ആദ്യ പകുതിയിൽ കാലു ഉച്ചേയുടെ പെനാൽറ്റിയിലൂടെ പുറകിലായ കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോൾ അടിച്ചു മൂന്നു പോയിന്റ് കരസ്ഥമാകുകയായിരുന്നു. പുതിയ സൈനിങ് ദീപേന്ദ്ര നേഗി ഒന്നാമത്തെ ഗോളടിച്ചും, രണ്ടാമത്തെ ഗോളിനായി പെനാൽറ്റി ഒരുക്കിയും തിളങ്ങിയപ്പോൾ. ഹ്യൂമേട്ടൻ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കേരളത്തിന് വിജയം ഉറപ്പാക്കി.
പുതിയ കോച്ചിന്റെ കീഴിൽ ഇനിയും ഒരു സ്ഥിര ഫോർമേഷനിൽ എത്താത്ത പോലെ ആണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളത്തിലിറങ്ങിയത്. നേമാനിയയെ ഇപ്രാവശ്യവും പുറത്തിരുത്തി ജെയിംസ് മൂന്നു ഡിഫെൻഡേഴ്സിനെ മാത്രം കളത്തിലിറക്കി; സപ്പോർട്ടിനായി വിങ് ബാക്കുകളെയും ഇറക്കി വലതു വിങ്ങിൽ പ്രശാന്തും ഇടതു വിങ്ങിൽ ജാക്കിയും. മിലാൻസിങ്ങും കരണും പേക്കുസോണും മിഡിലും ഇറങ്ങിയപ്പോൾ ഹ്യൂമും വിനീതും ഫോർവേഡായി ഇറങ്ങി. പരിക്കുമൂലം ബെർബെറ്റവും കിസീറ്റോയും സുബ്സ്റ്റിട്യൂഷനിൽ ഇല്ലാതിരുന്നപ്പോൾ പുതിയ സൈനിംഗുകൾ ആയ ഗുഡ്ജോണും ദീപേന്ദ്രയും സബ് ലിസ്റ്റിൽ ഇടം പിടിച്ചു. ബ്ലാസ്റ്റേഴ്സ് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഫോർമേഷനിൽ ഈ സീസണിൽ ഇറങ്ങിയത്.മറുവശത്തു മിഡ്ഫീൽഡിൽ എടു മോയ ഇല്ലാതെ ആണ് ഡൽഹി കളിക്കാനിറങ്ങിയത്, പുതിയ താരം നന്ദകുമാറും ഫസ്റ്റ് ഇലവനിൽ ഇല്ലായിരുന്നു.
ബോൾ കയ്യിൽ വച്ച് കളിക്കുന്ന തങ്ങളുടെ സ്ഥിരം കളി ഡൽഹി ഇന്നലെയും തുടർന്നപ്പോൾ കേരളം ലോങ്ങ് ബോളിലൂടെ ഗോളടിക്കാൻ ഉള്ള വഴികളാണ് നോക്കികൊണ്ടിരുന്നത്. 12 ആം മിനുട്ടിൽ മിലാൻസിങിന്റെ ഷോട്ട് ഡൽഹി ഗോളി അർണാബ് തടുത്തിട്ടതു ഹ്യൂമേട്ടൻ ഓടി വന്നു വലക്കകതാക്കിയെങ്കിലും ഓഫ് സൈഡ് ആയതിനാൽ റഫറി ഗോൾ അനുവദിച്ചില്ല. ഗ്രൗണ്ടിൽ തൊട്ടു തൊട്ടില്ല എന്നരീതിയിൽ മിലൻ പായിച്ച ലോങ്ങ് റേഞ്ചർ ഈ സീസണിലെ തന്നെ ഏറ്റവും നല്ല ഷോട്ടുകളിൽ ഒന്നായിരുന്നു. ഡൽഹിക്കു വേണ്ടി സത്യായൻ സിങ്ങും റോമിയോയും ചാൻഖാതയും കേരളത്തിന്റെ ബോക്സിൽ ഓടി കേറി ഡിഫെൻസിനു നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. അങ്ങനെ 36 ആം മിനുട്ടിൽ അനാവശ്യ മായൊരു ഫൗളോടെ പ്രശാന്ത് പെനാൽട്ടിക്ക് വഴി ഒരുക്കിയപ്പോൾ കാലു ഉച്ചേ ഒരു പിഴവും വരുത്താതെ ഡൽഹിയെ ലീഡിൽ എത്തിച്ചു.
