകുതിയായിരുന്നു മൽസരത്തിലെ ഹൈലൈറ്റ്.

‘ഇനി കളിമാറും’ എന്ന ബ്ലാസ്റ്റേഴ്സ് മുദ്രാവാക്യം കളിക്കളത്തിൽ തെളിഞ്ഞ ദിവസമായിരുന്നു അത്. ആദ്യപകുതിയിൽ മുന്നിൽക്കയറിയ എതിരാളികളെ രണ്ടാം പകുതിയിലെ പൊരിഞ്ഞ പ്രകടനത്തിലൂടെ മഞ്ഞപ്പട പിടിച്ചുകെട്ടി പ്രഹരിക്കുകയായിരുന്നു. കളി തീരുന്നതിനു തൊട്ടുമുൻപ് കറേജ് പെക്കുസന്റെ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയില്ലായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സ് വിജയവഴി വെട്ടിത്തെളിച്ചെടുത്തേനേ. ബ്രസീൽ താരം മാർസെലീഞ്ഞോ (33’) പുണെയ്ക്കുവേണ്ടി സ്കോർ ചെയ്തപ്പോൾ പിന്നീട് ടീം വിട്ട് മാർക്ക് സിഫ്നിയോസിന്റെ (73’) വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ. ഈ സീസണിലെ 100–ാം ഗോൾ കൂടിയായിരുന്നു സിഫ്നിയോസിന്റെ ബൂട്ടിൽനിന്നു പിറന്നത്.

അവിശ്വസനീയമായിരുന്നു അത്. നെഞ്ചില്‍ പന്തെടുത്ത്, അഭ്യാസിയെ പോലെ വട്ടം തിരിഞ്ഞ്, ഇടതു കാലു കൊണ്ടൊരു ക്ലാസിക് ഷോട്ട്. ഡേവിഡ് ജയിംസിനെ കെട്ടിപ്പിടിച്ച് വിനീത് കരഞ്ഞു. ചരിയാറായ കൊമ്പന് ജീവവായു പകര്‍ന്ന് നിലനിര്‍ത്തിയതിന്റെ ആനന്ദക്കണ്ണീര്‍. ഭയപ്പെട്ട പോലെ ആയിരുന്നില്ല മല്‍സരം. ജയം മാത്രം മുന്നില്‍ കണ്ട് ബ്ലാസ്റ്റേഴ്സ് പൊരുതിക്കയറി.

പരിശീലകനെന്ന നിലയിൽ റെനി മ്യൂലൻസ്റ്റീനെന്ന ആദ്യ പരിശീലകന്റെയത്ര അനുഭവസമ്പത്ത് ഉള്ളയാളല്ല ഡേവിഡ് ജയിംസ്. പക്ഷേ, ടീമിനെ പ്രചോദിപ്പിക്കാനുള്ള മാന്ത്രിക വിദ്യ അദ്ദേഹത്തിന്റെ പക്കലുണ്ട്. കളിക്കാരുമായി മികച്ച ആത്മബന്ധം സൂക്ഷിക്കാനും അവരിൽനിന്ന് 100 ശതമാനം പ്രകടനം ‘ഊറ്റിയെടുക്കാനും’ ജയിംസിനറിയാം. അതാണ് ഇന്നലെ മൈതാനത്ത് കണ്ടത്. വിജയ ഗോൾ നേടിയശേഷം സി.കെ. വിനീത് ആ നെഞ്ചിൽ മുഖം ചേർത്ത് കണ്ണീർ വാർത്തത് വെറുതെയല്ലെന്നു ചുരുക്കം.

അത്ഭുതങ്ങളില്ലാത്തതായിരുന്നു ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവൻ. കഴിഞ്ഞ മൽസരത്തെ അപേക്ഷിച്ച് ഒരേയൊരു മാറ്റമാണ് ഉണ്ടായിരുന്നത്. മുൻനിരയിൽ കരണ്‍ സാഹ്നിക്കു പകരം പ്രതിരോധനിര ശക്തമാക്കി നെമാഞ്ച പെസിച്ചിനെ ഇറക്കി. അതേസമയം, ഡല്‍ഹിക്കെതിരെ വിജയഗോള്‍ നേടിയ ദീപേന്ദ്ര നേഗിക്കും ഐസ്‌‌ലന്‍ഡില്‍ നിന്നുള്ള മുന്‍നിര താരം ഗുഡ്‌യോൻ ബാള്‍ഡ്‌‌വിന്‍സണും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചുമില്ല.

മറുവശത്ത്‌ പുണെ സിറ്റി എഫ്‌സി മൂന്നു മാറ്റങ്ങള്‍ വരുത്തി. രോഹിത്‌ കുമാര്‍, ജൊനാഥന്‍ ലൂക്ക, മാര്‍ക്കോസ്‌ ടെബാര്‍ എന്നിവര്‍ക്കു പകരം സാര്‍ത്തക്‌ ഗോലു, മാര്‍ക്കോ സ്‌റ്റാങ്കോവിച്ച്‌, ബല്‍ജിത്‌ സാഹ്‌നി എന്നിവര്‍ ആദ്യ ഇലവനില്‍ എത്തി. രണ്ടു പരിശീലകരും 4-2-3-1 ഫോര്‍മേഷനിലാണ്‌ ടീമിനെ വിന്യസിച്ചത്‌.

സുന്ദരമായ ലോങ് റേഞ്ചറുകളായിരുന്നു ഇന്നലത്തെ മൽസരത്തിന്റെ പ്രധാന സവിശേഷത. ഇരു ടീമുകളും കടുത്ത പ്രതിരോധക്കോട്ട കെട്ടിയതോടെ വഴിയടഞ്ഞ മുന്നേറ്റക്കാർ ലക്ഷ്യം കാണാൻ തിരഞ്ഞെടുത്ത മാർഗമായിരുന്നു നെടുനീളൻ ഷോട്ടുകൾ. ബ്ലാസ്റ്റേഴ്സിന്റെ രണ്ടു ഗോളുകളും വന്നത് ഈ വഴി തന്നെ.

എന്നാൽ, നിർഭാഗ്യം കൊണ്ടു മാത്രം ഗോളിലേക്കെത്താതെ പോയ ഒരു പിടി ലോങ് റേഞ്ചറുകളുമായി കളം നിറഞ്ഞ മാർസലീഞ്ഞോയെ മറക്കുന്നതെങ്ങനെ? രണ്ടു തവണയാണ് ക്രോസ് ബാർ മാർസലീഞ്ഞോയ്ക്കു മുന്നിൽ വില്ലനായത്. അതിലേറെത്തവണ സുഭാശിഷ് റോയിയുടെ കടുകട്ടി പ്രതിരോധവും മാർസലീഞ്ഞോയെ ഗോളിൽനിന്നും തടഞ്ഞു. എന്തായാലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിറപ്പിച്ച മാർസലീഞ്ഞോയ്ക്കാണ് ‘ഹീറോ ഓഫ് ദി മാച്ച്’ പുരസ്കാരം ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us