മുംബൈക്കും ജംഷഡ്പൂരിനും വിജയം

ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഗോവയെ 4-3ന് തോൽപ്പിച്ച് മുംബൈക്ക് ഉജ്വല ജയം. ഗോൾ മഴ കണ്ട മത്സരത്തിൽ ഗോവ 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെരിട്ടോൺ ഫെർണാഡസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെയാണ് ഗോവ 10 പേരായി ചുരുങ്ങിയത്.

ഇരു ടീമുകളും പരസ്പരം ഗോളടിച്ച് കൂട്ടിയ മത്സരത്തിൽ ബൽവന്ത് സിങ് ആണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. 10 പേരായിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ ബൽവന്ത് സിംഗിന്റെ ഗോളിൽ തോൽവി സമ്മതിക്കുകയായിരുന്നു. 2 -1 ന് മത്സരത്തിൽ പിന്നിട്ടു നിന്നതിനു ശേഷമാണു 3 ഗോൾ അടിച്ച് മുംബൈ മത്സരത്തിൽ ജയിച്ചത്.

ഫെറാൻ കോറോമിനാസിലൂടെ ഗോവയാണ് ഗോളടി തുടങ്ങിയത്. എന്നാൽ ഗോവയുടെ ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല. രണ്ടു മിനിറ്റിനു ശേഷം എവെർട്ടൺ സാന്റോസിലൂടെ മുംബൈ സമനില പിടിച്ചു. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലാൻസറൊട്ടേയിലൂടെ ഗോവ വീണ്ടും ലീഡ് പിടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിലാണ് രണ്ടമത്തെ മഞ്ഞ കാർഡ് കണ്ട് സെരിട്ടോൺ ഫെർണാഡസ് പുറത്തുപോയത്. ഗോവ  10 പേരായി ചുരുങ്ങിയതോടെ മുംബൈ സിറ്റി മത്സരത്തിലേക്ക് തിരിച്ച് വന്നു. 53 മത്തെ മിനുറ്റിൽ എവെർട്ടൺ സാന്റോസിന്റെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി എമാന മുംബൈക്ക് സമനില നേടി കൊടുത്തു. തുടർന്നാണ് മുംബൈ സിറ്റി മത്സരത്തിൽ ആദ്യമായി മുൻപിലെത്തിയത്. തിയാഗോ സാന്റോസ്  തുടങ്ങിവെച്ച ആക്രമണത്തിൽ സാന്റോസ് തന്നെ ഗോവൻ വല കുലുക്കുകയായിരുന്നു. 10 പേരായി ചുരുങ്ങിയിട്ടും ആക്രമണം തുടർന്ന ഗോവ ഫെറാൻ കോറോമിനാസിന്റെ രണ്ടാമത്തെ ഗോളിലൂടെ മത്സരത്തിൽ വീണ്ടും സമനില പിടിച്ചു. മുംബൈ ഗോൾ കീപ്പർ അമരീന്ദറിനെ മനോഹരമായി കബളിപ്പിച്ചാണ് കോറോമിനാസ് ഗോൾ നേടിയത്.

തുടർന്നാണ് മത്സരത്തിന്റെ വിധി നിർണയിച്ച ബൽവന്ത് സിംഗിന്റെ ഗോൾ വന്നത്. എവെർട്ടൺ സാന്റോസിന്റെ ഷോട്ട് ഗോൾ കീപ്പറെ മറികടന്നെങ്കിലും അത് ക്ലിയർ ചെയ്യാനുള്ള മന്ദർ റാവുവിന്റെ ശ്രമം ബ്ലോക്ക് ചെയ്തുകൊണ്ടാണ് ബൽവന്ത് ഗോൾ നേടിയത്.

ഇന്നത്തെ രണ്ടാംമത്സരത്തിൽ എ.ടി.കെയെ ഏകപക്ഷീയമായ ഒരു ഗോളിന് മലർത്തിയടിച്ച് ജാംഷെഡ്പൂർ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ട്രിൻഡാഡെ ഗോൺസാൽവസിന്റെ പെനാൽറ്റി ഗോളിൽ ആണ് ജാംഷെഡ്‌പൂർ എ.ടി.കെയെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജാംഷെഡ്‌പൂരിൻ ഒരു ഗോൾ മാത്രമേ മത്സരത്തിൽ നേടാനായുള്ളു.

ടെഡി ഷെറിങ്ഹാമിന്‌ പകരം പരിശീലക സ്ഥാനത്ത് എത്തിയ ആഷ്‌ലി വെസ്റ്റ് വുഡിന് രണ്ടാമത്തെ മത്സരവും തോൽക്കാനായിരുന്നു വിധി. പരിക്കും മോശം ഫോമും തളർത്തിയ എ.ടി.കെക്ക് സെമി സാധ്യതകൾ വിദൂരമാണ്. എ.ടി.കെ ഗോൾ കീപ്പർ ദേബ്‌ജിത്തിന്റെ മികച്ച പ്രകടനമാണ് പലപ്പോഴും ഗോൾ വഴങ്ങുന്നതിൽ നിന്ന് എ.ടി.കെയുടെ രക്ഷക്കെത്തിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ഗതി നിർണയിച്ച ഗോൾ പിറന്നത്. വലത് ഭാഗത്ത് നിന്ന് പന്തുമായി കുതിച്ച ട്രിൻഡാഡെ ഗോൺസാൽവസിനെ ഹിതേഷ് ശർമ്മ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനു ആണ് മത്സരത്തിന്റെ 66ആം മിനുട്ടിൽ റഫറി ജാംഷെഡ്‌പൂരിന് അനുകൂലമായി പെനാൽറ്റി അനുവദിച്ചത്. പെനാൽറ്റി എടുത്ത ട്രിൻഡാഡെ ഗോൺസാൽവസ് എ.ടി.കെ ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ വലയിലാക്കുകയായിരുന്നു.

ഗോൾ തിരിച്ചടിക്കാൻ എ.ടി.കെ ശ്രമം നടത്തിയെങ്കിലും അനസിന്റെ നേതൃത്വത്തിലുള്ള ജാംഷെഡ്‌പൂർ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽക്കാനായിരുന്നു എ.ടി.കെയുടെ വിധി.

ജയത്തോടെ ജാംഷെഡ്‌പൂർ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിനും മുംബൈക്കും മുകളിൽ അഞ്ചാം സ്ഥാനത്തെത്തി. തോൽവിയോടെ എ.ടി.കെ എട്ടാം സ്ഥാനത്താണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us