സെക്കന്റ് ഹാഫിൽ കരണിനു പകരം ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് ആയ നേഗിയെ ജെയിംസ് ഇറക്കി, ആദ്യ ടച്ച് തന്നെ ഗോളിലേക്ക്. ജാക്കിചാൻഡിന്റെ കോർണറിനു ചാടി കാൽവച്ചു ഡിഫെഡറേയും ഗോൾകീപ്പറെയും കബളിപ്പിച്ചു നേരെ ഡൽഹി പോസ്റ്റിലേക്ക് ഒരു ഷോട്ട്. പിന്നീട് തിരിച്ചു വരവിന്റെ സൂചനകൾ കാണിച്ച കേരളം, മോശം ഫോം തുടർന്ന പ്രശാന്തിന് പകരം പുതിയ കളിക്കാരൻ ഗുഡ്ജോണിനെ കളത്തിലിറക്കി. 72 ആം മിനുറ്റിൽ ആണ് കേരളത്തിന്റെ രണ്ടാമത്തെ ഗോൾ പിറക്കുന്നത്, ഹ്യൂമേട്ടനിൽ നിന്നും കിട്ടിയ ബാളും ആയി ബോക്സിലേക്ക് കയറിയ നേഗിയെ ഫൗൾ ചെയ്തതിനു റഫറി പെനാൽറ്റിഅനുവദിച്ചു. പെനാൽറ്റി എടുത്ത ഹ്യൂമേട്ടൻ ഗോളിയെ വിദഗ്ദമായി കബളിപ്പിച്ചു ലക്ഷ്യം നേടുകയായിരുന്നു.
ടേബിളിൽ ഏറ്റവും താഴെ ആണ് സ്ഥാനം എങ്കിലും നല്ല ഫുട്ബോൾ കളിക്കുന്ന ടീം തന്നെ ആണ് ഡൽഹി. ഡൽഹി സ്ഥിരം കാണിക്കുന്ന ആക്രമണത്തെ ഒരു വിധം പിടിച്ചു നിർത്താൻ ബ്ലാസ്റ്റേഴ്സിന് ഫസ്റ്റ് ഹാഫിൽ കഴിഞ്ഞതിലും, സെക്കന്റ് ഹാഫിൽ ഫസ്റ്റ് ഹാഫിനേക്കാളും സാമാന്യം ഭേദപ്പെട്ട പ്രകടനം നടത്തിയതിലും ജെയിംസിനും കൂട്ടർക്കും ആശ്വസിക്കാം. പുതുതായി കളത്തിലിറങ്ങിയ രണ്ടു പേരും നല്ല പ്രകടനം പുറത്തെടുത്തു, പുതിയ താരങ്ങളെ വരവേൽക്കാൻ കേരള ചരിത്രത്തിലെ ഏറ്റവും കുറവ് കാണികൾ കൊച്ചിയിൽ എത്തിയപ്പോൾ വന്നവർക്ക് രണ്ടു ഗോളും മൂന്ന് പോയിന്റും നൽകി ഒറിജിനൽ വൈക്കിംഗ് ക്ലാപ്പും കൊടുത്താണ് ബ്ലാസ്റ്റേഴ്സ് തിരിച്ചയച്ചത്. പുണെ ക്കെതിരെ വെള്ളിയാഴ്ചയാണ് കേരളത്തിന്റെ അടുത്തമത്സരം, ഇനി ഒരു ഹോം ഗെയിം കൂടി അവശേഷിക്കെ കേരളത്തിന് നേരിയ സെമി സാധ്യത ഇപ്പോളും നിലനിൽക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.