ബെംഗളൂരു : ഓലയുടെയും ഊബറിന്റെയും രംഗപ്രവേശത്തോടെ തിരിച്ചടി നേരിട്ട ഓട്ടോറിക്ഷ–ടാക്സി തൊഴിലാളികൾ ചേർന്നു വെബ്ടാക്സി കമ്പനി രൂപീകരിക്കുന്നു. ഓട്ടോ–ടാക്സി യൂണിയനുകളുടെ നേതൃത്വത്തിലാണ് ‘ബിടാഗ്’ എന്ന പേരിൽ മൊബൈൽ ആപ്പ് ഇറക്കുന്നത്.ഒൻപതിനായിരത്തോളം ഡ്രൈവർമാർ റജിസ്റ്റർ ചെയ്തതായി ആപ്പ് വികസിപ്പിക്കുന്ന ബി–ട്രാൻസ്പോർട് സൊല്യൂഷൻസ് സ്ഥാപകൻ എൻ.എൽ. ബസവരാജു പറഞ്ഞു. ‘ബിടാഗ്’ രണ്ടുമാസത്തിനകം പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മറ്റു വെബ്ടാക്സികളിലേതുപോലെ തിരക്കനുസരിച്ച് ചാർജ് കൂടുന്ന ‘സർജ് പ്രൈസിങ്ങോ’, ഒളിഞ്ഞിരിക്കുന്ന നിരക്കുകളോ ഉണ്ടാകില്ലെന്നും ബസവരാജു പറഞ്ഞു.
ആദർശ് ഓട്ടോറിക്ഷാ ആൻഡ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ, രാജീവ്ഗാന്ധി ഓട്ടോ ആൻഡ് ടാക്സി യൂണിയൻ ഉൾപ്പെടെ 12 യൂണിയനുകളാണ് ഇതുവരെ ആപ്പിനു പിന്നിൽ അണിനിരന്നത്. സിപിഎം പിന്തുണയുള്ള സിഐടിയു ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയനുമായും ചർച്ച നടന്നുവരുകയാണ്. യൂണിയനുകളിലെ ഡ്രൈവർമാർ കൂടുതൽ പരിചിതരായതിനാൽ യാത്രക്കാർക്കു കൂടുതൽ സുരക്ഷിതത്വം ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.ഓലയും ഊബറും എത്തിയതോടെ സാധാരണ ടാക്സി–ഓട്ടോ ഡ്രൈവർമാരുടെ വരുമാനം കുത്തനെ ഇടിഞ്ഞു. യാത്രക്കാരെ തേടി നഗരം ചുറ്റുന്ന വകയിൽ ഇന്ധനച്ചെലവും ഏറെയാണ്. ആപ്പ് അധിഷ്ഠിതമായി സർവീസ് തുടങ്ങുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. ഡ്രൈവർമാർക്കു സ്ഥിരവരുമാനം ലഭിക്കുമെന്നും യൂണിയൻ അംഗങ്ങൾ പറയുന്നു.
ഓലയ്ക്കു പിന്നാലെ ഓട്ടോറിക്ഷാ സർവീസുമായി ഊബറും രംഗത്തെത്തിയതാണ് സാധാരണ ഓട്ടോക്കാരെയും ടാക്സി ഡ്രൈവർമാരെയും ആപ്പുമായി രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്. ജിപിഎസ് ട്രാക്കിങ്, കാഷ്ലെസ് തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതിനാൽ ബെംഗളൂരുവിലെ ഭൂരിഭാഗം യാത്രക്കാരും മൊബൈൽ ആപ് വഴിയാണ് ഓട്ടോയും കാറും ബുക്ക് ചെയ്യുന്നത്.2015ൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കി പരാജയപ്പെട്ട ഓട്ടോ സർവീസ് പുനരാരംഭിക്കുന്നതായി ഊബർ കഴിഞ്ഞയാഴ്ചയാണ് അറിയിച്ചത്.
ജനതാദൾ(എസ്) സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച നമ്മ ടൈഗർ കമ്പനിയും ഓട്ടോറിക്ഷ സർവീസ് തുടങ്ങാനുള്ള നീക്കത്തിലാണ്. ലൈസൻസ് ഇല്ലാത്തതിനെ തുടർന്നു നമ്മ ടൈഗറിന്റെ സർവീസ് ഗതാഗതവകുപ്പ് നിർത്തലാക്കിയിരുന്നു. ലൈസൻസിന് അപേക്ഷിച്ച കമ്പനി ഓട്ടോറിക്ഷകൾകൂടി ഉൾപ്പെടുത്തി സർവീസ് സമഗ്രമാക്കാനുള്ള നീക്കത്തിലാണ്.ഊബറിനൊപ്പം ഡ്രൈവേഴ്സ് യൂണിയന്റെ വെബ്ടാക്സി കമ്പനിയും പ്രവർത്തനം തുടങ്ങുന്നതോടെ ഈ രംഗത്ത് വൻ മൽസരത്തിനാകും ബെംഗളൂരു സാക്ഷ്യം വഹിക്കുക. ആകർഷകമായ നിരക്കാണ് ഓലയും ഊബറും മുന്നോട്ടുവയ്ക്കുന്നത്.