എന്നാൽ ബൈക്കിനു മുന്നിലും പിന്നിലും യാത്ര ചെയ്യുന്നവർക്കു ഹെൽമറ്റ് നിർബന്ധമാണ്. തല മുഴുവൻ മറയ്ക്കുന്നതും സുരക്ഷിതത്വം കൂടുതലുള്ളതുമായ ഹെൽമറ്റ് ഉപയോഗിക്കാൻ ബൈക്ക് യാത്രികർക്കിടയിൽ ട്രാഫിക് പൊലീസ് ബോധവൽക്കരണവും നടത്തും.ബെംഗളൂരുവിൽ ബൈക്കിലെ പിൻയാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിട്ടു വർഷങ്ങളായെങ്കിലും നിലവാരം കുറഞ്ഞ ഹെൽമറ്റുകളുടെ ഉപയോഗം വ്യാപകമാണ്.
കഴിഞ്ഞ മാസം മൈസൂരു പൊലീസ് ഇത്തരം ഹെൽമറ്റുകൾക്കെതിരെ പരിശോധന വ്യാപകമാക്കിയതിന്റെ ചുവടുപിടിച്ചാണു ബെംഗളൂരു ട്രാഫിക് പൊലീസും ഐഎസ്ഐ ഹെൽമറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചത്. ഐഎസ്ഐ ഹെൽമറ്റുകളുടെ വ്യാജൻ ബെംഗളൂരുവിൽ വ്യാപകമായതിനാൽ പൊലീസിന്റെ നീക്കം നിലവിലെ സ്ഥിതിയിൽ വലിയ മാറ്റമുണ്ടാക്കില്ലെന്നും വാദമുയർന്നു.
വിഷയത്തിൽ പൊലീസിന്റെ ഫെയ്സ്ബുക് പേജിലൂടെ ഒട്ടേറെപ്പേർ ആശങ്കകൾ ഉന്നയിച്ചതോടൊണു മുഖം മുഴുവൻ മറയ്ക്കാത്തതും വിദേശത്തുനിന്നിറക്കുമതി ചെയ്യുന്നതും ഉൾപ്പെടെയുള്ള ഹെൽമറ്റുകളുടെ സുരക്ഷാമാനദണ്ഡം സംബന്ധിച്ച വ്യക്തതയ്ക്കായി അഡീഷനൽ കമ്മിഷണർ (ട്രാഫിക്) ആർ.ഹിതേന്ദ്ര ബിഐഎസിനു കത്തെഴുതിയത്.
ഹെൽമറ്റുകളുടെ ഗുണനിലവാരം ദൃശ്യപരിശോധനയിലൂടെ വിലയിരുത്താൻ കഴിയില്ലെന്നാണു ലഭിച്ച മറുപടി. നിയമം നടപ്പാക്കിയാൽ പിടിച്ചെടുക്കുന്ന ഹെൽമറ്റ് വിദഗ്ധ പരിശോധന നടത്തേണ്ടിവരും. ഇവയ്ക്കു ഗുണനിലവാരം ഇല്ലെന്നു വ്യക്തമായാലേ യാത്രികനിൽനിന്നു പിഴ ഈടാക്കാനാകൂ. ഇതു പ്രായോഗികം അല്ലാത്തതിനാലാണു ഐഎസ്ഐ ഹെൽമറ്റ് പരിശോധന വേണ്ടെന്നുവയ്ക്കാൻ പൊലീസ് തീരുമാനിച്ചത്.
ഹെൽമറ്റിന്റെ ഗുണനിലവാരം എങ്ങനെ നിശ്ചയിക്കുമെന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഇതിന് പുറമെ ഏതൊക്കെ ഹെൽമറ്റ് ഉപയോഗിക്കാം എന്നതു സംബന്ധിച്ച് ആശങ്കകളുമായി നഗരവാസികളും രംഗത്തെത്തി.നിയമം കർശനമാക്കിയാൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഹെൽമറ്റുകളും ഉപയോഗിക്കാനാകില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി.സുരക്ഷിതത്വം കൂടുതലുണ്ടെങ്കിലും ഇവയ്ക്ക് ഐഎസ്ഐ സർട്ടിഫിക്കേഷൻ ഇല്ലാത്തതാണു കാരണം.